തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃശൂർ മണ്ഡലത്തിൽ സ്ഥാനാർഥിയുമായി ബന്ധപ്പെട്ട ചർച്ചകൾ ചൂട് പിടിക്കുന്നു. കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപനും ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപിക്കും വേണ്ടി ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ തൃശൂരിൽ സി.പി.ഐ നേതാവ് വി.എസ്. സുനിൽ കുമാറിനായും പ്രചാരണം തുടങ്ങി. സുനിൽകുമാറിന് വോട്ടുതേടി സമൂഹ മാധ്യമങ്ങളിലാണ് പ്രചാരണം തുടങ്ങിയിരിക്കുന്നത്.
‘തൃശൂരിലെ വിദ്യാർഥികൾ’ എന്ന പേരിലാണ് പോസ്റ്റർ പ്രചരണം. നാടിന് വേണ്ടി നന്മക്ക് ഒരു വോട്ട്. അര്‍ഹതക്ക് ഒരു വോട്ട്, സുനിലേട്ടനൊരു വോട്ട്’ എന്നതാണ് പോസ്റ്ററുകളിലെ വാചകം. എന്നാല്‍, ലോക്സഭ തിരഞ്ഞെടുപ്പിനായുള്ള അന്തിമ സ്ഥാനാർഥി തീരുമാനമോ ഔദ്യോഗിക പ്രചാരണമോ ആരംഭിച്ചിട്ടില്ലെന്ന് മന്ത്രി കെ. രാജന് പ്രതികരിച്ചു. എങ്ങനെയാണ് പ്രചാരണം ആരംഭിച്ചതെന്ന് പരിശോധിക്കും. സമൂഹമാധ്യമങ്ങൾ പലതരത്തിൽ ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. പരിശോധിച്ച ശേഷം പ്രതികരിക്കും. സി.പി.ഐയോ, ഇടതുമുന്നണിയോ ഇത്തരം പ്രചാരണങ്ങളിലേക്ക് കടന്നിട്ടില്ല.
അതിനിടയിൽ കഴിഞ്ഞദിവസം എളവള്ളി ചിറ്റാട്ടുകരയിലും ചുമരെഴുത്തിന് പിന്നാലെ തൃശൂരിൽ പുല്ലഴിയിലും കേച്ചേരിക്ക് സമീപം ചൂണ്ടലിലും ടി.എൻ. പ്രതാപന് വേണ്ടി ചുമരെഴുത്ത് വന്നു. പുല്ലഴിയിലെ കോൺഗ്രസ് ഓഫിസിന് മുന്നിലെ മതിലിലാണ് ഏറ്റവും ഒടുവിലായി ചുവരെഴുതിയത്. ഐ ഗ്രൂപ്പ് നേതാവ് കൂടിയായ കെ.പി.സി.സി സെക്രട്ടറിയാണ് ചുമരെഴുത്തിന് പിന്നിലെന്നാണ് പറയുന്നത്. നേരത്തെ സുരേഷ്ഗോപിക്ക് വേണ്ടി ഓട്ടോറിക്ഷകളിൽ പ്രചാരണ സ്റ്റിക്കറുകൾ പതിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.