തൃശൂർ: റോഡുകളിൽ ട്രാഫിക് മാർക്കിങ്ങുകൾ ഇല്ലാത്തതും റോഡ് നിർമാണത്തിലെ അപാകതമൂലം അപകടമുണ്ടാവുന്നതുമായ സ്ഥലങ്ങൾ കണ്ടെത്താൻ പൊലീസിന് നിർദേശം. സേനയിൽ വേണ്ടത്ര അംഗബലമില്ലാതെ എല്ലാവരും ഇരട്ടി ജോലിഭാരം അനുഭവിക്കുമ്പോഴാണ് തൃശൂർ സിറ്റി പൊലീസ് കമീഷണറുടെ സർക്കുലർ. സ്റ്റേഷൻതലത്തിൽ റോഡരികിലെയും മധ്യത്തിലെയും മാർക്കിങ് ഇല്ലാത്ത സ്ഥലങ്ങൾ കണ്ടെത്തുക, പൊതുമരാമത്ത്, ദേശീയപാത, സംസ്ഥാന പാതകളിലെയും ടാറിങ്ങും മൺമാർജിനും തമ്മിലുള്ള ഉയരവ്യത്യാസം, ദൂരക്കാഴ്ച തടസ്സപ്പെടൽ തുടങ്ങിയ റോഡ് നിർമാണ അപാകതമൂലം അപകടം ഉണ്ടായ സ്ഥലങ്ങൾ കണ്ടെത്തുക, ഇങ്ങനെ കണ്ടെത്തിയ സ്ഥലങ്ങളുടെ വിവരങ്ങളും അവിടെയുണ്ടായ അപകടങ്ങളുടെ വിവരങ്ങളും സഹിതം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ, പൊതുമരാമത്ത്, ദേശീയപാത അതോറിറ്റികളെകൂടി ഉൾപ്പെടുത്തി യോഗം ചേർന്ന് നടപടി എടുക്കുക എന്നിവയാണ് നിർദേശം.
കമീഷണറുടെ ഉത്തരവ് പ്രായോഗികമല്ലെന്നാണ് പൊലീസുകാർ പറയുന്നത്. ഇതുസംബന്ധിച്ച് പൊതുമരാമത്ത്, ദേശീയപാത അതോറിറ്റികൾക്കുപോലും കൃത്യമായ ധാരണ ഉണ്ടാവില്ലെന്നിരിക്കെയാണ് പൊലീസിന് ‘പണി’കൊടുത്തിരിക്കുന്നത്. വാഹനാപകടങ്ങൾക്ക് റോഡുകളുടെ അശാസ്ത്രീയത കാരണമാണെങ്കിൽ വകുപ്പ് മേധാവിയെയും കരാറുകാരെയും പ്രതി ചേർക്കണമെന്ന് നിയമമുണ്ടെങ്കിലും ‘അമിതവേഗവും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങും’എന്ന് എഴുതിച്ചേർത്ത് കുരുക്കിലാക്കുന്നതാണ് നിലവിൽ പൊലീസിന്റെ രീതി. മാസങ്ങൾക്ക് മുമ്പ് വാടാനപ്പള്ളിയിൽ വെള്ളം നിറഞ്ഞ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ കുന്നംകുളത്തെ യുവാവ് മരിച്ചതിലും മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിലെ അപകട മരണങ്ങളിലും പൊലീസ് നൽകിയ റിപ്പോർട്ട് കോടതിപോലും രൂക്ഷമായി വിമർശിച്ചിരുന്നു.
നിലവിൽ ആളില്ലാതെ ഇരട്ടി ജോലിഭാരത്തിൽ വലയുകയാണ് പൊലീസ്. തൃശൂരിൽ കീഴുദ്യോഗസ്ഥരെ ബലിയാടാക്കിയുള്ള പീഡനം പരിധി വിട്ട നിലയിലാണ്. ക്രൈംബ്രാഞ്ച് എസ്.ഐയെ കള്ളക്കേസിൽ കുടുക്കുന്ന തരത്തിൽ വരെ എത്തി. മേലുദ്യോഗസ്ഥരുടെ പീഡനം കാരണം കുറെപ്പേർ അവധിയിലാണ്. ഉള്ളവർ പ്രാഥമികാവശ്യം നിർവഹിക്കാൻ സമയമില്ലാത്ത വിധം നെട്ടോട്ടത്തിലാണ്. പുഴക്കൽ, പാലക്കൽ തുടങ്ങി ട്രാഫിക് ഡ്യൂട്ടിയിലാണ് അധികവും. ഒപ്പം രാഷ്ട്രീയപാർട്ടികളുടെ പ്രകടനത്തിനും പരിപാടികൾക്കും സുരക്ഷയൊരുക്കലും. കഴിഞ്ഞ ഓണക്കാലത്ത് പ്രത്യേക പട്രോളിങ് ഏർപ്പെടുത്തി കനത്ത സുരക്ഷയും ജാഗ്രതയിലുമാണെന്ന് പൊലീസ് അറിയിച്ച ദിവസമാണ് തൃശൂർ നഗരപരിധിയിൽതന്നെ ഇരട്ടക്കൊലപാതകം ഉണ്ടായത്.
കേസ് അന്വേഷണങ്ങൾക്ക് സമയമില്ലെന്ന് സേനാംഗങ്ങൾ പറയുന്നു. ട്രാഫിക് ഡ്യൂട്ടി പൊലീസിന്റെ ചുമതലയാണെങ്കിലും റോഡുകളുടെ അശാസ്ത്രീയ നിർമാണവും തകർച്ചയും കൃത്യമായ പരിപാലനവും ഇല്ലാത്തതാണ് അപകടങ്ങൾക്ക് പ്രധാന കാരണം. ഇത് പരിഹരിക്കാൻ സർക്കാർതലത്തിൽ ബന്ധപ്പെട്ട വകുപ്പുകളാണ് നടപടിയെടുക്കേണ്ടത്. ട്രാഫിക് ക്രമീകരണത്തിന്റെ ഭാഗമായി തൃശൂർ നഗരത്തിൽ സ്വരാജ് റൗണ്ടിൽ സിഗ്നൽ തൂണുകൾ സ്ഥാപിച്ചത് അനുമതിയില്ലാതെയാണെന്ന് കണ്ടെത്തി കോർപറേഷൻ നീക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.