തൃശൂർ: സംസ്ഥാനത്തെ പൊതുനിരത്തുകളിലെ പരസ്യ ബോർഡുകൾ, ബാനറുകൾ, ഹോർഡിങ്ങുകൾ, കൊടികൾ എന്നിവ നീക്കം ചെയ്യാനുള്ള ഹൈകോടതി നിർദേശത്തിൽ നടപടി എങ്ങുമെത്തിയില്ല. നടപടികളിൽ തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിക്കാൻ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ തയാറാകാത്തതാണ് മെല്ലെപ്പോക്കിന് ഇടയാക്കിയത്. ഫെബ്രുവരി 19ന് മുമ്പ് നടപടി പൂർത്തിയാക്കണമെന്നാണ് ഇതുമായി ബന്ധപ്പെട്ട കേസിന്റെ വിധി പ്രസ്താവത്തിൽ ഹൈകോടതി ആവശ്യപ്പെട്ടത്. ഒട്ടേറെ വിധിന്യായങ്ങൾക്കും ഉത്തരവുകൾക്കും ശേഷവും നടപടി ഉണ്ടാകാത്തതിനെത്തുടർന്ന് വിഷയത്തിൽ അമിക്കസ് ക്യുറിയെ നിയോഗിച്ച് റിപ്പോർട്ടും തേടിയിരുന്നു. കോവിഡ് വ്യാപനവും നടപടിയുടെ മെല്ലെപ്പോക്കിന് കാരണമായി.
പലപ്പോഴും തദ്ദേശ വകുപ്പിന് മാത്രം ചെയ്യാവുന്ന കാര്യമല്ലെന്ന് കണ്ട് രാഷ്ട്രീയ പ്രതിനിധികൾ, പരസ്യ ഏജൻസികൾ തുടങ്ങിയവരുമായി ചർച്ച നടത്തിയിരുന്നു. എന്നിട്ടും കാര്യമായ പ്രതികരണമില്ലാത്തതാണ് തദ്ദേശ വകുപ്പിനെ കുഴക്കുന്നത്. മാത്രമല്ല, തദ്ദേശ സ്ഥാപനം നേരിട്ട് രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങൾ നീക്കുന്നത് സംഘർഷത്തിന് വഴിവെച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിൽ പൊലീസ് സഹായം തേടാൻ ജില്ല ഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പലപ്പോഴും ലഭിക്കാറില്ലെന്ന് തദ്ദേശ സ്ഥാപന അധികൃതർ വ്യക്തമാക്കുന്നു.
തൃശൂർ: പൊതുസ്ഥലങ്ങളിൽ അനധികൃതമായി ഫ്ലക്സുകളോ കൊടികളോ ഹോർഡിങ്ങുകളോ വെച്ചാൽ പിഴയും നിയമനടപടികളും സ്വീകരിക്കാൻ നിർദേശം. ഹൈകോടതി വിധിയുടെ പശ്ചാത്തലത്തിൽ കേരള റോഡ് സേഫ്റ്റി കമീഷണുടെ ഉത്തരവനുസരിച്ച് കർശന നടപടി സ്വീകരിക്കാനാണ് തദ്ദേശ സ്ഥാപനങ്ങളോട് വകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്.
നിലവിൽ സ്ഥാപിക്കപ്പെട്ട പരസ്യ ബോർഡുകൾ മാറ്റാനുള്ള ഉത്തരവാദിത്തം സ്ഥാപിച്ചവരെ ഏൽപിക്കണം. സെക്രട്ടറിയുടെ മുൻകൂർ അനുവാദത്തോടെയല്ലാതെ ഇത്തരത്തിൽ പരസ്യ ബോർഡുകൾ അനുവദിക്കാൻ പാടില്ല. അധികൃതരുടെ അനുവാദത്തോടെ സ്ഥാപിക്കപ്പെടുന്ന പരസ്യ ബോർഡ്, ഹോർഡിങ്, കൊടി, ബാനർ എന്നിവയുടെ കീഴ്ഭാഗത്ത് അത് തയാറാക്കിയ പരസ്യ ഏജൻസിയുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തണം. ഇത് ലംഘിക്കുന്നവരെ ശിക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
നീക്കം ചെയ്ത പരസ്യ ബോർഡുകളുടെയും ബാനറുകളുടെയും വിവരങ്ങൾ ക്രോഡീകരിച്ച് പഞ്ചായത്ത് ഡയറക്ടർക്ക് ഫെബ്രുവരി 15ന് മുമ്പ് സമർപ്പിക്കാൻ പഞ്ചായത്ത് ഡയറക്ടർ തദ്ദേശ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.