മുളങ്കുന്നത്ത്കാവ്: കഠിനമായ ശ്വാസതടസ്സം നേരിട്ട, അഞ്ചു മാസം പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് തൃശൂർ ഗവ. മെഡിക്കൽ കോളജ്. ചെന്ത്രാപ്പിന്നി സ്വദേശികളായ ദമ്പതികളുടെ പെൺകുഞ്ഞിനെ കഴുത്തിന്റെ വലത് വശത്തായി പഴുപ്പുമായി മെഡിക്കൽ കോളജിലെ ശിശു ശസ്ത്രക്രിയ വിഭാഗത്തിൽ കഴിഞ്ഞ മാസം ഒമ്പതിനാണ് പ്രവേശിപ്പിച്ചത്. പഴുപ്പ് നീക്കംചെയ്ത് മരുന്ന് നൽകിയിരുന്നു. എന്നാൽ, പിന്നീട് കഠിനമായ ശ്വാസതടസ്സം നേരിട്ടു. സി.ടി സ്കാൻ ചെയ്തപ്പോൾ ശ്വാസനാളിയുടെ പിന്നിലും നട്ടെല്ലിന്റെ മുന്നിലുമായി വലിയൊരു പഴുപ്പ് രൂപപ്പെട്ടതായി മനസ്സിലായി. ശ്വാസനാളിയെ പഴുപ്പ് തടസ്സപ്പെടുത്തുന്നതിനാലാണ് ശ്വാസതടസ്സമുണ്ടായത്.
റിട്രോഫാരിഞ്ച്യൽ അബ്സസ്സ് എന്ന ഈ രോഗം ചികിത്സിച്ചില്ലെങ്കിൽ, ശ്വാസതടസ്സം മൂലം മരണംവരെ സംഭവിക്കും. ആറ് മാസത്തിൽ താഴെയുള്ള കുട്ടികളിൽ രോഗം സാധാരണമല്ല. വായ്ക്കകത്ത് കൂടിയുള്ള ശസ്ത്രക്രിയ പഴുപ്പോ രക്തമോ ശ്വാസനാളിയിൽ പോകാതെ വിദഗ്ധമായി മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സംഘം പൂർത്തീകരിച്ചു. കുട്ടി പൂർണാരോഗ്യം വീണ്ടെടുത്ത് ഡിസ്ചാർജായി. ശിശു ശസ്ത്രക്രിയ വിഭാഗം പ്രഫസറും മേധാവിയുമായ ഡോ. നിർമൽ ഭാസ്കറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.
അസിസ്റ്റന്റ് പ്രഫസർ ഡോ. ശശികുമാർ, ജൂനിയർ ഡോക്ടർമാരായ ഡോ. ബ്യൂള, ഡോ. മിഥുൻ, ഇ.എൻ.ടി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. മനു വിൽഫ്രഡ്, ജൂനിയർ ഡോക്ടർ ഡോ. നീനു എന്നിവർ ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നു. അനസ്തേഷ്യ വിഭാഗം പ്രഫസർ ഡോ. ബിന്ദുവിന്റെ നേതൃത്വത്തിൽ ഡോ. അരുൺ വർഗീസും ഡോ. ഡാരിസുമടങ്ങിയ സംഘം അനസ്തേഷ്യ നൽകി. ഡോ. ദീപ അനിരുദ്ധന്റെ നേതൃത്വത്തിലുള്ള സംഘമാണ് പീഡിയാട്രിക് ഐ.സി.യുവിൽ കുട്ടിയെ പരിചരിച്ചത്.
രോഗം വ്യക്തമായി നിർണയിച്ചത് റേഡിയോളജി വിഭാഗത്തിലെ ഡോ. ഷിന്റോ സെബാസ്റ്റ്യൻ, ഡോ. അഖിൽ കെ. നമ്പ്യാർ, ഡോ. കൗസല്യ എന്നിവരാണ്. എമർജൻസി ഓപറേഷൻ തിയറ്ററിലെ ഹെഡ് നഴ്സിങ് ഓഫിസർ മിനി പി. ശ്രീധരന്റെ നിർദേശപ്രകാരം നഴ്സിങ് ഓഫിസർ അനു ജോർജാണ് അസിസ്റ്റ് ചെയ്തത്. പ്രിൻസിപ്പൽ ഡോ. എൻ. അശോകൻ, സൂപ്രണ്ട് ഡോ. രാധിക എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.