തൃശൂർ: ജില്ലയിലെ ഏഴ് ബ്ലോക്കുകളിലായി 25 ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരമായി രൂക്ഷ ജലക്ഷാമം നേരിടുന്നെന്ന് റിപ്പോർട്ട്. ജില്ല ആസൂത്രണ സമിതി യോഗത്തില്‍ കേന്ദ്ര ഭൂജല ബോര്‍ഡ് പ്രതിനിധികള്‍ അവതരിപ്പിച്ച ജില്ലയുടെ ജലസ്തര മാപ്പിങ്ങിനെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. തെക്കുംകര, ദേശമംഗലം, തിരുവില്വാമല, വള്ളത്തോൾ നഗർ, ഒരുമനയൂർ, കടപ്പുറം, വേലൂക്കര, പുത്തൂർ, എറിയാട്, എടവിലങ്ങാട്, ഏങ്ങണ്ടിയൂർ, തളിക്കുളം, എസ്.എൻ. പുരം, പെരിഞ്ഞനം തുടങ്ങിയ പഞ്ചായത്തുകളിലാണ് ജലക്ഷാമം രൂക്ഷം.
കുത്തനെ ചരിവുള്ള ഭൂപ്രകൃതിയും ഉപരിതല ജലസ്തരത്തിന്റെ കനം കുറവും ഇടനാടന്‍ പ്രദേശങ്ങളില്‍ അമിതമായി കുഴല്‍ക്കിണറിനെ ആശ്രയിക്കുന്നതും നീണ്ട തീരപ്രദേശം, കോള്‍ നിലത്തിന്റെ സാന്നിധ്യം എന്നിവ മൂലം ജില്ലക്ക് ആവശ്യമായ ജലലഭ്യതയെ പ്രതികൂലമായി ബാധിക്കുന്നു. കാലവര്‍ഷത്തിലും വേനല്‍ മഴയിലും അനുഭവപ്പെടുന്ന അസ്ഥിരത, തീവ്ര നഗരവത്കരണം എന്നിവയും ജില്ലയുടെ ഭൂജല വിതാനത്തിന്റെ അളവിനെയും ഗുണത്തെയും കാര്യമായി ബാധിക്കുന്നതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
പ്രാദേശിക പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ ജില്ലയുടെ ഭൂജലവിതാനത്തിന്റെ തല്‍സ്ഥിതിയും പ്രത്യേകതകളും ഉള്‍ക്കൊണ്ട് പ്രാദേശിക പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ ഊര്‍ജിതമായ ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങള്‍ ആസൂത്രണത്തില്‍ പ്രത്യേക ശ്രദ്ധപതിപ്പിക്കാൻ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിൽ നിർദേശം നൽകി.
ജല ലഭ്യതയില്‍ ജില്ലയില്‍ നിലനില്‍ക്കുന്ന പ്രത്യേകതകളുടെ അടിസ്ഥാനത്തില്‍ ജല സംരക്ഷണത്തില്‍ പ്രത്യേക ഊന്നല്‍ നല്‍കേണ്ടതിനെ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു. ജില്ലയിലെ 63 തദ്ദേശഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച 2021-22 വാര്‍ഷിക പദ്ധതി ഭേദഗതികളും പുത്തന്‍ചിറ ഗ്രാമപഞ്ചായത്ത് സമര്‍പ്പിച്ച നീര്‍ത്തട മാസ്റ്റര്‍ പ്ലാനും കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയുടെ അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതി മാസ്റ്റര്‍ പ്ലാനും ചര്‍ച്ച ചെയ്ത് അംഗീകാരം നല്കി.
ഓൺലൈനായി ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് മെംബര്‍ ഡോ. ജിജു പി. അലക്സ്, ഗവ. നോമിനി ഡോ. എം.എന്‍. സുധാകരന്, ജനകീയാസൂത്രണ ഫെസിലിറ്റേറ്ററും എസ്.ആര്.ജി അംഗവുമായ അനൂപ് കിഷോര്‍, ജില്ല പ്ലാനിങ് ഓഫിസർ, ജില്ല ആസൂത്രണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.