മാള: കണക്കൻകടവ് തടയണ അടിയന്തരമായി പുതുക്കിപ്പണിയണമെന്ന് ആവശ്യം. ഷട്ടർ സുഗമമായി തുറക്കാനും അടക്കാനും കഴിയാത്ത അവസ്ഥയാണ്. കുഴൂർ, അന്നമനട, പൊയ്യ, പാറക്കടവ്, പുത്തൻവേലിക്കര എന്നീ പഞ്ചായത്തുകളിലെ നിരവധി വീടുകൾ വെള്ളക്കെട്ടിലാണ്. ഇത് പരിഹരിക്കാൻ ഷട്ടർ അതിവേഗം തുറക്കേണ്ടതാണ്. എന്നാൽ, പലപ്പോഴും ഇതിന് താമസം നേരിടുന്നതായി നാട്ടുകാർ പറയുന്നു. ഷട്ടറിന്റെ കാലപ്പഴക്കമാണ് കാരണം.
ഒന്നിലധികം ജലസേചന പദ്ധതികളും കുടിവെള്ള പദ്ധതിയും പുഴയെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്. തൃശൂർ, എറണാകുളം അതിർത്തി പ്രദേശമാണിത്. ഏതാനും ദിവസം നാലാമത്തെ ലോഹ ഷട്ടർ തുറക്കാനായിരുന്നില്ല. ഇപ്പോൾ ഒഴുക്ക് തടയാനാവാത്ത വിധം എസ്കവേറ്റർ ഉപയോഗിച്ച് ഉയർത്തിയിട്ടുണ്ട്. ഷട്ടർ തുരുമ്പ് കയറിയ നിലയിലാണ്. ജലനിരപ്പ് താഴ്ന്നാൽ ഷട്ടർ അടക്കും. ഇതിനു മുകളിൽ മേൽപ്പാലവും ഉണ്ട്. ആലുവ ഭാഗത്തേക്ക് ഇതുവഴി എത്തിച്ചേരാനാവും. മാളയിൽ നിന്ന് തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ഉൾപ്പെടെ ഇതുവഴി ബസുകൾ സർവിസ് നടത്തുന്നുണ്ട്.
ഷട്ടർ അടക്കാൻ കഴിയാത്തതിനാൽ നേരത്തേ പഞ്ചായത്തിലെ വിവിധ ജലസേചന കേന്ദ്രങ്ങളിൽ ഉപ്പ് ജലം എത്തിയിരുന്നതായി കർഷകർ പറയുന്നു. ഇതോടെ ഹെക്ടർ കണക്കിന് സ്ഥലത്തെ കൃഷിയാണ് നശിച്ചത്. ഉപ്പ് കയറാതിരിക്കാൻ ഭീമമായ സംഖ്യ ചെലവഴിച്ച് താൽക്കാലിക തടയണ നിർമിച്ചിരുന്നു. എന്നാൽ, ഡാം തുറന്ന് പുഴയിൽ വെള്ളം ഉയർന്നതോടെ ഇത് തകർന്നു.
നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ കര്‍ഷകര്‍ക്ക് കൃഷിയും കൊയ്ത്തും ഒരു സ്വപ്നമായി മറക്കേണ്ടി വന്നേക്കും. ഇത്രയും കടുത്ത പ്രതിസന്ധിയുണ്ടായിട്ടും പഞ്ചായത്തോ കൃഷി വകുപ്പോ തിരിഞ്ഞ് നോക്കിയില്ലെന്ന് തുമ്പരശ്ശേരി കര്‍ഷക സംഘം പറയുന്നു. കണക്കന്‍കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിലെ തടയണ തകരാറിലായതാണ് വന്‍ തോതില്‍ ഉപ്പ് കയറാന്‍ ഇടയാക്കിയത്. ഷട്ടറിന് ചോര്‍ച്ചയും ഉണ്ട്. നിരവധി തവണ പരാതിപ്പെട്ടിട്ടും അധികൃതര്‍ പരിഗണിച്ചില്ലെന്ന് കർഷകർ പറയുന്നു. എറണാകുളം ജില്ലയിലെ കണക്കന്‍കടവില്‍ പ്രവര്‍ത്തിക്കുന്ന ഈ തടയണയുടെ ഗുണഭോക്താക്കള്‍ തൃശൂര്‍ ജില്ലയിലാണ്. നിലവിലെ താൽക്കാലിക തടയണ പ്രദേശത്ത് പുതിയ സ്ലൂയിസ് കം ബ്രിഡ്ജ് നിർമാണം നടത്തണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.