ആറാട്ടുപുഴ: കള്ളക്കടൽ പ്രതിഭാസം ആറാട്ടുപുഴ, തൃക്കുന്നപ്പുഴ പഞ്ചായത്തുകളിൽ നാശം വിതച്ചു. ചൊവ്വാഴ്ച അർധരാത്രിയോടെ ആരംഭിച്ച കടലാക്രമണം ഇപ്പോഴും തുടരുകയാണ്. നിരവധി വീടുകളിൽ വെള്ളം കയറി. തീരദേശ റോഡ് മണ്ണിനടിയിലായി.
വലിയഴീക്കൽ - തൃക്കുന്നപ്പുഴ തീരദേശ റോഡിൽ ഗതാഗതം ഭാഗികമായി മുടങ്ങി. കടൽഭിത്തി നിർമിച്ച് തീരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തീരവാസികൾ പാനൂർ വാട്ടർ ടാങ്ക് ജങ്ഷന് സമീപം റോഡ് ഉപരോധിച്ചു. സ്ത്രീകളും കുട്ടികളടക്കം നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
പൊലീസ് എത്തിയെങ്കിലും സമരക്കാർ പിന്മാറാൻ തയ്യാറാവാത്തതിനാൽ തീരദേശ റോഡിലെ ഗതാഗതം പൂർണമായും മുടങ്ങി. നിരവധി വീടുകൾ ഏതുനിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്.
ആറാട്ടുപുഴ പഞ്ചായത്തിൽ പെരുമ്പള്ളി മുതൽ മംഗലം വരെയും, തൃക്കുന്നപ്പുഴ പഞ്ചായത്തിൽ മൂത്തേരി ജങ്ഷൻ മുതൽ പാനൂർ വരെയുള്ള പ്രദേശങ്ങളിലാണ് ശക്തമായ കടലാക്രമണം ജനജീവിതം ദുരിതത്തിലാക്കിയത്.
തീരത്തേക്ക് ശക്തമായി അടിച്ചു കയറിയ തിരമാലകൾ ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി. കടൽത്തീരങ്ങളിലും വീടിനു സമീപവും സൂക്ഷിച്ചിരുന്ന നിരവധി സാധന സാമഗ്രികൾ ഒഴുകിപ്പോവുകയും വലകൾ മണ്ണിൽ മൂടിപ്പോവുകയും ചെയ്തു.
തീരദേശ റോഡ് കവിഞ്ഞ് കടൽവെള്ളം ഏറെ ദൂരം കിഴക്കോട്ടൊഴുകി. എ.സി. പള്ളി മുതൽ കാർത്തിക ജങ്ഷൻ വരെയുള്ള ഭാഗത്തും, തൃക്കുന്നപ്പുഴ ഗസ്റ്റ് ഹൗസ് ജങ്ഷൻ എന്നിവിടങ്ങളിൽ റോഡ് മണ്ണിനടിയിലായി.
കടലാക്രമണ ദുർബല പ്രദേശങ്ങളിലാണ് ദുരിതം ഏറെ ഉണ്ടായത്. റോഡ് അരികിലും വീടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കുകയാണ്. ബസ് സർവീസുകൾ പലതും പാതി വഴിയിൽ അവസാനിപ്പിച്ചു. കടലാക്രമണം തുടർന്നതിനാൽ തീരദേശവാസികൾ വലിയ ഭീതിയിലാണ്. നാളിതുവരെ വെള്ളം കയറാത്ത വീടുകളിൽ വരെ വെള്ളം കയറിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.