മണ്ണുത്തി: ജോയിന്റ് കൗൺസിൽ നടത്തിയ നിയമ പോരാട്ടത്തിലൂടെ പങ്കാളിത്ത പെൻഷൻ പുനഃപരിശോധന റിപ്പോർട്ട് പുറത്തുവന്നപ്പോൾ പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷനിലേക്ക് തിരിച്ചുപോകാൻ സർക്കാറിന് നിയമ തടസ്സമില്ലെന്ന് വ്യക്തമായതായി സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വി.എസ്. സുനിൽകുമാർ പറഞ്ഞു. ജോയിന്റ് കൗൺസിൽ നടത്തുന്ന സിവിൽ സർവിസ് സംരക്ഷണ യാത്രയുടെ ജില്ലയിലെ ആദ്യ ദിവസത്തെ പര്യടനം മണ്ണുത്തിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.ഐ ഒല്ലൂർ മണ്ഡലം സെക്രട്ടറി പി.ഡി. റെജി അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.ഇ. എൽദോ, സ്വാഗതസംഘം കൺവീനർ പി. ധനുഷ്, എം.കെ. ഷാജി എന്നിവർ സംസാരിച്ചു. ജാഥ ക്യാപ്റ്റൻ ജയശ്ചന്ദ്രന്‍ കല്ലിംഗൽ നന്ദി പറഞ്ഞു. നവംബർ ഒന്നിന് കാസർകോട് ആരംഭിക്കുന്ന കാൽനട ജാഥ ഡിസംബർ ഏഴിന് തിരുവനന്തപുരത്ത് സമാപിക്കും.
സംസ്ഥാന ചെയര്മാന് കെ. ഷാനവാസ്ഖാന്, ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ എന്നിവര്‍ ക്യാപ്റ്റന്മാരും കെ. മുകുന്ദൻ, എം.എസ്. സുഗൈതകുമാരി എന്നിവർ വൈസ് ക്യാപ്റ്റൻമാരും കെ.പി. ഗോപകുമാർ മാനേജരുമായ യാത്രയുടെ ആദ്യ ദിവസ പര്യടന സമാപനം തൃശൂർ നടുവിലാലില്‍ സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു. വ്യാഴാഴ്ച രാവിലെ 10ന് വെള്ളാങ്ങല്ലൂർ സോഷ്യൽ ക്ലബ് വായനശാല പരിസരത്ത് രണ്ടാം ദിവസ പ്രയാണം ആരംഭിക്കും. വി.ആര്. സുനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന് ചത്വരത്തില്‍ നടക്കുന്ന ജില്ലതല സമാപനം എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി. ശിവാനന്ദന് ഉദ്ഘാടനം ചെയ്യും. എഴുത്തുകാരന് ഡോ. വത്സലന്‍ വാതുശ്ശേരി മുഖ്യപ്രഭാഷണം നടത്തും. ‘നന്മ’ സംസ്കാരിക വേദിയിലെ കലാകാരന്മാർ ‘വെയിൽ കൊള്ളുന്നവർ’ എന്ന നാടകം വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ അവതരിപ്പിച്ചു. ജില്ലയിലെ വിവിധയിടങ്ങളിൽ ജാഥാംഗങ്ങൾ വൃക്ഷതൈ നട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.