തിരുവനന്തപുരം: ‘അപ്പനി’ൽ മികച്ച നടനുള്ള പ്രതീക്ഷയുണ്ടായിരുന്നെന്നും എന്നാൽ ‘നൻപകൽ നേരത്ത് മയക്കം’ കണ്ടതോടെ അതെല്ലാം പോയിക്കിട്ടിയെന്നും മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്കാരം നേടിയ അലൻസിയർ. സ്ഥിരം ചെയ്യുന്ന വേഷങ്ങളിൽനിന്ന് ഒന്ന് മാറ്റിപ്പിടിക്കണമെന്ന് ‘അപ്പന്റെ’ കഥ കേട്ടപ്പോൾ തോന്നിയിരുന്നു. ആദ്യത്തെ ഡയലോഗ് എങ്ങനെ പറയണമെന്ന് തയാറെടുത്തിരുന്നു. എന്റെ യഥാർഥ ശബ്ദമല്ല അതിൽ ഉപയോഗിച്ചത്. പല മനുഷ്യരും കട്ടിലിൽ കിടക്കുമ്പോൾ നാട്ടുകാരെയും അയൽക്കാരെയും വീട്ടുകാരെയും പേടിപ്പിക്കണമെങ്കിൽ അങ്ങനെയൊരു ശബ്ദം വേണമായിരുന്നു. അലർച്ച പോലൊന്ന്. അങ്ങനെ ആദ്യത്തെ ഡയലോഗ് ഫോണിൽ റെക്കോഡ് ചെയ്ത് നടൻ സണ്ണി വെയ്നാണ് അയച്ചുകൊടുത്തത്. കേട്ടിട്ട് സണ്ണി ചോദിച്ചു, സിനിമയിൽ മുഴുനീളം നിങ്ങളുണ്ട്. ഈ ശബ്ദം അതേപോലെ നിലനിർത്താൻ പറ്റുമോ എന്ന്. ഞാൻ പിടിച്ചോളാമെന്ന് മറുപടിയും കൊടുത്തു.
അപ്പൻ കണ്ട് സിനിമാ മേഖലയിലെ പലരും വിളിച്ചിരുന്നു. എനിക്കൊപ്പം അഭിനയിക്കാത്തവരും ആ കഥാപാത്രത്തെക്കുറിച്ച് വിളിച്ച് സംസാരിച്ചിരുന്നു. അതിൽ അദ്ഭുതം തോന്നിയത് നടൻ ലാലു അലക്സ് വിളിച്ചപ്പോഴാണ്. അമേരിക്കയിലായിരുന്നു അദ്ദേഹം. ഫോണിൽ വിളിച്ചിട്ട് ചോദിച്ചു, നിങ്ങൾ എന്നെക്കാൾ പ്രായം കൂടിയ ആളാണോ അതോ കുറഞ്ഞ ആളാണോ എന്നാണ്. ഞാൻ പറഞ്ഞു കുറവായിരിക്കാനാണ് സാധ്യത. പക്ഷേ, നിങ്ങളുടെ സ്കൂളിലൊന്ന് പഠിക്കണമെന്നായി ലാലു അലക്സ്. അതെന്താണ് അങ്ങനെ പറഞ്ഞതെന്ന് ചോദിച്ചപ്പോൾ നിങ്ങളുടെ ഇട്ടി കണ്ട് ഞെട്ടിയിരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്.
അങ്ങനെ അവാർഡ് പ്രതീക്ഷയുമായി ഇരിക്കുമ്പോഴാണ് ഭാര്യയും മക്കളുമൊത്ത് ‘നൻപകൽ നേരത്ത് മയക്കം’ കാണാൻ പോയത്. സിനിമ കണ്ടിട്ട് തിയറ്ററിൽ നിന്നിറങ്ങിയപ്പോൾ ഞാൻ അവരോട് പറഞ്ഞു ‘അപ്പൻ പോയെടാ, ഈ വർഷം ആ പണി പോയി’. കാരണം ജയിംസും സുന്ദരവുമായി അത്യുജ്വലമായ പ്രകടനമായിരുന്നു ആ സിനിമയിൽ മമ്മൂക്കയുടേത്. അതുകഴിഞ്ഞിട്ടാണ് ഞാൻ റോഷാക്ക് വീട്ടിലിരുന്ന് കാണുന്നത്. ഞെട്ടിപ്പോയി. എന്തൊരു ഭാവപ്പകർച്ചയും എന്തൊരു മാറ്റവുമാണ് ആ നടൻ സ്വന്തം ശരീരത്തിലൂടെ നടത്തിയത്.
കഴിഞ്ഞ ദിവസം ഒരു മാധ്യമപ്രവർത്തകൻ വിളിച്ച് ‘നിങ്ങൾ നല്ല നടനുള്ള അവാർഡിന്റെ പരിഗണനയിൽ വരും’ എന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞത് ‘ഞാനത് വാങ്ങിക്കുന്നില്ല’ എന്നാണ്. കാരണം, ഞാനൊരു ആക്ടറാണ്. ഈ വർഷം ഏറ്റവും മികച്ച വേഷപ്പകർച്ചകൾ കാണിച്ച നടൻ ആരാണെന്ന് എനിക്ക് നന്നായറിയാം. ഈ പുരസ്കാരം ആ മഹാനടന് അർഹതപ്പെട്ടത് തന്നെയാണ് -അലൻസിയർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.