പാവറട്ടി: പാവറട്ടി സെന്റർ വികസനത്തിന്റെ ഭാഗമായുള്ള കാന നിർമാണം, കൈയേറ്റം ഒഴിപ്പിക്കൽ എന്നിവയിലെ വ്യാപക പരാതിയെത്തുടർന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു. റോഡ്സ് വിഭാഗം എക്സി. എൻജിനീയർ എസ്. ഹരീഷ്, ചാവക്കാട് അസി. എക്സിക്യുട്ടീവ് എൻജിനീയർ കെ.വി. മാലിനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരാതിക്കാരുമായും വ്യാപാരികളുമായും ഉദ്യോഗസ്ഥർ ചർച്ച നടത്തി.
ജില്ല സർവേ സൂപ്രണ്ടിന്റെ റിപ്പോർട്ട് പ്രകാരമാണ് പാവറട്ടിയിലെ കൈയേറ്റങ്ങൾ നീക്കി സെന്റർ വികസനം ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.പരാതികൾ ഉയർന്നതിനാൽ സർവേ വിഭാഗത്തിന് കത്ത് നൽകിയിട്ടുണ്ട്.
നിർമാണങ്ങൾ പൂർത്തിയാകാത്തതിനാലാണ് മഴ പെയ്തപ്പോൾ സെന്ററിൽ വെള്ളക്കെട്ട് ഉണ്ടായതെന്നും ഒഴുക്കിന് തടസ്സമുള്ള ചിലയിടങ്ങളിൽ സ്ലാബിന് പകരം ഇരുമ്പ് ഗ്രിൽ സ്ഥാപിക്കുമെന്നും അവർ പറഞ്ഞു. സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലും പാലുവായ് റോഡ് ജങ്ഷനിലും പ്രധാന റോഡ് ക്രോസ് ചെയ്ത് കലുങ്കുകൾ നിർമിക്കും. റോഡ് ഉയർത്തി ടാറിടുന്നതോടെ കാനകളുടെ ഉയരം സംബന്ധിച്ച പ്രശ്നത്തിന് പരിഹാരമാകും. സെന്റ് തോമസ് ആശ്രമം അധികൃതർ കേസ് കൊടുത്തതിനാലാണ് ആശ്രമവും സ്കൂളുമുള്ള ഭാഗത്ത് നിർമാണം വൈകുന്നത്. ഫെബ്രുവരിയിലാണ് കേസ് ഇനി പരിഗണിക്കുന്നത്. സ്റ്റേ ഇല്ലാത്തതിനാൽ നിയമോപദേശം തേടി നിർമാണ സാധ്യത പരിശോധിക്കും.ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗം ഏഴ് ദിവസത്തിനകം തുറക്കും.
റോഡിലെ സണ്ണി വളവിലെ കലുങ്കിന്റെ അറ്റകുറ്റപ്പണിയും കുണ്ടുവക്കടവ് റോഡും പഞ്ചാരമുക്ക് റോഡും പൂർണമായി ടാറിടും. മുരളി പെരുനെല്ലി എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് സർക്കാർ അനുവദിച്ച 2.72 കോടി രൂപ ചെലവഴിച്ചാണ് പ്രവർത്തനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.