കാഞ്ഞാണി: കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ചതോടെ ഒറ്റപ്പെട്ട മണലൂർ ചുള്ളിപറമ്പിൽ 10 വയസ്സുകാരൻ അലൻ സുഭാഷിെൻറ ഭാവി ജീവിതത്തിന് ആവശ്യമായ എല്ലാ കരുതലുകളും സംസ്ഥാന സർക്കാർ സ്വീകരിച്ചതായി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. മണലൂരിൽ അയ്യപ്പൻകാവ് ക്ഷേത്രത്തിനടുത്തുള്ള വീട്ടിലെത്തി അലനെ ആശ്വസിപ്പിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ശനിയാഴ്ച രാവിലെയാണ് മുരളി പെരുനെല്ലി എം.എൽ.എയോടൊപ്പം മന്ത്രി എത്തിയത്. സി.പി.എം മണലൂർ ഏരിയ സെക്രട്ടറി സി.കെ. വിജയൻ, ലോക്കൽ സെക്രട്ടറി പി.കെ. അരവിന്ദൻ, ജില്ല പഞ്ചായത്തംഗം വി.എൻ. സുർജിത്ത് തുടങ്ങിയവർ എത്തിയിരുന്നു. അലെൻറ അച്ഛൻ ചുള്ളിപറമ്പിൽ സുഭാഷും അമ്മ ജിജിയും കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. അലെൻറ സഹോദരൻ ഏതാനും വർഷം മുമ്പ് മരിച്ചിരുന്നു. മാതാപിതാക്കൾ മരിച്ചതോടെ അലൻ തനിച്ചായി. സി.പി.എം മണലൂർ കിഴക്ക് ബ്രാഞ്ച് അംഗവും കെ.എസ്.കെ.ടി.യു മണലൂർ മേഖല കമ്മിറ്റി അംഗവും താൽക്കാലിക സഹകരണ യൂനിയൻ ഏരിയ പ്രസിഡൻറ് എന്ന നിലയിലും വായനശാല പ്രവർത്തകൻ, പുരോഗമന സാഹിത്യ സംഘം, ബാലസംഘം, ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങി സാമൂഹിക സാംസ്കാരിക മേഖലകളിൽ പ്രവർത്തകനായിരുന്നു സുഭാഷ്. പഞ്ചായത്തിെൻറ സഹായത്തോടെ നിർമിച്ച വീട്ടിലാണ് അലൻ കഴിയുന്നത്. രണ്ടു വർഷം മുമ്പാണ് മണലൂർ സഹകരണ ബാങ്കിെൻറ ശാഖയിൽ സുഭാഷിന് ജോലി ലഭിച്ചത്. സുഭാഷിെൻറ സഹോദരനും അടുത്ത കാലത്താണ് മരിച്ചത്.
മണലൂർ സെൻറ് ഇഗ്നേഷ്യസ് യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ് അലൻ. അലനും കോവിഡ് ബാധിച്ചെങ്കിലും നെഗറ്റിവായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.