തൃശൂർ: കനത്ത ചൂടിൽ വലയുമ്പോൾ ജില്ലയിൽ ആവശ്യത്തിന് താപമാപിനികളില്ല. കാലാവസ്ഥ വകുപ്പ് വെള്ളാനിക്കരയിൽ സ്ഥാപിച്ച താപമാപിനിയിലെ വിവരങ്ങൾ മാത്രമാണ് ജില്ലയുടേതായി രേഖപ്പെടുത്തുന്നത്. ജില്ലയിൽ വിവിധയിടങ്ങളിൽ സ്വയം നിയന്ത്രിത മാപിനികൾ സ്ഥാപിച്ചെങ്കിലും അവയിൽ ചൂടിന്റെ അളവ് കൂടുതലാണ് രേഖപ്പെടുത്തുന്നത്. തീര, സമതല, മലയോര മേഖലകളിൽ വിഭിന്നമായാണ് ചൂട്. മാത്രമല്ല പഞ്ചാത്തുകളിൽ വാർഡുകളിൽ വരെ താപ വ്യത്യാസവുമുണ്ട്. ഇതൊന്നും കൃത്യമായി കണക്കാക്കാൻ അനുയോജ്യമായ സംവിധാനങ്ങൾ വേണ്ടതുണ്ട്. നഗര-ഗ്രാമ താപവ്യതിയാനം കൂടുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. ഇതോടൊപ്പം തീരമേഖലകളിലും പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. കനത്ത ചൂടാണ് തീരമേഖലയിൽ. ഇത് രേഖപ്പെടുത്താൻ അവശ്യമായ സംവിധാനം ഒരുക്കേണ്ടത് കാലാവസ്ഥ വ്യതിയാന നാളുകളിൽ അനുവാര്യമാണ്. ഒപ്പം വ്യത്യസ്തമായ കാലാവസ്ഥ പ്രതിഭാസങ്ങൾക്ക് സഥിരം വിധേയമാവുന്ന ചാലക്കുടിയിലും അവശ്യമാണിത്. എട്ടിൽ അധികം സ്വയം നിയന്ത്രിത കാലാവസ്ഥ മാപിനികൾ ജില്ലയിലുണ്ട്. എന്നാലിവ കാലാവസ്ഥ വകുപ്പിന്റെ ശൃംഖലയിൽ ഉൾപ്പെടുത്തിയിട്ടില്ല.
തദ്ദേശസ്ഥാപനങ്ങൾ മനസ്സുവെച്ചാൽ ബജറ്റിൽ ഇതിന് ഫണ്ട് വികയിരുത്താനാവും. മാർച്ചിലെ ജില്ലയുടെ ശരാശരി ചൂട് 35.07 സെന്റിഗ്രേഡാണ്. കൂടിയ ചൂട് 40.04 ആണ്. 1996ലും 2019ലും മാർച്ച് 20ന് പിന്നാലെയാണ് 40.04ലേക്ക് ചൂട് എത്തിയത്. ഞായറാഴ്ച സംസ്ഥാനത്ത് മൂന്നാമത്തെ ചൂട് കൂടിയ പ്രദേശമാണ് വെള്ളാനിക്കര. കോട്ടയം 38, പുനലൂർ 37.05, വെള്ളാനിക്കര 37.03 എന്നിങ്ങനെയാണ് ചൂട് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച വെള്ളാനിക്കരയിൽ 37 ആയിരുന്നു ചൂട്. ഏകദേശം 60 ശതമാനത്തിന് മുകളിൽ അന്തരീക്ഷത്തിൽ ഈർപ്പ സാന്നിധ്യമുണ്ട്. ഉച്ചക്ക് 12ന് സൂര്യൻ തലക്ക് മീതെ വരുന്ന സമയത്താണ് സൗര വികിരണതോത് കൂടുതലുണ്ടാവുന്നത്. എന്നാൽ, കൂടിയ താപനില രേഖപ്പെടുത്തുന്നത് അതിനുശേഷം രണ്ടിനും മൂന്നിനും ഇടയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.