ചെന്ത്രാപ്പിന്നി: ചാമക്കാല ശ്രീനാഥ് കൊലപാതക കേസിലെ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും. ശിക്ഷ വിധിച്ച് കോടതി ഉത്തരവായി. ഒന്നാം പ്രതി കൂരിക്കുഴി സ്വദേശി കോഴിപറമ്പിൽ ഷിജിൽ, മൂന്നാം പ്രതി തമിഴൻ റെജി എന്ന റെജി എന്നിവരെയാണ് തൃശൂർ ഒന്നാം അഡീഷനൽ ജില്ല ജഡ്ജി കെ.ഇ. സാലിഹ് കുറ്റക്കാരെന്ന് കണ്ട് ശിക്ഷിച്ചത്. 2003 ഡിസംബർ 19നാണ് കൊലപാതകം നടന്നത്. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന കോവിൽ തെക്കേവളപ്പിൽ ശ്രീനാഥിനെ ചാമക്കാല ഹൈസ്കൂളിന് സമീപത്ത് ഷിജിലിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം വാളുകൊണ്ട് വെട്ടിപ്പരിക്കേൽപിച്ച ശേഷം സമീപത്തെ തോട്ടിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു. മരിച്ച ശ്രീനാഥ് ഒന്നാം പ്രതിയായ ഷിജിലിന്റെ വീട് കയറി ആക്രമിച്ചതിന്റെ വിരോധത്തിലാണ് ശ്രീനാഥിനെ കൊലപ്പെടുത്തിയത്. ഷിജിൽ കോഴിപറമ്പിൽ ക്ഷേത്രത്തിൽ വെളിച്ചപ്പാടിനെ വെട്ടിക്കൊന്ന കേസിൽ ശിക്ഷിക്കപ്പെട്ട് ശിക്ഷ അനുഭവിച്ച് വരുന്നയാളാണ്. മൂന്നാം പ്രതി റെജിയെ ഒരുവർഷം മുമ്പാണ് തമിഴ്നാട്ടിൽനിന്ന് പിടികൂടിയത്.
ഷിജിലിന്റെ അനുജനായ അനീഷ് ഈ കേസിൽ രണ്ടാംപ്രതിയായിരുന്നു. ഇയാൾ വിചാരണക്കിടയിൽ മരിച്ചതിനാലും മൂന്നാം പ്രതി റെജി ഒളിവിലായതിനാലും കേസിന്റെ വിചാരണ 20 വർഷത്തോളം നീണ്ടുപോയിരുന്നു. അതുകൊണ്ടുതന്നെ പല ദൃക്സാക്ഷികളും വിചാരണ വേളയിൽ ജീവിച്ചിരിപ്പുണ്ടായിരുന്നില്ല. സാഹചര്യ തെളിവുകളും സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷൻ 25 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകളും അഞ്ച് തൊണ്ടി മുതലും ഹാജരാക്കി. മതിലകം സി.ഐമാരായിരുന്ന സുനിൽ ബാബു, പി.കെ. മധു, എം.ജെ. സോജൻ, കെ.പി. ലൈലാറാം എന്നിവർ അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന കേസിൽ ഇപ്പോഴത്തെ എറണാകുളം വിജിലൻസ് എസ്.പിയായ സി.എസ്. ഷാഹുൽ ഹമീദാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടർ കെ.ബി. സുനിൽകുമാർ, അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. അജയ്കുമാർ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.