പെരുമ്പിലാവ്: ഒന്നിച്ചിരുന്ന് കുട്ടിക്കാലം ചിലവഴിച്ചതിന്റെ നിറമേറും ഓർമകൾ പങ്കുവെക്കുകയാണ് ദേശീയ സഹോദരി ദിനത്തിന്റെ പകിട്ടിൽ ഈ സഹോദരിമാർ. ചാലിശേരി അങ്ങാടി പുലിക്കോട്ടിൽ ശാമുവിന്റെ ഭാര്യ തങ്കമ്മ (93), പുലിക്കോട്ടിൽ കൊച്ചുണ്ണിയുടെ ഭാര്യ ബേബി (90), കുന്നംകുളം തെക്കേക്കര ജോർജിന്റെ ഭാര്യ അമ്മിണി (83), അനുജത്തി അവിവാഹിതയായ ലില്ലി (80) എന്നീ നാല് സഹോദരിമാരാണ് മൂന്ന് തലമുറകൾക്കും ഗ്രാമത്തിനും സ്നേഹം പകരുന്നത്.
ആനക്കര തോലത്ത് വീട്ടിൽ വറീകുട്ടി-എളച്ചി ദമ്പതിമാരുടെ മക്കളാണ് ഇവർ. കുമരനെല്ലൂരിൽ പച്ചമരുന്ന് വ്യാപാരിയായിരുന്നു വറീകുട്ടി. കുമരനെല്ലൂർ, ആനക്കര ഗവ. ഹൈസ്കൂളിലാണ് ഇവരുടെ പഠനം. പിതാവിന്റെ മരണശേഷം താമസം കോട്ടപ്പടിയിലേക്കായി.
വർഷങ്ങൾ കഴിഞ്ഞതോടെ 1948ൽ തങ്കമ്മയും ആറു വർഷത്തിനുശേഷം സഹോദരി ബേബിയും വിവാഹം കഴിച്ച് ചാലിശേരിയിലെത്തിയതോടെ പിന്നീട് നാടിന്റെ മരുമക്കളുമായി. എന്നാൽ, രണ്ട് വർഷം മുമ്പ് ഇളയ സഹോദരിമാരായ അമ്മിണി, ലില്ലി എന്നിവരും ചാലിശേരിയിലെത്തിയതോടെ ഇരട്ടി മധുരമായി. വർഷത്തിലൊരിക്കൽ എല്ലാവരും ചേർന്ന് അനുജത്തി ലില്ലിയുടെ വീട്ടിൽ ഒത്തുകൂടുക പതിവാണ്.
ബാല്യത്തിലെ സ്നേഹവും ഐക്യവും ഇപ്പോഴും നാല് പേരും പിന്തുടരുന്നത് പുതുതലമുറക്ക് മാതൃകയാണ്. ഒന്നിച്ച് കൂടുമ്പോൾ അവരുടെ ചിരിയും സംസാരവുമെല്ലാം മക്കൾക്കും പേരക്കുട്ടികൾക്കും ആഹ്ലാദം പകരുന്നു.
പ്രായത്തിന്റെ വിഷമതകളിലും ജീവിതത്തിലെ പ്രതിസന്ധികളിൽ നിലകൊള്ളുവാനുള്ള ആത്മവിശ്വാസം മനസ്സിൽ ഇവർ നിറച്ചിട്ടുണ്ട്. മൂന്ന് തലമുറകളെ കണ്ട അമ്മമാർക്ക് താങ്ങും തണലുമായി മക്കളും മരുമക്കളും പേരക്കുട്ടികളുമായി 63 പേരാണുള്ളത്. മനസ്സിൽ നിസ്വാർത്ഥ സ്നേഹം പകർന്ന് പ്രകാശിക്കുകയാണ് മാതൃകയായ ഈ സഹോദരിമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.