തൃശൂർ: പൂജ നടത്താനെന്ന് പറഞ്ഞ് ക്ഷേത്ര ഭാരവാഹികളിൽ നിന്നു ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും ആഭരണങ്ങൾ കൈക്കലാക്കി മുങ്ങുകയും ചെയ്ത പൂജാരി അറസ്റ്റിൽ. ഒളരിക്കര പുല്ലഴി രാഗേഷ് കുമാറിനെ (45) ആണ് നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്.
ചിയ്യാരത്തുള്ള കുടുംബക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ നടത്തുന്നതിനും പുതിയ വിഗ്രഹങ്ങൾ, ഗോളക, ദേവിക്കുള്ള ആഭരണങ്ങൾ എന്നിവ നിർമിച്ച് തരാമെന്ന് പറഞ്ഞ് പല തവണകളിലായി 14,25,000 രൂപ കൈപ്പറ്റി മുങ്ങുകയായിരുന്നു.
2019 മുതൽ 2021 വരെയായി കുടുംബക്ഷേത്രത്തിൽ തന്ത്രിയായിരുന്നു ഇയാൾ. പുതിയ വിഗ്രഹങ്ങൾ, വിഗ്രഹത്തിൽ ചാർത്താനുള്ള ആഭരണങ്ങൾ, ഗോളക തുടങ്ങിയവ നിർമിച്ചുതരാനാണ് ക്ഷേത്രത്തിലെ തന്ത്രി എന്ന നിലയിൽ പണവും ആഭരണങ്ങളും കൈപ്പറ്റിയിരുന്നത്.
തുടർന്ന് വിഗ്രഹങ്ങളോ ആഭരണങ്ങളോ തരാതിരിക്കുകയും തരാനുള്ള തിയതി നീട്ടിക്കൊണ്ടുപോവുകയും ചെയ്തപ്പോഴാണ് ഭാരവാഹികൾക്ക് സംശയം തോന്നിയത്. തുടർന്നാണ് പണവും ആഭരണങ്ങളും തിരികെ ആവശ്യപ്പെട്ടത്. അതോടെ ഇയാൾ ഒളിവിൽ പോയി.
ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു. തുടർന്ന് നിരന്തരം നടത്തിയ അന്വേഷണത്തിനൊടുവിലാണ് മലപ്പുറം ജില്ല അതിർത്തിയിൽ അണ്ടത്തോടുള്ള മറ്റൊരു ക്ഷേത്രത്തിൽ ശ്രീഹരി എന്ന കള്ളപ്പേരിൽ പൂജ ചെയ്യുന്നതായി അറിഞ്ഞത്. പൊലീസ് എത്തിയതോടെ ഇവിടെനിന്നു മുങ്ങുകയായിരുന്നു.
രാത്രിയോടെ ക്ഷേത്രം അടക്കാൻ തിരികെ വന്നപ്പോഴാണ് വടക്കേക്കാട് പൊലീസിന്റെ സഹായത്തോടെ നെടുപുഴ പൊലീസ് പിടികൂടിയത്. ആറു മാസമായി അവിടെ പൂജ ചെയ്തിരുന്ന ഇയാൾ അവിടെയും ക്ഷേത്രഭാരവാഹികൾക്ക് കൃത്യമായ വിലാസം നൽകിയിരുന്നില്ല.
തുടർന്ന് അവർക്കും ഇയാളെ സംശയം തോന്നിയിരുന്നു. ഗുരുവായൂരിലുള്ള ഒരു സന്യാസിയെ പരിചയപ്പെട്ട് തെറ്റിദ്ധരിപ്പിച്ചാണ് പുതിയ സ്ഥലത്ത് ക്ഷേത്രത്തിൽ ജോലിക്കു കയറിയത്. വിഷ്ണുനമ്പൂതിരി എന്നാണ് പേരെന്നും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. ഇയാൾക്കെതിരെ പേരാമംഗലം പൊലീസ് സ്റ്റേഷനിലും അടിപിടി കേസുണ്ടെന്ന് പൊലീസ് അറിയിച്ചു.
നെടുപുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.ജി. ദിലീപിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ കെ.എ. തോമസ്, പൗലോസ്, ബാലസുബ്രഹ്മണ്യൻ, എ.എസ്.ഐ രാംകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീനാഥ്, പ്രവീൺ, പ്രിയൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.