തൃശൂർ: നിർമാണം കഴിഞ്ഞ ഉടൻ റോഡുകൾ പൊളിക്കേണ്ടി വരുന്ന സ്ഥിതി വകുപ്പുകളുടെ ഏകോപനം വഴി ഇല്ലാതാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തൃശൂർ രാമനിലയത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. തൃശൂർ റൗണ്ടിനെ തെക്ക് - വടക്ക് ഭാഗത്തേക്കുള്ള യാത്രക്ക് ആശ്രയിക്കേണ്ടി വരുന്നത് വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടാക്കുന്നതെന്നും അതിനുള്ള പരിഹാരമാർഗങ്ങൾ കണ്ടെത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിന് കീഴിൽ ജില്ലയിലെ 946 കിലോമീറ്റർ റോഡുകളും ബി.എം - ബി.സി നിലവാരത്തിൽ ഉയർത്തി. ബി.എം - ബി.സി നിലവാരത്തിൽ റണ്ണിങ് കോൺട്രാക്ട് നടപ്പാക്കുന്നതിൽ ജില്ല സംസ്ഥാന ശരാശരിയേക്കാൾ മുകളിലാണ്. ഗുരുവായൂർ, കൈപ്പമംഗലം പാലങ്ങളുടെ ഇൻവെസ്റ്റിഗേഷൻ പ്രവൃത്തികൾക്ക് 18.70 ലക്ഷം രൂപയുടെ ഭരണാനുമതി നൽകി.
സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച റണ്ണിങ് കോൺട്രാക്ട് സംവിധാനത്തിലൂടെ ജില്ലയിലെ 1333 കിലോമീറ്റർ റോഡുകൾക്ക് പരിപാലന ചുമതല ഉറപ്പുവരുത്താനായി. മൂന്ന് ഘട്ടങ്ങളിലായി 24.36 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഡി.എൽ.പി, റണ്ണിങ് കോൺട്രാക്ടിൽ പരിപാലിക്കുന്ന 1613 കിലോമീറ്റർ റോഡുകളും ജില്ലയിലുണ്ട്.
കൂടാതെ റിന്യൂവൽ പ്രോഗ്രാമിൽ ഉൾപ്പെടുത്തി നാട്ടിക, കുന്നംകുളം, ഗുരുവായൂർ, ചേലക്കര, വടക്കാഞ്ചേരി, ഒല്ലൂർ, ചാലക്കുടി, വടക്കാഞ്ചേരി എന്നീ എട്ടു പദ്ധതികൾക്കായി 14.35 കോടി രൂപയുടെ ഭരണാനുമതി നൽകി. പ്രവർത്തനങ്ങൾക്ക് അനുമതി കിട്ടിയ ജില്ലയിലെ രണ്ട് റോഡുകളിൽ ഓവർലേ, റെക്ടിഫിക്കേഷൻ പ്രവൃത്തികൾക്ക് അടിയന്തരമായി 130 ലക്ഷം രൂപയും അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.