തൃശൂർ: കലക്ടർ അർജുൻ പാണ്ഡ്യൻ അയ്യന്തോൾ സിവിൽ സ്റ്റേഷൻ മുതൽ ചൂണ്ടൽ വരെയും തിരികെയും 40 കിലോ മീറ്റർ സൈക്കിൾ സവാരി നടത്തി തൃശൂർ-കുന്നംകുളം റോഡ് പണിയുടെ പുരോഗതി വിലയിരുത്തി.
പരിസ്ഥിതി സൗഹൃദവും ശാരീരിക ക്ഷമത നിലനിർത്താൻ സഹായകവുമായ സൈക്കിളിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് കൂടിയായിരുന്നു കലക്ടറുടെ യാത്ര. കിരൺ ഗോപിനാഥ് പ്രസിഡന്റായ തൃശൂർ സൈക്ക്ളേഴ്സ് ക്ലബിന്റെ സെക്രട്ടറി ഡാനി വറീത്, ട്രഷറർ സനോജ് പാമ്പുങ്ങൽ എന്നിവരുടെ നേതൃത്വത്തിൽ 20 ഓളം ക്ലബ് അംഗങ്ങൾ, കെ.എസ്.ടി.പി ഉദ്യോഗസ്ഥർ എന്നിവർ കലക്ടർക്കൊപ്പം സൈക്കിൾ യാത്രയിൽ പങ്കെടുത്തു.
നവീകരണം പൂർത്തിയാകും വരെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കി റോഡ് സഞ്ചാരയോഗ്യമാണെന്ന് ഉറപ്പുവരുത്തണമെന്ന് കലക്ടർ കെ.എസ്.ടി.പി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 206.9 കോടി രൂപയുടെ പാറമേക്കാവ്-കല്ലുംപുറം വരെയുള്ള 33.34 കിലോമീറ്റർ റോഡിന്റെ നവീകരണത്തിനുള്ള ടെൻഡർ നടപടികൾ ഈമാസം10 ന് ആരംഭിക്കും. നവംബറോടെ റോഡ് പണി തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ. ആറ് മാസത്തിനകം പൂർത്തീകരിക്കും.
നിലവിൽ കേച്ചേരി മുതൽ മഴുവഞ്ചേരി വരെ ഒഴികെയുള്ള മുഴുവൻ റോഡും അറ്റകുറ്റപ്പണി തീർത്ത് സഞ്ചാര യോഗ്യമാക്കിയതായി കെ.എസ്.ടി.പി അധികൃതർ അറിയിച്ചു. റോഡ് നിർമാണ ഏകോപനം നിരീക്ഷിക്കാൻ രൂപവത്കരിച്ച സമിതി സ്ഥിരമായി റോഡ് പണിയുടെ പുരോഗതി വിലയിരുത്തുമെന്നും കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.