തൃപ്രയാർ: ദേശീയപാത 66ന്റെ നിർമാണത്തിന് ഏറ്റെടുത്ത ഭൂമിയിലെ സ്കൂൾ കെട്ടിടം പൊളിക്കുന്നതിനെതിരെ മാനേജർ നൽകിയ ഹരജി സുപ്രീം കോടതി തള്ളി. 24 മണിക്കൂറിനുള്ളിൽ സ്കൂളിലെ സാധന സാമഗ്രികൾ മാറ്റി കെട്ടിടം പൊളിക്കാൻ സാഹചര്യമൊരുക്കാൻ കോടതി ഉത്തരവിട്ടു. എടമുട്ടം യു.പി സ്കൂൾ കെട്ടിടമാണ് പൊളിക്കാൻ കോടതി ഉത്തരവിട്ടത്.
എൻ.എച്ച് 66 സ്പെഷൽ ഡെപ്യൂട്ടി കലക്ടർ ഇതു സംബന്ധിച്ച ഉത്തരവ് വലപ്പാട് എ.ഇ.ഒ, സ്കൂൾ മാനേജർ എന്നിവർക്ക് നൽകി.
ദേശീയപാതക്കായി സ്ഥലം ഏറ്റെടുത്തപ്പോൾ സ്കൂൾ കെട്ടിടത്തിനും സ്ഥലത്തിനും കൂടി 10 കോടിയിലധികം രൂപ നൽകിയെങ്കിലും ഇതു വാങ്ങാതെ കെട്ടിടവും സ്ഥലവും സംരക്ഷിച്ച് പാതയുടെ വഴിമാറ്റണമെന്നാവശ്യപ്പെട്ട് മാനേജർ കോടതിയിൽ ഹരജി ഫയൽ ചെയ്യുകയായിരുന്നു.
പണം ഉപയോഗിച്ച് ഏറ്റെടുത്ത സ്ഥലം കഴിച്ച് ബാക്കിയുള്ള സ്ഥലത്ത് കെട്ടിടം നിർമിക്കണമെന്ന ഉപജില്ല വിദ്യാഭ്യാസ അധികൃതരുടെയും സ്കൂൾ വികസന സമിതിയുടെയും ആവശ്യം മാനേജർ തള്ളുകയും ചെയ്തു.
സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലമൊഴികെ ഇരുഭാഗത്തും പാതയുടെ നിർമാണം ദ്രുതഗതിയിൽ നടന്നുവരികയാണ്. തടസ്സം നീങ്ങിയതോടെ അടുത്ത ദിവസം കെട്ടിടം പൊളിച്ച് പാത നിർമാണം തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.