തൃശൂര്‍: ‘സഞ്ചരിക്കുന്ന ചിത്രശാല’ എന്ന പേരില്‍ സംസ്ഥാനമൊട്ടാകെ ചിത്രപ്രദര്‍ശനം നടത്തിയിരുന്ന ബസ് വീണ്ടും സജീവമാക്കാന്‍ കേരള ലളിതകല അക്കാദമി. ഇനി മുതല്‍ ബസിനെ കുട്ടികളുടെ സ്ഥിരം ചിത്രപ്രദര്‍ശന വേദിയാക്കി മാറ്റാനാണ് പദ്ധതി. ആര്‍ട്ട് ഗാലറികളില്ലാത്ത പ്രദേശങ്ങളില്‍ ചിത്രപ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കാനും ചിത്രകല കൂടുതല്‍ ജനകീയമാക്കാനും ലക്ഷ്യമിട്ട് 2016ലാണ് 35 ലക്ഷത്തിലധികം രൂപ ചെലവിട്ട് ‘സഞ്ചരിക്കുന്ന ചിത്രശാല’ എന്ന പേരില്‍ ബസ് പുറത്തിറക്കിയത്. എന്നാൽ, ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം പ്രവര്‍ത്തനം നിലച്ചു.
നികുതി കുടിശ്ശിക വന്നതാണ് പ്രധാന കാരണം. ബസിന്റെ വലുപ്പക്കൂടുതല്‍ മൂലം സുഗമമായി സഞ്ചരിക്കാന്‍ സാധിക്കാത്തതും പ്രതിസന്ധി സൃഷ്ടിച്ചതായി അക്കാദമി അധികൃതര്‍ പറയുന്നു. തുടര്‍ന്നാണ് സ്ഥിരം വേദിയാക്കാന്‍ നീക്കം നടത്തുന്നത്. നികുതി കുടിശ്ശിക അടക്കുന്നത് സംബന്ധിച്ച് ഗതാഗതവകുപ്പുമായി ലളിതകല അക്കാദമി ചര്‍ച്ച നടത്തുന്നുണ്ട്. നിലവില്‍ എറണാകുളം ദര്‍ബാര്‍ ഹാള്‍ മൈതാനിയിലാണ് ബസ്. ലളിതകല അക്കാദമിയുടെ പദ്ധതിയായ ‘ദിശ’യിലെ കുട്ടികള്‍ വരക്കുന്ന ചിത്രങ്ങളാണ് ബസില്‍ പ്രദര്‍ശിപ്പിക്കുക.
മുപ്പതോളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യം ഒരുക്കും. ഓരോ ആഴ്ചയിലും ചിത്രങ്ങള്‍ മാറ്റി പുതിയത് വെക്കും. ദര്‍ബാര്‍ ഹാള്‍ മൈതാനത്തും സമീപത്തെ ഏതാനും പ്രദേശങ്ങളിലുമാകും ബസ് ചിത്രപ്രദര്ശനവേദിയായി സജ്ജമാക്കുക. കുട്ടികളുമായുള്ള ചര്‍ച്ചകള്‍, സൗഹൃദ സംഭാഷണങ്ങള്‍ തുടങ്ങിയവയും സംഘടിപ്പിക്കും. സ്ഥിരം ചിത്രപ്രദര്‍ശന വേദിയാക്കി മാറ്റുന്ന പദ്ധതി വൈകാതെ നടപ്പാക്കുമെന്ന് ലളിതകല അക്കാദമി സെക്രട്ടറി എന്‍. ബാലമുരളികൃഷ്ണന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.