തൃശൂർ: തലോർ-തൃശൂർ ദേശീയപാതക്കരികിൽ ബുദ്ധിവളർച്ചയില്ലാത്ത അന്ധയായ ഒരാളടക്കം മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബത്തിനെതിരെ സർഫാസി നിയമം ഉപയോഗിച്ച് പൊതുമേഖല ബാങ്ക് നടത്തുന്ന നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം, റിയൽ എസ്റ്റേറ്റ്-ബാങ്ക് കുടിയിറക്ക് വിരുദ്ധ പാർപ്പിട സംരക്ഷണ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
കാൽ നൂറ്റാണ്ടുമുമ്പ് ബേക്കറി നടത്തിപ്പിനായി വർഗീസ് തൃശൂർക്കാരൻ നെടുങ്ങാടി ബാങ്കിൽനിന്ന് എടുത്ത 2.23 ലക്ഷം രൂപ കുടിശ്ശികയായതിന് തുടങ്ങിയ ജപ്തി നടപടികളാണ് ഈ കുടുംബത്തെ റിയൽ എസ്റ്റേറ്റ് മാഫിയയും പൊതുമേഖല ബാങ്കും ഇക്കാലമത്രയും കഷ്ടപ്പെടുത്താനും ജയിലിലാക്കാനും ഇടവെച്ചത്.
ജപ്തി ഭയന്ന് വീടുവിട്ട വർഗീസ് പിന്നീട് തിരിച്ചുവന്നില്ല. ഇതിന് പിന്നാലെയാണ് നെടുങ്ങാടി ബാങ്കിനെ ഏറ്റെടുത്ത പഞ്ചാബ് നാഷനൽ ബാങ്ക് ഏഴുലക്ഷം രൂപക്ക് വസ്തു ലേലത്തിലെടുക്കാൻ നീക്കം തുടങ്ങിയത്. പൊലീസ് സംരക്ഷണത്തോടെ കുടുംബത്തെ കുടിയിറക്കാൻ ശ്രമിച്ചപ്പോഴാണ് സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനവും റിയൽ എസ്റ്റേറ്റ്-ബാങ്ക് കുടിയിറക്ക് വിരുദ്ധ പാർപ്പിട സംരക്ഷണ സമിതിയും വീടിന് മുന്നിൽ പന്തൽ കെട്ടി പ്രക്ഷോഭം തുടങ്ങിയത്. ഇതോടെ 27 ലക്ഷം രൂപ നൽകിയാൽ ബാധ്യത അവസാനിക്കുമെന്ന് ബാങ്ക് വ്യക്തമാക്കി.
കേസിൽ ഇടപെട്ട ഹൈകോടതി വീട്ടുടമായ കുഞ്ഞുമോൾ വർഗീസിനോട് ആറ് മാസത്തിനകം ബാങ്ക് ആവശ്യപ്പെടുന്ന പണം അടച്ച് ലേലം ഒഴിവാക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, 10 ലക്ഷം അടക്കാനേ കഴിഞ്ഞുള്ളൂ. അനുവദിച്ച സമയം കഴിഞ്ഞതോടെ വീടിെൻറ ഉമ്മറപ്പടി ചേർന്ന് അളന്നുതിരിച്ച് വിൽപനക്ക് വെക്കാൻ ബാങ്ക് നീക്കം തുടങ്ങിയിരിക്കുകയാണ്.
ഈ നീക്കം അവസാനിപ്പിക്കണമെന്നും സർഫാസി നിയമത്തിനെതിരെ നിയമസഭ അഡ്ഹോക്ക് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയാറാവണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. കുഞ്ഞുമോൾ വർഗീസിന് പുറമെ ടി.കെ. വാസു, പി.ജെ. മോൻസി, പി.ജെ. മാനുവൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.