തൃശൂർ: വീടുകളിൽനിന്നും ഫ്ലാറ്റുകളിൽനിന്നും ഭക്ഷണാവശിഷ്ടങ്ങളടക്കമുള്ള മാലിന്യം ശേഖരിക്കുന്നത് കോർപറേഷൻ നിർത്തി. നിക്ഷേപ കേന്ദ്രത്തിൽ സൗകര്യമില്ലാത്തതിനാൽ ഇനി ഭക്ഷണാവശിഷ്ടങ്ങൾ അടക്കമുള്ളവ എടുക്കാനാവില്ലെന്നും ‘നിങ്ങൾ തന്നെ എന്തെങ്കിലും മാർഗം കണ്ടെത്തിക്കൊള്ളാനും’ ഹരിതകർമ സേനാംഗങ്ങൾ നിർദേശിച്ചു. മാലിന്യം എടുക്കാൻ കഴിയില്ലെന്ന ഹരിതകർമ സേനയുടെ നിലപാട് ഫ്ലാറ്റുകളിൽ താമസിക്കുന്നവരെയാണ് ഏറെ വലച്ചത്.
അടുത്ത ദിവസമെത്തുമെന്ന് കരുതി കാത്തിരുന്നവരോട് കഴിഞ്ഞ ദിവസമാണ് ഹരിതകർമസേനാംഗങ്ങൾ ഇക്കാര്യമറിയിച്ചത്. ഒരാഴ്ചയോളമായി ഭക്ഷണാവശിഷ്ടങ്ങളടക്കം മാലിന്യത്തൊട്ടികളിൽ കിടക്കുന്നതിനാൽ ഫ്ലാറ്റുകളിൽ താമസിക്കുന്നവർ ദുരിതാവസ്ഥയിലാണ്. കുരിയച്ചിറയിലെ സംസ്കരണ കേന്ദ്രത്തിലേക്കാണ് മാലിന്യം കൊണ്ടുപോയിരുന്നത്. പ്രാദേശിക എതിർപ്പ് ഉയർന്നതോടെ ഇത് നിലച്ചു.
മാലിന്യം കൊണ്ടുപോകാൻ കരാർ നൽകിയിരിക്കുകയാണ്. ഇത് കരാറുകാർക്ക് കോടികൾ തട്ടാനുള്ള മാർഗം മാത്രമായി. മാലിന്യം പലയിടത്തായി കിടക്കുകയും തീയിടുകയുമാണ്. ലാലൂരിലെ മാലിന്യ പ്ലാന്റ് പൂട്ടിയത് ബദൽ മാർഗങ്ങളില്ലാതെയായിരുന്നു. പിന്നീട് ശക്തനിലെ പ്ലാന്റിനെയാണ് ആശ്രയിച്ചിരുന്നത്. മാലിന്യം താങ്ങാനാവാതായതോടെ ഇതും പ്രവർത്തനം നിലച്ചതിന് സമാനമാണ്.
നിലവിലെ ഇടത് ഭരണസമിതി അധികാരത്തിലെത്തിയിട്ട് ഒമ്പത് വർഷത്തോടടുക്കുകയാണെങ്കിലും മാലിന്യ സംസ്കരണത്തിന് ഇപ്പോഴും കൃത്യമായ പദ്ധതികളില്ല. മാലിന്യ സംസ്കരണ പദ്ധതികളെക്കുറിച്ച് പഠിക്കാൻ ഒറീസ, ബംഗളൂരു തുടങ്ങി രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ‘വിനോദസഞ്ചാരം’ നടത്തുകയല്ലാതെ പദ്ധതികളൊന്നും നടപ്പിലായില്ല. സമ്പൂർണ ശുചിത്വ നഗരം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് കോർപറേഷനിലെന്നാണ് അധികൃതരുടെ വിശദീകരണം.
വീടുകളിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നും ഭക്ഷണാവശിഷ്ടങ്ങളടക്കമുള്ള മാലിന്യം എടുക്കില്ലെന്ന നിലപാട് വഴിയോരങ്ങളിൽ മാലിന്യം വലിച്ചെറിയാൻ കാരണമായേക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.