കോർപറേഷനിൽ പ്രതിപക്ഷ നേതാവിന്റെ മുറി പൂട്ടില്ല

തൃശൂർ: കോർപറേഷനിൽ പ്രതിപക്ഷ നേതാവിന്റെ മുറിയൊഴിയാൻ നിർദേശിച്ച് മേയർ നോട്ടീസ് നൽകിയ സംഭവത്തിൽ സി.പി.എം നേതൃത്വത്തിന് അതൃപ്തി. തദ്ദേശ സ്ഥാപനങ്ങളിൽ പ്രതിപക്ഷ നേതാവ് എന്ന പദവിക്ക് നിയമ സാധുതയില്ലാത്തതിനാൽ ഏതെങ്കിലും പ്രത്യേക സൗകര്യമോ ആനുകൂല്യങ്ങളോ അനുവദിക്കാൻ പാടില്ലെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവിനായി അനുവദിച്ച മുറി, ഫോൺ സൗകര്യം എന്നിവ നിർത്തലാക്കി മേയർ കഴിഞ്ഞദിവസം ഉത്തരവ് നൽകിയത്.

തദ്ദേശ സ്ഥാപനങ്ങളിൽ ഭരണസമിതിയാണെന്നും ഭരണപ്രതിപക്ഷമെന്നത് കക്ഷി രാഷ്ട്രീയതലത്തിൽ വ്യാഖ്യാനിക്കുന്നതാണെന്നും നേരത്തേതന്നെ നിർദേശമുള്ളതാണ്. എങ്കിലും കീഴ്വഴക്കമായി മുറി നൽകാറുണ്ട്.

തൃശൂർ കോർപറേഷനിൽ മേയർക്കും പ്രതിപക്ഷ നേതാവിനും സ്ഥിരംസമിതി ചെയർമാൻമാർക്കും പ്രത്യേകം മുറികളും ഫോൺ അടക്കമുള്ള സൗകര്യങ്ങളുമുണ്ട്. നേരത്തേ വൻ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് ഭരണത്തിലിരുന്ന സമയത്ത് ആറ് അംഗങ്ങൾ മാത്രമായി പ്രതിപക്ഷത്തായിരുന്ന ഇടതുപക്ഷത്തിനും സമാനമായി മുറി അനുവദിച്ചിരുന്നു.

കോർപറേഷൻ ഭരണസമിതിക്കെതിരെ കോൺഗ്രസ് പ്രതിഷേധം കടുപ്പിച്ച സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ മുറിയൊഴിപ്പിക്കാൻ നിർദേശമുണ്ടായത്. സി.പി.എം നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് മുറിയൊഴിപ്പിക്കാനുള്ള ഉത്തരവെന്ന് പ്രചാരണമുയർന്നതോടെയാണ് സി.പി.എം നേതൃത്വം ഇക്കാര്യത്തിൽ വിശദീകരണം തേടിയത്. 17ന് വൈകീട്ട് ഇറങ്ങിയ ഉത്തരവ് 18നാണ് സി.പി.എം നേതൃത്വം അറിയുന്നത്.

കോർപറേഷനിൽ ചുമതലയുള്ള ജില്ല സെക്രട്ടേറിയറ്റ് അംഗം പി.കെ. ഷാജൻ, ജില്ല കമ്മിറ്റി അംഗം വർഗീസ് കണ്ടംകുളത്തി എന്നിവരോട് ജില്ല സെക്രട്ടറി എം.എം. വർഗീസ് വിവരങ്ങൾ ആരാഞ്ഞു. മേയർ എം.കെ. വർഗീസിനോടും വിശദാംശങ്ങൾ തേടി. നടപടി ശരിയായില്ലെന്നാണ് സി.പി.എം നേതൃത്വത്തിന്റെ വിലയിരുത്തൽ.

17ന് ഉച്ചക്ക് ലഭിച്ച രജിസ്ട്രേഡ് പരാതിയുടെ അടിസ്ഥാനത്തിൽ നടപടിക്രമം പാലിക്കുകയായിരുന്നു ചെയ്തതെന്നാണ് മേയർ സി.പി.എം നേതൃത്വത്തെ അറിയിച്ചത്. മുറി പൂട്ടുകയോ ഫോൺ അടക്കമുള്ള ഏതെങ്കിലും സൗകര്യങ്ങൾ ഒഴിവാക്കുകയോ ചെയ്യരുതെന്ന് സി.പി.എം നേതൃത്വം മേയർക്കും ഇടത് നേതാക്കൾക്കും നിർദേശം നൽകിയിട്ടുണ്ട്.

മേയറുടേത് തരംതാഴ്ന്ന നടപടി -ജോസ് വള്ളൂർ

തൃശൂർ: ഭരണസമിതിക്കകത്ത് പ്രതിപക്ഷ ശബ്ദമുയരുന്നത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്നും അതിനെ ഇല്ലാതാക്കാനാണ് കോർപറേഷനിൽ മേയർ ശ്രമിക്കുന്നതെന്നും ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ. പ്രഥമ പാർലമെന്റിൽ കേവലം മൂന്ന് ശതമാനം മാത്രം ഉണ്ടായിരുന്ന കമ്യൂണിസ്റ്റ് പാർട്ടിക്ക് പ്രതിപക്ഷ നേതൃസ്ഥാനം നൽകി ബഹുമാനം ഏറ്റുവാങ്ങിയ എ.കെ.ജിയുടെ പിൻമുറക്കാർ മേയറുടെ വിലകുറഞ്ഞ നടപടിക്ക് കൂട്ടുനിൽക്കുന്നത് പരിതാപകരമാണ്.

എതിർക്കപ്പെടുമ്പോൾ തോന്നുന്ന ദുരഭിമാനത്തിന്റെ പേരിൽ നടത്തുന്ന തരംതാണ നടപടിയിൽനിന്ന് മേയർ പിൻവാങ്ങണമെന്നും ജോസ് വള്ളൂർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ മുൻ മേയറും ഡി.സി.സി വൈസ് പ്രസിഡന്റുമായ ഐ.പി. പോൾ, കെ.പി.സി.സി സെക്രട്ടറിയും കോർപറേഷൻ നഗരാസൂത്രണ സ്ഥിരംസമിതി ചെയർമാനുമായ ജോൺ ഡാനിയേലും പങ്കെടുത്തു.

Tags:    
News Summary - The opposition leader's room is not locked in the corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.