തൃശൂര്‍: ലേബർ ഓഫിസറുമായുള്ള ചർച്ചക്കിടെ നഴ്സുമാരെ മർദിച്ച കൈപ്പറമ്പ് ‘നൈൽ’ ആശുപത്രി എം.ഡിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യു.എൻ.എയുടെ നേതൃത്വത്തിൽ നഴ്സുമാരുടെ പണിമുടക്ക് തുടരുന്നു. സമ്പൂർണ പണിമുടക്കിനായിരുന്നു ആദ്യം തീരുമാനമെങ്കിലും വിഷയത്തിൽ കലക്ടർ ഇടപെടുകയും ചർച്ചക്കായി വിളിക്കുകയും ചെയ്ത സാഹചര്യത്തിൽ അത്യാഹിത വിഭാഗങ്ങളിലും അത്യാവശ്യ സേവനങ്ങൾക്കും നഴ്സുമാരെ ലഭ്യമാക്കി ആശുപത്രികളിലെ അടിയന്തര സേവനങ്ങൾ തടസ്സപ്പെടാതെയായിരുന്നു ശനിയാഴ്ചയിലെ പ്രതിഷേധം. ഞായറാഴ്ച രാവിലെയാണ് കലക്ടർ വി.ആർ. കൃഷ്ണതേജ യു.എൻ.എ ഭാരവാഹികളും ആശുപത്രി മാനേജ്മെന്റിനെയും ചർച്ചക്ക് ക്ഷണിച്ചത്.
ചർച്ചക്കിടയിലായിരുന്നു ആശുപത്രി എം.ഡി ഡോ. അലോക് ഗർഭിണിയായ നഴ്സിനെയടക്കമുള്ളവരെ തട്ടിനീക്കിയും ചവിട്ടിയും കടന്നുപോയത്. ഇതാണ് പ്രശ്നം കൂടുതൽ വഷളാക്കിയത്. നാല് നഴ്സുമാർ ചികിത്സയിലാണ്. എന്നാൽ, തനിക്കുനേരെയാണ് ആക്രമണമുണ്ടായതെന്ന് ആരോപിച്ച് ഡോ. അലോകും രംഗത്തുവന്നു. ഇരുകൂട്ടരും പൊലീസിന് പരാതി നൽകിയെങ്കിലും ആരുടെ പരാതിയിലും നടപടികളിലേക്ക് കടന്നില്ല. ഇതേ തുടർന്നായിരുന്നു സമരം ശക്തമാക്കാനുള്ള തീരുമാനം.
സൂചന സമരത്തിന്റെ ഭാഗമായി യു.എൻ.എ കലക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പടിഞ്ഞാറെ കോട്ട വെസ്റ്റ് ഫോർട്ട് ആശുപത്രിക്ക് മുന്നിൽനിന്ന് ആരംഭിച്ച മാർച്ച് കലക്ടറേറ്റിന് മുന്നിൽ സമാപിച്ചു. ദേശീയ പ്രസിന്റ് ജാസ്മിൻഷാ ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറി എം.വി. സുധീപ്, സംസ്ഥാന സെക്രട്ടറി രശ്മി പരമേശ്വരൻ, സംസ്ഥാന ട്രഷറർ ഇ.എസ്. ദിവ്യ, വൈസ് പ്രസിഡൻറ് നിതിൻമോൻ സണ്ണി, ജില്ല പ്രസിഡൻറ് ലിഫിൻ ജോൺസൺ, സെക്രട്ടറി ലിജോ കുര്യൻ എന്നിവർ സംസാരിച്ചു. അറുപതോളം ആശുപത്രികളിൽനിന്ന് 2,500 ഓളം നഴ്സുമാരാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ഞായറാഴ്ച കലക്ടർ വിളിച്ച ചർച്ചയിൽ പരിഹാരമാകുന്നില്ലെങ്കിൽ ജില്ല സമ്പൂർണ പണിമുടക്കിലേക്ക് കടക്കുമെന്ന് നേതൃത്വം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.