തൃശൂര്‍: കോർപറേഷൻ മാസ്റ്റര്‍ പ്ലാന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ നേതാവ് അഡ്വ. റോബ്സണ് പോള്‍ ഹൈകോടതിയെ സമീപിച്ചു. കേസ് അടുത്തയാഴ്ച പരിഗണിക്കും. കോര്പറേഷന് പാസാക്കിയെന്ന് പറയുന്ന മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാതിരിക്കാന്‍ ഉടന്‍ സ്റ്റേ അനുവദിക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ജനങ്ങളുമായി ചര്‍ച്ച ചെയ്യാതെയും നടപടി ക്രമങ്ങള്‍ പാലിക്കാതെയുമാണ് മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയതെന്ന് അഡ്വ. റോബ്സണ് പോള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. നിലവിൽ കാർഷിക സർവകലാശാല ഗവേണിങ് ബോർഡിലെ സി.പി.ഐ അംഗവും സി.പി.ഐ ബ്രാഞ്ച് കമ്മിറ്റി അംഗവും സി.പി.ഐ തൃശൂർ മണ്ഡലം മുൻ സെക്രട്ടറിയുമാണ് റോബ്സൺ. മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിന് പാലിക്കേണ്ട നടപടിക്രമങ്ങളും ചട്ടങ്ങളും പാലിച്ചിട്ടില്ലെന്ന് കാണിച്ച് തെളിവുകള്‍ സഹിതമാണ് കോടതിയെ സമീപിച്ചത്.
മാസ്റ്റര്‍ പ്ലാനിൽ അപാകത ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന മേയറുടെ നിലപാട് നിയമപരമായി നടപ്പാവുന്നതല്ല. നിലവില്‍ മാസ്റ്റര്‍ പ്ലാന്‍ പാസാക്കിയെന്നു പറയുന്നതിനാല്‍ അത് റദ്ദാക്കി മാത്രമേ പുതിയ മാറ്റങ്ങള്‍ നടപ്പാക്കാന്‍ സാധിക്കൂ. മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും അനുമതി നല്കുന്ന വ്യക്തമായ നടപടിക്രമം ഉണ്ട്. തുടക്കത്തില്‍ കരട് മാസ്റ്റര്‍ പ്ലാന്‍ അംഗീകരിക്കണം. എന്നാല്‍, 2013 ഡിസംബര്‍ 23ലെ കരട് മാസ്റ്റര്‍ പ്ലാന്‍ അയച്ചത് സര്‍ക്കാര്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. കരട് മാസ്റ്റര്‍ പ്ലാന്‍ നിലവിൽ അംഗീകരിച്ചിട്ടുണ്ടെങ്കില്‍ ചട്ടപ്രകാരം സ്പെഷല്‍ കമ്മിറ്റിയെ നിയമിക്കുകയോ, കമ്മിറ്റി ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുകയോ ചെയ്യണം.
ഇങ്ങനെ ചെയ്തിട്ടില്ലെന്നാണ് വിവരാവകാശ രേഖയിലൂടെ മറുപടി ലഭിച്ചിട്ടുള്ളത്. മേയര്‍ പറയുന്ന വിശദീകരണങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. സര്‍ക്കാര്‍ അംഗീകരിച്ച മാസ്റ്റര്‍ പ്ലാന്‍ കൗണ്‍സിലിന് മാറ്റം വരുത്തണമെങ്കില്‍ ആക്ട് അമ്പതാം വകുപ്പു പ്രകാരം മാത്രമേ കഴിയൂ. അതിന് കോര്പറേഷന് മാസ്റ്റര്‍ പ്ലാന്‍ പുനരവലോകനം ചെയ്ത് സര്‍ക്കാറിെൻറ അനുമതിക്കായി അയക്കേണ്ടതുണ്ട്.
അരണാട്ടുകര മേഖലയിലെ തന്നെ 1200ല്‍ അധികം വീടുകളും പള്ളികളും തകര്‍ത്താണ് നിലവിലെ മാസ്റ്റര്‍ പ്ലാനിലെ റോഡുകള്‍ പോകുന്നതെന്ന് അരണാട്ടുകര വികസന സമിതി സെക്രട്ടറി കൂടിയായ അഡ്വ. റോബ്സണ് പോള്‍ പറഞ്ഞു. മാസ്റ്റര്‍ പ്ലാനിെൻറ പേരില്‍ ഒരു നിര്‍മാണത്തിനും അനുമതി കിട്ടാത്ത സാഹചര്യം കൂടി നിലവിലുണ്ടെന്നും എത്രയും വേഗം ഇത് റദ്ദാക്കണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.