തൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പിയും സ്ഥാനാർഥി സുരേഷ് ഗോപിയും തൃശൂരുകാർക്ക് വാരിക്കോരിയാണ് വാഗ്ദാനങ്ങൾ നൽകിയത്. എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) മുതൽ കൊച്ചി-തൃശൂർ-കോയമ്പത്തൂർ മെട്രോ റെയിൽ വരെ നിരവധി മോഹനവാഗ്ദാനങ്ങളും ഉറപ്പുമാണ് സുരേഷ് ഗോപി നൽകിയിരുന്നത്. എന്നാൽ, ബജറ്റ് പ്രഖ്യാപിച്ചപ്പോൾ തൃശൂർ പോയിട്ട് കേരളം എന്ന വാക്കുപോലും കാണാനില്ല.
ടൂറിസം സഹമന്ത്രിയായതിനാൽ തൃശൂർ കേന്ദ്രീകരിച്ച് തീർഥാടക പാക്കേജ് പ്രഖ്യാപനം കേന്ദ്ര ബജറ്റിൽ ഉറപ്പായും ഉണ്ടാകുമെന്നായിരുന്നു ബി.ജെ.പി കേന്ദ്രങ്ങൾ പ്രചരിപ്പിച്ചിരുന്നത്. ഇതടക്കമുള്ള നിർദേശങ്ങൾ ബജറ്റിനുമുമ്പ് സമർപ്പിച്ചിരുന്നതായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തന്നെ പറയുകയും ചെയ്തിരുന്നു. ഈ പ്രതീക്ഷകളെല്ലാം തീർത്തും അസ്തമിക്കുന്നതായിപ്പോയി ബജറ്റ് പ്രഖ്യാപനം. സുരേഷ് ഗോപി കേന്ദ്ര ടൂറിസം-പെട്രോളിയം വകുപ്പ് സഹമന്ത്രിയായതിനാൽ ഈ വകുപ്പുകളുമായി ബന്ധപ്പെട്ട് കേരളത്തിന് എന്തെങ്കിലും പ്രഖ്യാപനം ഉണ്ടാകാതിരിക്കില്ലെന്നായിരുന്നു സംസ്ഥാന ബി.ജെ.പിയുടെയും പ്രതീക്ഷ. ഇതും അസ്ഥാനത്തായി. കേരളത്തിന്, പ്രത്യേകിച്ച് തൃശൂരിന് ഒന്നുമില്ലല്ലോ എന്ന ചോദ്യത്തിന് കേരളം സ്ഥലം ഏറ്റെടുത്തുനൽകിയാൽ എയിംസ് ഉറപ്പായും വരും എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ‘‘കേരളത്തിൽ ചെറുപ്പക്കാരില്ലേ, കേരളത്തിൽ ഫിഷറീസില്ലേ, കേരളത്തിൽ സ്ത്രീകളില്ലേ, തൊഴിലവസരങ്ങൾ തരുന്ന മേഖലകളിലേക്ക് എന്തുതരം തലോടലാണ് തന്നിരിക്കുന്നത്. നിങ്ങൾ പോയി ബജറ്റ് പരിശോധിക്കൂ, പഠിക്കൂ, പ്രതിപക്ഷം ആരോപിച്ചോട്ടെ’’ -സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
കൊച്ചി മെട്രോ തൃശൂരിനെ സ്പർശിച്ച് കോയമ്പത്തൂരിലേക്ക് നീട്ടുന്നത് സുരേഷ് ഗോപിയും ബി.ജെ.പിയും കുറച്ച് കാലമായി പറയുന്നതാണ്. അതിനെക്കുറിച്ച് ഒരു സൂചനയുമില്ല. തമിഴ്നാട്ടിലെ നാഗർകോവിലിൽ തുടങ്ങി തൃശൂർ ലൂർദ് ചർച്ചിൽ അവസാനിക്കുന്ന ‘തീർഥാടന ടൂറിസം സർക്യൂട്ട്’ സ്വപ്ന പദ്ധതിയാണെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. കേരളത്തിന് എയിംസ് കിട്ടുമെന്ന് ഉറപ്പിച്ചുപറയുന്നതിനൊപ്പം തന്റെ മനസ്സിൽ അതിനു പറ്റിയ സ്ഥലവുമുണ്ട് എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്ക്. അതും കാണാനില്ല. കുറച്ച് വർഷങ്ങൾക്കുമുമ്പ് തൃശൂർ-എറണാകുളം ജില്ലകൾ അതിരിടുന്ന കൊരട്ടിയിൽ എയിംസിന് സ്ഥലം കണ്ടെത്തിയിരുന്നു. അതിനെക്കുറിച്ചും ഇപ്പോൾ മിണ്ടാട്ടമില്ല.
‘അമൃത്’ പദ്ധതിയിൽ ഗുരുവായൂർ, തൃപ്രയാർ തീർഥാടന കേന്ദ്രങ്ങളുടെ പശ്ചാത്തല വികസനം, മുനയ്ക്കക്കടവിലോ ചേറ്റുവയിലോ ആധുനിക തുറമുഖം, ജില്ലയിലൂടെ കടന്നുപോകുന്ന രണ്ടു ദേശീയപാതകളെ ബന്ധിപ്പിക്കുന്ന ബൈപാസ് റോഡ്, റെയിൽവേ മൂന്നാംപാത എന്നിവയൊക്കെ തൃശൂർ പ്രതീക്ഷയോടെ കാത്തിരുന്ന സംഗതികളായിരുന്നു. പക്ഷേ, ബജറ്റിനൊടുവിൽ നിരാശമാത്രം ബാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.