തൃശൂർ: ഗ്രൂപ്പിലെ തർക്കം തീർക്കാൻ ഉമ്മൻ ചാണ്ടി നേരിട്ടെത്തിയിട്ടും കോൺഗ്രസിലെ തർക്കം പരിഹരിക്കാനായില്ല. ഗാന്ധിനഗർ, കിഴക്കുംപാട്ടുകര ഡിവിഷനുകളെ സംബന്ധിച്ച തർക്കത്തിലാണ് പ്രധാനമായും ഉമ്മൻ ചാണ്ടി അഭിപ്രായം പറഞ്ഞത്. ഗാന്ധി നഗറിൽ ജോൺ ഡാനിയേലും കിഴക്കുംപാട്ടുകരയിൽ രാജൻ പല്ലനും മത്സരിക്കാൻ ധാരണയായെങ്കിലും ഗ്രൂപ്പിൽ നിന്നുള്ള മറ്റ് സ്ഥാനാർഥി ആഗ്രഹികളുടെ കാര്യത്തിൽ തീരുമാനം ലഭിക്കാതിരുന്നതിനാലാണ് ഗ്രൂപ്പിലെ അടിയൊതുങ്ങാതിരുന്നത്. അനിൽ അക്കര എം.എൽ.എ, പി.എ. മാധവൻ, ഒ. അബ്ദുറഹിമാൻകുട്ടി, രാജേന്ദ്രൻ അരങ്ങത്ത്, ജോസഫ് ടാജറ്റ്, ജോൺ ഡാനിയേൽ, ടി.ജെ. സനീഷ്കുമാർ എന്നിവരുമായാണ് ഉമ്മൻ ചാണ്ടി കൂടിക്കാഴ്ച നടത്തിയത്. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ വിട്ടുവീഴ്ച വേണ്ടി വരുമെങ്കിലും നിലവിലെ സ്റ്റാറ്റസ്കോ നിലനിർത്തണം. സീറ്റുകൾ വെച്ചുമാറുന്നതിൽ കുഴപ്പമില്ല, അടിയന്തര സാഹചര്യത്തിൽ അത് വേണ്ടി വരും. പക്ഷേ, തത്തുല്യമായി സീറ്റ് ലഭിക്കില്ലെങ്കിൽ വെച്ചുമാറ്റം വേണ്ടെന്നും ഗ്രൂപ് നേതാക്കൾക്ക് ഉമ്മൻ ചാണ്ടി നിർദേശം നൽകി.
നാല് ഗ്രൂപ് നേതാക്കൾക്ക് വേണ്ടിയാണ് പ്രധാനമായും ഉമ്മൻ ചാണ്ടി സീറ്റ് നിർദേശം വെച്ചതായി സൂചനയുള്ളത്. എന്നാൽ സീറ്റ് ആഗ്രഹിച്ച നിരവധിയാളുകൾ ഇപ്പോഴും പട്ടികക്ക് പുറത്താണ്. കടുത്ത അസംതൃപ്തിയിലാണ് പ്രവർത്തകർ. ഇതിനിടെ മൂന്ന് തവണ മത്സരിച്ചവരെ വിലക്കണമെന്ന ആവശ്യം ഉമ്മൻ ചാണ്ടിക്ക് മുന്നിൽ നേതാക്കൾ അവതരിപ്പിച്ചെങ്കിലും അദ്ദേഹം മറുപടി നൽകിയില്ല. ആദ്യ പട്ടിക പ്രഖ്യാപിച്ചെങ്കിലും സ്ഥാനാർഥികളെ സംബന്ധിച്ച് പൂർണമാവാത്തതിനാൽ രണ്ടാംപട്ടിക അനിശ്ചിതത്വത്തിലാണ്. ഇടതുമുന്നണിയിലാവട്ടെ ഘടകകക്ഷികളുടെ സ്ഥാനാർഥികളിൽ ഇപ്പോഴും അന്തിമ തീരുമാനമായിട്ടില്ല. വിവിധ സ്ഥാനാർഥികളെ മുന്നണികൾ അവതരിപ്പിച്ചെങ്കിലും പാകമല്ലാത്തവരെന്ന വിലയിരുത്തലിൽ മാറ്റേണ്ടി വന്നു. ഘടകകക്ഷികളുടെ സ്ഥാനാർഥികളിൽ വ്യക്തത വരാത്തതിനാൽ സ്വന്തം സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ സ്വന്തമായി പ്രചാരണം തുടങ്ങിക്കൊള്ളാൻ നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. പലയിടത്തും ഇതനുസരിച്ച് സ്ഥാനാർഥികൾ സ്വയം പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ശനിയാഴ്ചയോടെ വ്യക്തത വരുമെന്നാണ് നേതാക്കൾ പറയുന്നത്.
ബി.ജെ.പി- ബി.ഡി.ജെ.എസ് ചർച്ചകൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. മൂന്ന് സീറ്റുകളിൽ മാത്രമാണ് തർക്കമുള്ളൂവെന്നാണ് നേതാക്കൾ പറയുന്നതെങ്കിലും തങ്ങൾക്ക് വിജയ സാധ്യതയുള്ള സീറ്റുകളെല്ലാം ബി.ജെ.പി കൈയടക്കിയെന്ന ഗുരുതര ആരോപണത്തിലാണ് ബി.ഡി.ജെ.എസ്. ബി.ജെ.പി ആദ്യ പട്ടിക പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയിട്ടും ജില്ലയിൽ ബി.ഡി.ജെ.എസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയോ പ്രചാരണത്തിനിറങ്ങുകയോ ചെയ്തിട്ടില്ല. ഇതിനിടയിൽ സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന് സീറ്റ് അനുവദിക്കുന്നത് സംബന്ധിച്ച് ബി.ജെ.പിയിൽ കലഹം ആരംഭിച്ചു. കുട്ടൻകുളങ്ങര ഡിവിഷനിലെ സിറ്റിങ് കൗൺസിലറോ പാർട്ടി പ്രവർത്തകരോ അറിയാതെയായിരുന്നു ഗോപാലകൃഷ്ണന് സീറ്റ് അനുവദിച്ചത്. ഇതിൽ പ്രവർത്തകർ കടുത്ത പ്രതിഷേധത്തിലാണ്. രാത്രിയിലും നേതാക്കൾ ഇടപെട്ട് പ്രശ്ന പരിഹാരത്തിന് ശ്രമം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.