ആമ്പല്ലൂര്‍: വരന്തരപ്പിള്ളി, മറ്റത്തൂര്‍ പഞ്ചായത്തുകളിലെ അതിര്‍ത്തിയിലുള്ള മുനിയാട്ടുകുന്ന് പ്രകൃതി കനിഞ്ഞരുളിയ ശാന്തസുന്ദരമായ പ്രദേശമാണ്. കുറുമാലി പുഴയോട് ചേര്‍ന്ന് വെള്ളാരംപാടം, പൊട്ടന്‍പാടം, മുപ്ലിയം, ഇഞ്ചക്കുണ്ട് എന്നീ പ്രദേശങ്ങള്‍ക്ക് നടുവിലെ മരതകപട്ടുടുത്ത വലിയൊരുകുന്ന്. മുനിയാട്ടുകുന്ന് ടൂറിസം കേന്ദ്രമാകുമെന്ന നാട്ടുകാരുടെ സ്വപ്നത്തിന് പഴക്കമേറെയാണ്.
2025ലെങ്കിലും ആ സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷയിലാണ് ഇന്നാട്ടുകാര്. ചരിത്രമുറങ്ങുന്ന മുനിയാട്ടുകുന്നില്‍ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ആര്.സി. പ്രേംഭാസ്, അസി. ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ശാരിക വി. നായര്‍ എന്നിവര്‍ നവംബര്‍ 29ന് മുനിയാട്ടുകുന്നും സമീപത്തെ മുളങ്കാടുകളും സന്ദര്‍ശിച്ചിരുന്നു. നാട്ടുകാരുടെ പ്രതീക്ഷക്ക് അടിത്തറയിടുന്നതായിരുന്നു ആ സന്ദർശനം.
മുനിയറകളുടെ സംരക്ഷണത്തിനും മുനിയാട്ടുകുന്നിലേക്ക് കയറുന്നതിന് സഹായകമായ കൈവരികള്‍, ലൈറ്റുകള്‍, ശുചിമുറി, ഇരിപ്പിടങ്ങള്‍, വേസ്റ്റ് ബിന്നുകള്‍ തുടങ്ങിയവ സ്ഥാപിക്കുന്നത് ഉൾപ്പെടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനായി വിശദമായ പ്രോജക്ട് തയാറാക്കി ജില്ല കലക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അന്ന് അറിയിച്ചിരുന്നു.
സംസ്ഥാന പുരാവസ്തു വകുപ്പിന് കീഴില്‍ സംരക്ഷിത വനപ്രദേശമായി രേഖപ്പെടുത്തിയിട്ടുള്ള പ്രദേശമാണ് പശ്ചിമഘട്ട മലനിരകളിലെ മുനിയാട്ടുകുന്ന്. 1937ല്‍ തിരുകൊച്ചി സര്‍ക്കാര്‍ സംരക്ഷിത വനപ്രദേശമായി പ്രഖ്യാപിക്കുകയും കേരള സംസ്ഥാനം നിലവില്‍ വന്നപ്പോള്‍ പുരാവസ്തു വകുപ്പ് സംരക്ഷിത പ്രദേശമായി ഏറ്റെടുക്കുകയുമായിരുന്നു.
ജൈനസംസ്കാരത്തിന്റെ തിരുശേഷിപ്പുകളായ പതിനൊന്നോളം മുനിയറകള്‍ ഇവിടെ ഉള്ളതായാണ് രേഖകള്‍. എന്നാല്‍, കേടുകൂടാതെ ഒരു മുനിയറ മാത്രമാണ് അവശേഷിക്കുന്നത്. ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്ന കുന്നിന് പടിഞ്ഞാറ് ഭാഗത്ത് ഭാഗികമായി തകര്‍ത്തനിലയില്‍ നാല് മുനിയറകള്‍ കണ്ടെത്തിയിരുന്നു.
2000 മുതല്‍ 4000 വരെ കൊല്ലം പഴക്കമുണ്ട്. മുമ്പ് ഉണ്ടായിരുന്ന പാറമടകളുടെ പ്രവര്‍ത്തനം നിലച്ചതിനുശേഷം കുന്ന് പഴയ പച്ചപ്പും പ്രതാപവും വീണ്ടെടുത്തിട്ടുണ്ട്. ഇപ്പോള്‍ മയിലുകളുടെ വിഹാരകേന്ദ്രമാണ് ഇവിടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.