പുന്നയൂര്‍ക്കുളം: അതിവേഗം വെള്ളം വറ്റിക്കാനാകുന്ന സബ്മേഴ്സിബിള്‍ പമ്പ് എത്തിയതോടെ കൃഷി നേരത്തെ തുടങ്ങാമെന്ന പ്രതീക്ഷയിൽ പരൂര് പടവിലെ കര്‍ഷകര്‍. റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോള്‍ ലാന്റ് ഡെവലപ്പ്മെന്റ് കോര്പറേഷന് (കെ.എല്‍.ഡി.സി) മുഖേന അഞ്ച് പമ്പുകളാണ് എത്തിയത്. നാല് എണ്ണം കൂടി ഉടനെ സ്ഥാപിക്കും. പരൂർ കോളിൽ വിവിധ ഇടങ്ങളിലായി നാല് മോട്ടോര്‍ ഷെഡ്, രണ്ട് കലുങ്ക്, സ്ലൂയിസ് എന്നിവ നിര്‍മിച്ചിട്ടുണ്ട്.
ഉപ്പുങ്ങല്‍, അന്‍പതിന്റെ തറ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ അഞ്ച് സബ്മേഴ്സിബിള്‍ പമ്പ് സ്ഥാപിച്ചു. ഇതിനു പുറമെ 600 മീറ്റര്‍ ദൂരം ബണ്ട് നവീകരണവും നടത്തിയിട്ടുണ്ട്. പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ബാക്കി പ്രവൃത്തികള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ പരൂര് കോളിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകും. സെപ്റ്റംബറില്‍ പൊതുയോഗം വിളിച്ച ശേഷം പമ്പിങ് ആരംഭിക്കും. വെള്ളം നേരത്തെ വറ്റിയാൽ നടീല്‍ പൂര്‍ത്തിയാക്കാനാണ് കർഷകർ ആലോചിക്കുന്നതെന്ന് പടവ് കമ്മിറ്റി ഭാരവാഹികളായ കുന്നംകാട്ടിൽ അബൂബക്കർ, എ.ടി. അബ്ദുൽ ജബ്ബാർ എന്നിവർ പറഞ്ഞു. പടവില്‍ 1100 മീറ്റര്‍ ദൂരം മണ്ണ് ഇടിഞ്ഞ് ബണ്ട് ഉയരം കുറഞ്ഞിട്ടുണ്ട്. ഈ ഭാഗത്തുകൂടി നൂറടി തോട്ടിലെ വെള്ളം പാടത്തേക്ക് കയറുന്ന അവസ്ഥയാണ്. ഇവിടെ മണ്ണ് അടിച്ച് ബണ്ടിന്റെ ഉയരം കൂട്ടാന്‍ എസ്റ്റിമേറ്റ് തയാറാക്കിയതായും ഭാരവാഹികൾ പറഞ്ഞു. കെ.എല്‍.ഡി.സി നടപ്പാക്കിയ പദ്ധതികള്‍ വെള്ളിയാഴ്ച 5.30നു മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ഉപ്പുങ്ങല്‍ കടവില്‍ നടക്കുന്ന പരിപാടിയില്‍ എന്‍.കെ. അക്ബര്‍ എം.എല്‍.എ അധ്യക്ഷനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.