ആമ്പല്ലൂർ: തൃശൂർ - അങ്കമാലി - ഇടപ്പിള്ളി ദേശീയപാത നിർമാണത്തിലെ കരാർ വ്യവസ്ഥകൾ സമയബന്ധിതമായി പാലിക്കാത്തതിനാൽ ടോൾ കരാർ കമ്പനിക്ക് ഇതുവരെ ചുമത്തിയത് 682. 71 കോടി. എന്നിട്ടും കമ്പനിയെ കരാറിൽ നിന്നും ഒഴിവാക്കാത്തത് വിചിത്രവും ദുരൂഹവുമാണെന്ന് ജില്ല പഞ്ചായത്ത് അംഗവും ഡി.സി.സി വൈസ് പ്രസിഡന്റുമായ അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.
നാഷനൽ ഹൈവേ അതോറിറ്റിയാണ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയതു മുതൽ ഇതുവരെയായി കരാർകമ്പനിക്ക് ഇത്രയും തുക പിഴ ചുമത്തിയതെന്ന് തനിക്ക് ലഭിച്ച വിവരാവകാശമറുപടിയിൽ പറയുന്നു.
കരാറിലെ വ്യവസ്ഥകൾ പ്രകാരമുള്ള നിർമാണ പ്രവൃത്തികൾ, അറ്റകുറ്റപ്പണികൾ എന്നിവ നിർദേശിച്ച സമയത്തിൽ ചെയ്ത് തീർക്കാത്തതിനാലാണ് പിഴ ചുമത്തിയത്. പിഴ നിശ്ചയിച്ച സമയത്തിനുള്ളിൽ അടച്ചില്ലെsങ്കിൽ കരാർ കമ്പനിയെ കരാറിൽ നിന്ന് ഒഴിവാക്കാൻ വ്യവസ്ഥയുണ്ട്.
ചാലക്കുടി അടിപ്പാത, പുതുക്കാട് മേൽപാലം, സർവിസ് റോഡുകൾ, അനുബന്ധ സൗകര്യങ്ങൾ ഒരുക്കൽ, സുരക്ഷാസംബന്ധമായ കാര്യങ്ങൾ തുടങ്ങിയ പ്രവൃത്തികൾ ഇനിയും ചെയ്ത് തീർത്തിട്ടില്ല എന്നും യഥാസമയത്തുള്ള അറ്റകുറ്റപ്പണികളിൽ വീഴ്ചയുണ്ടായെന്നും വിവരാവകാശത്തിൽ ദേശീയ പാത അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരത്തിൽ വ്യവസ്ഥകൾ ലംഘിക്കുകയാണെങ്കിൽ പിഴ ഈടാക്കാമെന്നും നിർദേശം നൽകി 180 ദിവസത്തിനുള്ളിൽ പണി പൂർത്തീകരിച്ചില്ലെങ്കിൽ കരാറിൽനിന്ന് കമ്പനിയെ ഒഴിവാക്കുകയോ സസ്പെന്റ് ചെയ്യുകയോ ആവാമെന്ന് വ്യവസ്ഥയുണ്ടെങ്കിലും കരാർ കമ്പനിക്കെതിരെ ദേശീയപാത അതോറിറ്റി നടപടി സ്വീകരിക്കാത്തത് വിചിത്രവും ദുരൂഹവുമാണ്.
ടോൾ പിരിവ് ആരംഭിച്ച 2012 ഫെബ്രുവരി ഒമ്പത് മുതൽ ഇക്കഴിഞ്ഞ ഡിസംബർ 31 വരെ 1135.29 കോടി കരാർ കമ്പനി പിരിച്ചെടുത്തുവെന്നും പ്രതിദിനം ശരാശരി 32,000 വാഹനങ്ങൾ ടോൾ പ്ലാസയിലൂടെ പോകുന്നുവെന്നും 3.94 കോടി ദിനേന ലഭിക്കുന്നുവെന്നും വിവരാവകാശത്തിൽ വ്യക്തമാക്കുന്നു.
തുടർച്ചയായി ലംഘനങ്ങൾ നടത്തുന്ന ടോൾ കരാർ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി കരാറിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൻ.എച്ച്.ഐക്ക് കത്ത് നൽകിയതായി അഡ്വ. ജോസഫ് ടാജറ്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.