ചാ​ല​ക്കു​ടി​പ്പു​ഴ​

കാലാവസ്ഥ പ്രതിഭാസങ്ങളിൽ വലഞ്ഞ് തൃശൂർ ജില്ല

തൃശൂർ: കാലാവസ്ഥ വ്യതിയാനത്തിന്‍റെ തീക്ഷണ സ്വഭാവങ്ങളുടെ ഈറ്റില്ലമാവുകയാണ് ജില്ല. ഈ വർഷം മൺസൂണിൽ മാത്രം പത്ത് മേഖലകളിൽ മിന്നൽ ചുഴലി റിപ്പോർട്ടു ചെയ്തു. അതിതീവ്ര മഴ പെയ്യുന്നതിൽ ജില്ലയിൽ ചാലക്കുടിയും കൊടുങ്ങല്ലൂരും തമ്മിൽ മത്സരമാണ്.

മേഘവിസ്ഫോടനം, താപവിസ്ഫോടനം, പൊടിച്ചുഴലി, നീർചുഴലി, മത്സ്യമഴ അടക്കം സമീപ വർഷങ്ങളിൽ ജില്ലയിലുണ്ടായ പ്രതിഭാസങ്ങൾ ഏറെയാണ്. ജില്ലയുടെ തീരവും മലയോര മേഖലയും അടക്കം ഇത്തരം പ്രശ്നങ്ങളിൽ നിന്നും ഭിന്നമല്ല. എന്നിട്ടും ഉറക്കത്തിൽനിന്നും ഉണരാൻ അധികൃതർ തയാറല്ല. ജില്ലയുടെ മൂന്ന് സ്വന്തം മന്ത്രിമാർ ഇക്കാര്യങ്ങൾ പഠനവിധേയമാക്കാൻ ഒന്നും ചെയ്തിട്ടില്ല.

ദുരന്ത നിവാരണ വകുപ്പും ഒന്നും ചെയ്യാതെ കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട് നൽകുന്ന സമിതിയായി മാറുകയാണ്. ജില്ല പഞ്ചായത്തും വികസന സമിതിയും ഇക്കാര്യങ്ങൾ ഗൗരവകരമായി ചർച്ചക്കുപോലും കൊണ്ടുവന്നിട്ടില്ല. ജില്ല കലക്ടറും ജില്ല ഭരണകൂടവും ഇനിയും ഉറക്കം നടിച്ചാൽ സങ്കീർണമാവും കാര്യങ്ങൾ.

മിന്നൽ ചുഴലി പതിവായി

സെക്കൻഡുകൾക്കുള്ളിൽ വൻ നാശങ്ങളുണ്ടാക്കുന്ന മിന്നൽ ചുഴലി ജില്ലയിലിപ്പോൾ നിത്യസംഭവമാണ്. ഈ കാലവർഷത്തിൽ പത്തു പ്രദേശങ്ങളിൽ കോടികളുടെ നഷ്ടമാണ് മിന്നൽചുഴലി വരുത്തിയത്. ചാലക്കുടി, മാള മേഖലകളിലാണ് കാറ്റ് താണ്ഡവമാടിയത്.

അരിമ്പൂർ, വിയ്യൂർ, കുന്നംകുളം മേഖലകളിലും നാശമുണ്ടായി. കൂമ്പാര മഴമേഘങ്ങളിൽ നിന്നുള്ള കാറ്റിന്റെ കീഴ്ത്തള്ളലാണ് ഇതിന് പ്രധാന കാരണം. ഇത്തരം കാറ്റ് മൂൻകൂട്ടി പ്രവചിക്കൽ അസാധ്യമാണ്. കാലാവസ്ഥ വ്യതിയാന നാളുകളിൽ ഇത്തരത്തിലുണ്ടാവുന്ന കാറ്റുകളെ കുറിച്ച അപഗ്രഥനങ്ങൾ സംസ്ഥാന തലത്തിൽ തന്നെ വേണ്ടതുണ്ട്.

ചാലക്കുടിപ്പുഴ പേടിസ്വപ്നം

ചുരുങ്ങിയത് ഒരു ദശകമായി ചാലക്കുടിപ്പുഴ ജില്ലയുടെ പേടിസ്വപ്നമാണ്. മഴക്ക് കാലവും രൂപവും മാറിയതോടെ എപ്പോൾ വേണമെങ്കിലും മഴ പ്രതീക്ഷിക്കാവുന്ന അവസ്ഥയാണുള്ളത്. നിലവിലെ കാലവർഷത്തിലും കഴിഞ്ഞ തുലാവർഷത്തിലും മഴ തിമിർത്തപ്പോൾ ജില്ലയാകെ പേടിച്ചത് ചാലക്കുടി നിവാസികളെ ഓർത്താണ്.

2018ലെ പ്രളയം തീർത്ത മാലിന്യശേഷിപ്പ് പേറി ചാലക്കുടിപ്പുഴ ചെറിയ മഴയിൽ പോലും കവിഞ്ഞൊഴുകുകയാണ്. വൃഷ്ടി പ്രദേശങ്ങളിലെ കനത്ത മഴ ചാലക്കുടിക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്. അപ്പർ - ലോവർ ഷോളയാർ, ആളിയാർ, പറമ്പിക്കുളം ഡാമുകൾ തീർക്കുന്ന മഴവെള്ളപ്പാച്ചിലിൽ പുഴയോരവാസികൾ വലയുകയാണ്.

ചാലക്കുടിപ്പുഴയിൽനിന്ന് മാലിന്യം നീക്കംചെയ്ത് ആഴം കൂട്ടലും പുഴയോര സംരക്ഷണവും അവിടത്തെ ജനങ്ങളുടെ നിരന്തര ആവശ്യമാണ്. അതിന് കാതുകൊടുത്ത് തുലാം കനക്കും മുമ്പേ നടപടി സ്വീകരിക്കുകയാണ് അധികൃതർ ചെയ്യേണ്ടത്.

അശാന്ത തീരം

കാലാവസ്ഥ വ്യതിയാനത്തിന്റെ തീക്ഷണ സ്വഭാവങ്ങൾ ജില്ലയിൽ പ്രകടമാവുന്ന മറ്റൊരു മേഖലയാണ് കടലും തീരവും. കൊടുങ്ങല്ലൂർ അഴീക്കോട് മുതൽ ചാവക്കാട് വരെയുള്ള തീരം ഏതാണ്ട് അശാന്തമാണ്. ന്യൂനമർദങ്ങളുടെ അതിപ്രസരത്തിൽ കടൽ ഏതാണ്ട് കലുഷിതമാണ്. ബംഗാൾ ഉൾക്കടലിലെ മാറ്റങ്ങൾ വരെ ഇവിടെ പ്രതിഫലിക്കുന്നുണ്ട്. കടലേറ്റവും മറ്റും നിത്യസംഭവമാണ്. കടലേറ്റത്തിന് പരിഹാരമായ പുലിമുട്ട് നിർമാണം വർഷങ്ങളായി ഇഴയുകയാണ്.

പുലിമുട്ട് നിർമാണത്തിലെ അശാസ്ത്രീയതയിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ അതിസങ്കീർണമാണ്. അതോടൊപ്പം കടൽ ശോഷണവും കൂടുകയാണ്. ഏറിയ ദിനങ്ങളിലും വമ്പൻ കാറ്റുള്ളത് മത്സ്യബന്ധനത്തെയും ബാധിക്കുന്നുണ്ട്.

Tags:    
News Summary - Thrissur district is affected by weather phenomena

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.