തൃശൂർ: 13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 32 വർഷം കഠിന തടവും 1.60 ലക്ഷം പിഴയും ശിക്ഷ. പൂമല നെല്ലുവായിൽ ജോജോയെയാണ് (48) ഫാസ്റ്റ് ട്രാക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ബിന്ദു സുധാകരൻ ശിക്ഷിച്ചത്.
പോക്സോ നിയമം അഞ്ച്, ആറ് വകുപ്പുകൾ പ്രകാരം 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും 11, 12 വകുപ്പുകൾ പ്രകാരം രണ്ടുവർഷം കഠിന തടവും 10,000 രൂപ പിഴയും ഇന്ത്യൻ ശിക്ഷാ നിയമം 377 വകുപ്പ് പ്രകാരം 10 വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
പിഴയടച്ചില്ലെങ്കിൽ 14 മാസം കൂടി തടവുശിക്ഷ അനുഭവിക്കണം. പിഴയടക്കുന്ന പക്ഷം തുക അതിജീവിതന് നൽകണമെന്നും വിധിയിൽ പറയുന്നു. 2018 മുതൽ 2019 വരെ പല ദിവസങ്ങളിലായി കുട്ടിയെ പീഡിപ്പിച്ചതായാണ് പ്രോസിക്യൂഷൻ കേസ്. 2019ൽ വടക്കാഞ്ചേരി എസ്.ഐ കെ.സി. രതീഷാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
പിന്നീട് ഇൻസ്പെക്ടർമാരായ ബിന്ദുലാൽ, സെൽവരാജ് എന്നിവരാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. അജയ്കുമാർ ഹാജറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.