പാവറട്ടി: റെഗുലേറ്ററിന് മുൻവശത്തെ താൽക്കാലിക ബണ്ട് ഭാഗികമായി പൊളിച്ചു. ശക്തമായ മഴയെ തുടർന്ന് ബണ്ടിലെത്തിയ അധികജലം കടലിലേക്ക് ഒഴുക്കിവിടുന്നതിന്റെ ഭാഗമായാണ് നടപടി. തൃശൂർ മേഖലയിൽ വെള്ളക്കെട്ട് തടയാൻ ആവശ്യമായ സ്ഥലത്ത് ഏറ്റവും കുറഞ്ഞ നീളത്തിൽ താൽക്കാലിക ബണ്ട് നീക്കം ചെയ്യാൻ കലക്ടർ ചെയർമാനായ ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ കഴിഞ്ഞ ദിവസം ചേർന്ന യോഗം ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർക്ക് നിർദേശം നൽകിയിരുന്നു. തൃശൂർ മേഖലയിൽനിന്ന് കടലിലേക്ക് വെള്ളം ഒഴുകിപ്പോകുന്ന ഏനാമാക്കൽ റെഗുലേറ്ററിന് മുന്നിലുള്ള താൽക്കാലിക ബണ്ടിന്റെ അപ്സ്ട്രീമിലെ ജലനിരപ്പ് 100 സെന്റീമീറ്ററായി ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം.
വെള്ളം കടലിലേക്ക് ഒഴുകിപ്പോകുന്നതിന് താൽക്കാലിക ബണ്ട് തടസ്സം സൃഷ്ടിക്കുമ്പോൾ തൃശൂർ മേഖലയിൽ വെള്ളക്കെട്ട് രൂപപ്പെടും എന്നതിനാലാണ് നടപടി. വെള്ളക്കെട്ടിനുള്ള സാധ്യത ഒഴിവാക്കി ജനങ്ങളുടെ ജീവനും സ്വത്തിനും പൊതുമുതലിനും സംരക്ഷണം നൽകാനും ദുരന്തസാധ്യത ഒഴിവാക്കാനുമാണ് ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിച്ചത്. ഞായറാഴ്ച സ്ഥലം സന്ദർശിച്ച കലക്ടർ വളയം കെട്ടും പരിസര പ്രദേശങ്ങളും നടന്നുകണ്ട് കാര്യങ്ങൾ വിലയിരുത്തി. നിലവിൽ മഴ ശക്തമല്ലാത്തതിനാൽ കൂടുതൽ അടിയന്തര നടപടികളിലേക്ക് പോകേണ്ടതില്ലെങ്കിലും വളയം കെട്ടിന്റെ മധ്യഭാഗം മുതൽ തെക്കോട്ടുള്ള മുഴുവൻ ഭാഗവും മൂന്ന് ദിവസത്തിനുള്ളിൽ പൊളിച്ചുനീക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
മൂന്ന് ഷട്ടറുകളാണ് തുറന്നിട്ടുള്ളത്. നിലവിൽ മഴ ശക്തമല്ലാത്തതിനാൽ കൂടുതൽ ഷട്ടറുകൾ തുറക്കില്ല. വളയം കെട്ട് സന്ദർശനത്തിനിടയിൽ തന്നെ വന്നുകണ്ട പാടശേഖരത്തിന്റെ പ്രതിനിധികളെ കലക്ടർ വി.ആർ. കൃഷ്ണതേജ ശ്രദ്ധാപൂർവം കേട്ടു. പാടശേഖരങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് മാത്രമേ നടപടികളുണ്ടാവുകയുള്ളൂ എന്ന് അദ്ദേഹം കർഷകർക്ക് ഉറപ്പു
നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.