പുന്നയൂർക്കുളം: പഞ്ചായത്ത് അധികൃതരുടെ ഉറപ്പ് കേട്ട് വാടക വീട്ടിൽ താമസം മാറ്റിയ കുടുംബത്തിന് ലൈഫ് ഭവനപദ്ധതിയിൽ വീട് നിഷേധിച്ചെന്നാരോപിച്ച് പ്രതിഷേധ സമരം. പുന്നയൂർക്കുളം പഞ്ചായത്തിലെ 14ാം വാർഡ് പൂഴിക്കള കാട്ടാമ്പിൽ ലക്ഷംവീട് കോളനിയിലെ കാട്ടിശേരി മോഹനന്റെ ഭാര്യ രമ്യയാണ് ഏഴ് വയസ്സുകാരിയായ മകളുമൊത്ത് പഞ്ചായത്തിന് മുന്നിൽ പ്രതിഷേധ സമരത്തിനെത്തിയത്.
ലക്ഷം വീട് കോളനിയിൽ ഓലയും പ്ലാസ്റ്റിക് ഷീറ്റുമിട്ട് മേഞ്ഞ കുടിലിലാണ് രമ്യയും ഭർത്താവ് മോഹനനും വിദ്യാർഥികളായ രണ്ട് കുട്ടികളുമുൾപ്പടെയുള്ള കുടുംബം താമസിച്ചിരുന്നത്. 2014 മുതൽ ഭവനപദ്ധതിക്കായി പഞ്ചായത്തിൽ ഇവർ അപേക്ഷിക്കുന്നുണ്ട്. ലൈഫ് ഗുണഭേക്തൃ ലിസ്റ്റിൽ 396ാം നമ്പറായാണ് ഇവർ ഉൾപ്പെട്ടത്. അതിനിടയിൽ കഴിഞ്ഞ വർഷക്കാലത്ത് ഈ കുടിൽ തകർന്നു.
വീട് തകർന്നതറിഞ്ഞ് എത്തിയ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, പഞ്ചായത്ത് അംഗം എന്നിവർ രമ്യയോട് തൽക്കാലം മാറി താമസിക്കാൻ നിർബന്ധിക്കുകയായിരുന്നു. ലൈഫ് ഭവനപദ്ധതിയിൽ മുൻഗണന പട്ടികയിലുൾപ്പെടുത്തി വീട് നൽകാമെന്ന് ഉറപ്പും ഇവർ പറഞ്ഞത്രെ.
എന്നാൽ കുടിൽ തകർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും ഭവന പദ്ധതിയെക്കുറിച്ച് ഒരറിവുമില്ല. അപ്പോൾ പറഞ്ഞതൊന്നും നടപ്പാക്കാൻ പറ്റില്ലെന്നും എല്ലാം മാനദണ്ഡം നോക്കിയേ ചെയ്യാൻ കഴിയുകയുള്ളൂവെന്നുമാണ് പഞ്ചായത്തിന്റെ മറുപടി. എന്നാൽ, മാനദണ്ഡങ്ങൾ പാലിക്കാതെ ജനറൽ വിഭാഗത്തിൽ നാലാം വാർഡ് അംഗത്തിന് വീടിന്റെ അനുകൂല്യം നൽകിയെന്നാണ് രമ്യയുടെ ആരോപണം. പഞ്ചായത്ത് അധികൃതരുടെ വാക്ക് വിശ്വസിച്ച് ആറ് മാസമായി ഭീമമായ വാടക നൽകിയാണ് രമ്യയും കുടുംബവും താമസിക്കുന്നത്. മോഹനന് സ്ഥിരമായി ജോലിയില്ല. രമ്യ കടയിൽ ജോലി ചെയ്താണ് കുടുംബം കഴിയുന്നത്. പഞ്ചായത്ത് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് നീതി കിട്ടുംവരെ സമരപരിപാടികളുമായി മുന്നോട്ടുപോവാനാണ് രമ്യയുടെ തീരുമാനം.
രമ്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബി.ജെ.പി കമ്മിറ്റിയും രംഗത്തെത്തി. പഞ്ചായത്ത് അംഗങ്ങളായ അനിത ധർമൻ, ഇന്ദിര പ്രഭുലൻ, ഗോഗുൽ അശോകൻ എന്നിവരും പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.