തൃശൂർ: കെ. മുരളീധരൻ എന്ന കരുത്തൻ മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ട ദയനീയ ഫലം വന്ന ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ അനാഥമായ ജില്ല കോൺഗ്രസ് കമ്മിറ്റിക്ക് നാഥനെ നൽകാൻ കെ.പി.സി.സി, എ.ഐ.സി.സി നേതൃത്വങ്ങൾക്ക് സമയമായില്ല!. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഒരുക്കാനും സർക്കാരിന് എതിരായ പ്രതിരോധങ്ങൾ നയിക്കാനും ജില്ലക്ക് ‘ഫുൾ ടൈം’ പ്രസിഡന്റിനെ വേണമെന്ന് പാർട്ടി നേതൃത്വത്തിന് തോന്നാത്തത് മണ്ഡലംതലങ്ങളിൽ വലിയ അമർഷത്തിന് ഇടയാക്കുന്നുണ്ട്.
കെ. മുരളീധരന്റെ തോൽവിയും പിന്നാലെ ഡി.സി.സി ഓഫിസിലെ കൂട്ടത്തല്ലും കഴിഞ്ഞതോടെയാണ് ജോസ് വള്ളൂരിന് ഡി.സി.സി പ്രസിഡന്റ് സ്ഥാനവും എം.പി. വിൻസെന്റിന് യു.ഡി.എഫ് ചെയർമാൻ സ്ഥാനവും ഒഴിയേണ്ടി വന്നത്. ഇതുരണ്ടും ഇപ്പോഴും നികത്താതെ കിടക്കുകയാണ്. പ്രസിഡന്റിന്റെ ചുമതല പാലക്കാട് എം.പി വി.കെ. ശ്രീകണ്ഠന് നൽകിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ നിരന്തര സാന്നിധ്യവും നായകത്വവും സ്വാഭാവികമായും ജില്ലയിൽ പാർട്ടിക്ക് കിട്ടുന്നില്ല. ഇത് പ്രാദേശിക തലത്തിൽ കൂട്ടായി എടുക്കേണ്ട തീരുമാനങ്ങളെ ഉൾപ്പെടെ ഏറെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് പാർട്ടിയുമായി ബന്ധപ്പെട്ടവർതന്നെ പറയുന്നു.
മുരളീധരന്റെ തോൽവിക്ക് ശേഷം മുൻ എം.എൽ.എ ടി.എൻ. പ്രതാപൻ, ജോസ് വള്ളൂർ, അനിൽ അക്കര, എം.പി. വിൻസെന്റ് എന്നിവരുടെ പേര് തെരുവിൽ വലിച്ചിഴച്ചായിരുന്നു പ്രതിഷേധം. ഇതിൽ ചിലർക്കെതിരെ മുരളീധരൻ പാർട്ടി വേദിയിൽ പരാതിപ്പെട്ടുവെന്നും പ്രചരിച്ചു. തൃശൂർ, ആലത്തൂർ ലോക്സഭ മണ്ഡലങ്ങളിലെ തോൽവി അന്വേഷിക്കാൻ കെ.പി.സി.സി നിയോഗിച്ച സമിതി തെളിവെടുപ്പുകൾ കഴിഞ്ഞ് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അതിന്മേൽ ചർച്ച നടന്നതായി വിവരമില്ല. ഏതായാലും അതിന്റെ പേരിൽ ആർക്കും ഒരു പോറലും ഏറ്റിട്ടില്ല. ആരോപണമേറ്റവർക്ക് പിന്നീട് ചേലക്കര ഉപതെരഞ്ഞെടുപ്പിൽ ഉൾപ്പെടെ ചുമതല ലഭിച്ചത് പാർട്ടി അതൊന്നും പരിഗണിച്ചിട്ടേയില്ല എന്നതിന്റെ തെളിവായിരുന്നു.
പാർട്ടിയുടെ 110 മണ്ഡലം കമ്മിറ്റികളിൽ മിക്കയിടത്തും ഗ്രൂപ്പുകൾക്ക് അതീതമാണ് കലഹം. ഓരോ വിഷയത്തിലും ആര് നിലപാട് പറയണം, ആര് നയിക്കണം എന്ന തർക്കം രൂക്ഷമാണ്. ഡി.സി.സി പ്രസിഡന്റിന്റെ ചുമതല വഹിക്കുന്നയാളുടെ അസാന്നിധ്യത്തിൽ കാര്യങ്ങൾ നടത്താൻ അതത് സമയത്ത് ഒരാളെ നിയോഗിക്കുകയാണ്. ചടങ്ങായി അതെല്ലാം നടക്കുന്നുവെന്ന് മാത്രം.
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വാർഡ് വിഭജനത്തിന്മേൽ ഡീ-ലിമിറ്റേഷൾ കമീഷന് ആക്ഷേപങ്ങൾ സമർപ്പിച്ചത് പ്രാദേശിക തലത്തിൽ പലർക്കും തദ്ദേശ സ്ഥാപനങ്ങളിലേക്ക് നോട്ടമുള്ളത് കൊണ്ടുമാത്രമാണ്. എന്നാൽ, ആ പരാതികൾ തള്ളുന്ന പക്ഷം മുകൾത്തട്ടിലേക്കും വേണ്ടിവന്നാൽ കോടതികളിലേക്കും നീങ്ങാനും പാർട്ടി സംവിധാനംതന്നെ വേണം. ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് നേതൃത്വം നൽകാൻ ആരുമില്ല.
ഡി.സി.സി പ്രസിഡന്റ്, യു.ഡി.എഫ് ജില്ല ചെയർമാൻ സ്ഥാനങ്ങളിലേക്ക് എ.ഐ.സി.സിയുടെ മുന്നിൽ പേരുകൾ പരിഗണനയിലുണ്ട് എന്നാണ് പറയപ്പെടുന്നത്. സ്ഥാനമൊഴിഞ്ഞ ജോസ് വള്ളൂരിനും മുൻ എം.എൽ.എ അനിൽ അക്കരക്കും വേദി വാദിക്കുന്നവരുണ്ട്.
ഡി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് ടാജറ്റിന് പ്രസിഡന്റ് പദവി നൽകുമെന്ന പ്രചരണവുമുണ്ട്. യു.ഡി.എഫ് ചെയർമാൻ സ്ഥാനത്തേക്ക് മുൻ എം.എൽ.എ ടി.വി. ചന്ദ്രമോഹനന്റെ പേരാണ് കേൾക്കുന്നത്. ഉയരുന്ന ചില പേരുകൾക്കെതിരെ അവരുടെ എതിരാളികളുടെ പ്രചാരണവും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.