തൃശൂർ: രണ്ടുവർഷത്തെ അപേക്ഷിച്ച് വലിയ തോതിലാണ് പനി. മാസ്ക് ധരിച്ച് സമൂഹ അകലം പാലിച്ച രണ്ടുവർഷത്തിന് പിറകെ ജീവിതം പഴയപടിയാവുമ്പോൾ ജില്ലയിൽ പനിബാധിതർ ഏറുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തുലാവർഷം കുറവ്. അതുകൊണ്ടുതന്നെ രാവിലെ മഞ്ഞ്, പിന്നാലെ കനത്ത ചൂട്. അതിനിടയിൽ ഇടക്കിടെ മൂടിക്കെട്ടിയ അന്തരീക്ഷം, ഇടക്ക് മഴ. ഇതോടെ ഒരുദിവസംതന്നെ വിവിധ കാലാവസ്ഥവ്യതിയാനങ്ങൾ അനുഭവിക്കേണ്ട ഗതികേട്.

മഴ മാറിയ സാഹചര്യം കൂടുതൽ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. വെയിൽ വല്ലാതെ കനത്തില്ലെങ്കിലും ചൂട് അസഹ്യമാണ്. അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന ഈർപ്പമാണ് കൂടിയ ചൂട് അനുഭവിപ്പിക്കുന്നത്. അതോടൊപ്പം മൂടിക്കെട്ടിയ അന്തരീക്ഷവും അനാരോഗ്യകരമാണ്.

ഒപ്പം നേരത്തേ പ്രതിരോധം തീർത്ത മാസ്ക് ഉപയോഗിക്കുന്ന പ്രവണത വല്ലാതെ കുറഞ്ഞു. വർഷം പിന്നിടാൻ ഒന്നരമാസം ശേഷിക്കവേ പനിതന്നെയാണ് വില്ലൻ. കഴിഞ്ഞ രണ്ടുവർഷത്തെ അപേക്ഷിച്ച് ഇരട്ടിയാണ് പനിബാധിതർ. കോവിഡ് ഒതുങ്ങിയെങ്കിലും പനിക്ക് വല്ലാതെ ശമനമില്ല.

കുട്ടികൾക്കാണെങ്കിൽ പനി ഏറിയ തോതിലുണ്ട്. പനിക്ക് പിന്നാലെയുള്ള പാർശ്വപ്രശ്നങ്ങളിൽ വീർപ്പുമുട്ടുന്നവരിൽ ഏറെയും മുതിർന്നവരാണ്. സർക്കാർ ആശുപത്രികളിലടക്കം പനിരോഗികളാണ് കൂടുതൽ.

മഴക്കാലത്ത് സാധാരണയായി വരുന്ന രോഗങ്ങളായ ചിക്കന്‍ഗുനിയ, െഡങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയവ കഴിഞ്ഞ വർഷങ്ങളെക്കാൾ കൂടുതലാണെങ്കിലും നിയന്ത്രണവിധേയമാണ്. പക്ഷേ കരുതിയിരുന്നില്ലെങ്കിൽ കാര്യം കൈവിടുന്ന സാഹചര്യമാണുള്ളതെന്ന് ജില്ല മെഡിക്കൽ ഓഫിസർ പറഞ്ഞു.

മഴ കൂടിയ സാഹചര്യത്തിൽ എലിപ്പനി കുറച്ചുകൂടിയെങ്കിലും മഴ കുറഞ്ഞതോടെ ശമനമുണ്ടായി. അതോടൊപ്പം സംസ്ഥാനത്ത്‍ വിവിധ മേഖലകളിൽ ഡെങ്കിപ്പനി വല്ലാതെ കൂടുതലാണെങ്കിലും ജില്ലയിൽ അത്രമേൽ പ്രശ്നമില്ല.

മാറ്റമില്ലാതെ കൊതുകുസാന്ദ്രത

അതേസമയം, കൊതുകുസാന്ദ്രത കുറഞ്ഞിട്ടുമില്ല. മഴയും വെയിലും ഇടകലർന്ന നാളുകളിൽ കൊതുക് പ്രജനനം ഏറിയിരുന്നു. ഇഷ്ടികക്കളങ്ങളുള്ള മേഖലകളിലും മലയോര മേഖലകളിലും കുടിവെള്ളം ശേഖരിച്ച് ഉപയോഗിക്കുന്ന സ്ഥലങ്ങളിലുമടക്കം കൊതുക് കൂടി. മഴ വല്ലാതെ കുറഞ്ഞതോടെ കൊതുകുകൾ പലയിടങ്ങളിലും കുറഞ്ഞെങ്കിലും പ്രജനനസ്ഥലങ്ങൾ ഇല്ലാതാക്കാന്‍ ആവശ്യമായ നടപടി ഇപ്പോഴും ശാസ്ത്രീയമായി സ്വീകരിച്ചിട്ടില്ല.

കുറയാതെ കുട്ടിപ്പനി

കടുത്ത പനിയും ഒപ്പം കഫവും മൂലം പല കുട്ടികളും ബുദ്ധിമുട്ടുകയാണ്. പനിയും കഫവുമായി മൂന്നിൽ അധികം തവണ ആശുപത്രിയിൽ എത്തിയ നൂറുകണക്കിന് കുട്ടികൾ ജില്ലയിലുണ്ട്. സ്കൂളുകളിൽ മാസ്ക് വെക്കണമെന്ന നിർദേശം കാര്യമായി പാലിക്കാത്തത് പ്രശ്നം രൂക്ഷമാക്കുകയാണ്.

മൂന്നു വർഷമായി മാസ്ക് വെച്ച് പുറത്തിറങ്ങിയ കുട്ടികളിൽ ഭൂരിഭാഗം പേർക്കും അസുഖം കുറവായിരുന്നു. പുറംലോകവുമായി കുട്ടികൾ കൂടുതൽ ഇടപഴകുമ്പോൾ മാസ്ക് ധരിക്കുന്നത് കുറഞ്ഞത് പ്രശ്നം രൂക്ഷമാക്കുന്നതായി ജില്ല മെഡിക്കൽ ഓഫിസർ വ്യക്തമാക്കി. ഇക്കാര്യത്തിൽ നേരത്തേ ഉണ്ടായിരുന്ന ജാഗ്രത ജില്ല വിദ്യാഭ്യാസ അധികൃതരും കണിക്കുന്നില്ല.

രോഗവിവരം നൽകരുതെന്ന് നിർദേശം

രോഗപ്രതിരോധത്തിന് അവശ്യംവേണ്ട ഘടകമാണ് ആരോഗ്യമേഖലയിലെ ബോധവത്കരണം. അതേസമയം, ബോധവത്കരണത്തിന് അനിവാര്യമായ രോഗവിവരങ്ങൾ നൽകാൻ ജില്ല അധികൃതർക്കാവുന്നില്ല.

ജില്ലയിൽ കൂടിനിൽക്കുന്ന പനിയുടെ കണക്ക് അടക്കം തരാൻ നിർവാഹമില്ലെന്നാണ് ജില്ല ആരോഗ്യ ഉദ്യോഗസ്ഥന്റെ പ്രതികരണം. കണക്ക് പുറത്തുനൽകുന്നതിൽ കർശന നിയന്ത്രണമാണ് ആരോഗ്യവകുപ്പ് നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ആരോഗ്യ മന്ത്രാലയത്തിലേക്ക് പ്രതിദിനം അയക്കുന്ന രോഗവിവരക്കണക്ക് നൽകാനാവില്ലെന് ഡി.എം.ഒ വ്യക്തമാക്കി.

Tags:    
News Summary - spreading fever in thrissur district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.