തൃശൂര്‍: പാലക്കാട് -തൃശൂർ ദേശീയപാതയിലെ പന്നിയങ്കര ടോള്‍ ബൂത്തില്‍ കുതിരാന്‍ തുരങ്കത്തിനുള്ള ടോള്‍കൂടി പിരിക്കുന്നു. കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്തിന് ദേശീയപാത അതോറിറ്റി രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാറുകള്‍ക്ക് തുരങ്കത്തിന് 65 രൂപയും റോഡിന് 35 രൂപയും കണക്കാക്കി 100 രൂപയാണ് ഈടാക്കുന്നത്. മടക്കയാത്രക്ക് തുരങ്കത്തിന് 100 രൂപയും റോഡിന് 50 രൂപയും കണക്കാക്കി 150 രൂപയും ഈടാക്കുന്നു.
തുരങ്കത്തില്‍ മിനി ബസിന് 100 രൂപയും ബസിനും ട്രക്കിനും 200 രൂപയും ഭാരവാഹനങ്ങള്‍ക്ക് 295 രൂപയുമാണ് ഒറ്റത്തവണ ടോള്‍ നിരക്ക്. 24 മണിക്കൂറിനകമുള്ള മടക്കയാത്രക്ക് 150, 300, 450 എന്നിങ്ങനെയാണ് നിരക്ക്. റോഡിനുള്ള ടോള്‍ നിരക്ക് മിനി ബസുകള്‍ക്ക് 55, ബസ്, ട്രക്ക് എന്നിവക്ക് 115 രൂപയും ഭാരവാഹനങ്ങള്‍ക്ക് 185 രൂപയുമാണ്. മടക്കയാത്രയുണ്ടെങ്കില്‍ യഥാക്രമം 85, 175, 275 എന്നിങ്ങനെയാണ് നിരക്ക്.
അതേസമയം, കുതിരാന്‍ തുരങ്കത്തിലെ പണികള്‍ പൂര്‍ത്തിയാക്കാതെയാണ് ടോൾ പിരിക്കുന്നതെന്നും വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു. കോണ്‍ക്രീറ്റ് ലൈനിങ്, തുരങ്കത്തിന് മുകളിലെ സ്ലാബുകളിലെ ചില പണികള്‍, ഇടമുറിച്ചു കടക്കാനുള്ള സംവിധാനം എന്നീ പണികളാണ് ശേഷിക്കുന്നത്. തുരങ്ക നിര്‍മാണത്തിന് 230.77 കോടി രൂപയാണ് ചെലവാക്കിയത്. എന്നാല്‍, ആറുവരിപ്പാതക്ക് 1553.61 കോടി ചെലവായി. സര്‍ക്കാര്‍ ഗ്രാന്‍റായി 243.90 കോടി രൂപ നല്‍കി. 2032 സെപ്റ്റംബര്‍ 14 വരെ ടോള്‍ പിരിക്കാനുള്ള അനുമതിയാണ് നല്‍കിയതെന്ന് മറുപടിയിൽ പറയുന്നു.
പന്നിയങ്കരയിൽ അമിത നിരക്കാണ് ഈടാക്കുന്നതെന്ന് ആരോപിച്ച് സ്വകാര്യബസുകളും ടിപ്പർലോറികളും പ്രതിഷേധത്തിലാണ്. ടോൾ കടക്കാതെ ഇരുഭാഗത്തും നിർത്തിയുള്ള പ്രതിഷേധത്തിന് ഫലം കാണാത്ത സാഹചര്യത്തിൽ സർവിസ് നിർത്തിവെച്ചുള്ള പ്രതിഷേധത്തിലാണ് സ്വകാര്യ ബസുകൾ. ഈ ആഴ്ചയിൽ പ്രശ്നത്തിന് പരിഹാരം കാണുമെന്നാണ് അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.