വാടാനപ്പള്ളി: ഓട്ടൻതുള്ളലിന് സ്കോട്ട്ലാൻഡിലെ ഗ്ലാസ്ഗോ യൂനിവേഴ്സിറ്റിയുടെ അംഗീകാരം. തൃശൂർ മണലൂർ സ്വദേശി മണലൂർ ഗോപിനാഥിന്റെ ‘തുള്ളൽക്കലയിലെ സാധ്യതകൾ’ പ്രബന്ധം അംഗീകരിച്ച യൂനിവേഴ്സിറ്റി സ്വന്തം നിലക്ക് ഗ്രീസിലെ ആതെൻസിൽ നടക്കുന്ന വേൾഡ് അലയൻസ് ഓഫ് ആർട്സ് ഉച്ചകോടിയിൽ ഇത്തവണ ഓട്ടൻതുള്ളൽ കലാരൂപത്തെ പരിചയപ്പെടുത്തും.
പുറംരാജ്യങ്ങളിലും ഓട്ടൻതുള്ളൽ കലാരൂപത്തിന് ബഹുമതി നേടിക്കൊടുത്ത മണലൂർ ഗോപിനാഥിന്റെ ശ്രമങ്ങൾ അഭിനന്ദനാർഹമെന്ന് കേരള കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ബി. അനന്തകൃഷ്ണനും ആശംസിച്ചു. സെനറ്റ് മെംബർമാരുടെയും ഗവേഷണ വിദ്യാർഥികളുടെയും സാന്നിധ്യത്തിൽ ഓട്ടൻതുള്ളലും അവതരിപ്പിച്ചു. ഗ്ലാസ്ഗോ യൂനിവേഴ്സിറ്റി ഓട്ടൻതുള്ളലിനെ സ്വീകരിക്കുന്നതായി അംഗീകരിച്ച് സർട്ടിഫിക്കറ്റും നൽകി. ഒക്ടോബർ 17ന് ആതെൻസിൽ നടക്കുന്ന വേൾഡ് അലയൻസ് ഓഫ് ആർട്സ് ഉച്ചകോടിയിൽ കേരളത്തിന്റെ വിശിഷ്ട കലാരൂപമായ ഓട്ടൻതുള്ളൽ ദൃശ്യാവിഷ്കാരങ്ങൾ അടങ്ങുന്ന പ്രബന്ധമായി അവതരിപ്പിക്കുന്നത്.
ഓട്ടൻതുള്ളൽ കലാരൂപം വരുംതലമുറക്ക് കൂടി തനത് പ്രൗഢിയോടെ അഭ്യസിപ്പിക്കാൻ തന്റെ വീടിനോട് ചേർന്ന് കൂത്തമ്പലം നിർമിച്ച് വിദ്യാർഥികൾക്ക് പരിശീലനം നൽകുന്ന വ്യക്തിയാണ് മണലൂർ ഗോപിനാഥ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.