ആമ്പല്ലൂർ: തൃക്കൂർ പഞ്ചായത്തിലെ കള്ളായി റോഡിലെ അശാസ്ത്രീയ നിർമാണം അപകടങ്ങൾക്കിടയാക്കുന്നു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം ചെലവിൽ പണിത റോഡിന്റെ കള്ളായി ഭാഗത്താണ് അപകടക്കെണി.
റോഡിന്റെ ഒരു ഭാഗത്ത് ടാറിങും മറുഭാഗത്ത് കോൺക്രീറ്റിങുമാണ്. ഇവ രണ്ടും ചേരുന്ന ഭാഗത്ത് കോൺക്രീറ്റ് റോഡ് ഉയർന്ന് നിൽക്കുന്നതാണ് അപകടങ്ങൾക്കിടയാക്കുന്നത്. കയറ്റമുള്ള ഭാഗത്ത് ഒരടിയോളം ഉയരത്തിലാണ് ഹമ്പ് മാതൃകയിൽ റോഡിന്റെ അവസ്ഥ. ഇറക്കത്തേക്ക് വരുന്ന വാഹനങ്ങൾ ഈ ഭാഗം തിരിച്ചറിയാതെ അപകടത്തിൽപ്പെടുകയാണ്.
അടുത്ത ദിവസങ്ങളിലായി ഏഴ് ഇരുചക്രവാഹനങ്ങളും ഒരു കാറും ഇവിടെ അപകടത്തിൽപ്പെട്ടു. ഇരുചക്രവാഹനത്തിന് പിറകിലിരുന്ന സ്ത്രീകളാണ് തെറിച്ചുവീണ് പരിക്കേറ്റവരിലേറെയും. തൊട്ടടുത്തെത്തുമ്പോഴാണ് ഈ അപകടാവസ്ഥ ഡ്രൈവർമാർ അറിയുന്നത്.
വലിയ വാഹനങ്ങളാണെങ്കിൽ പെട്ടെന്ന് ബ്രേക്കിടുന്നതുമൂലം വാഹനത്തിനുള്ളിൽ തന്നെ യാത്രക്കാർ വീഴുന്നതും പതിവാണ്. കയറ്റം കയറുന്ന വാഹനങ്ങൾ ഈ ഭാഗം കടക്കാൻ പെടാപ്പാട് പെടുകയാണ്.ഭാരവാഹനങ്ങൾ ഓഫായി പിറകിലേക്ക് ഇറങ്ങാറുണ്ടെങ്കിലും അപകടങ്ങൾ സംഭവിച്ചിട്ടില്ലെന്ന് മാത്രം.
പുലിക്കണ്ണിയിൽ നിന്ന് കല്ലൂർ ഭാഗത്തേക്കുള്ള പ്രധാന റോഡിലാണ് ഈ ദുരവസ്ഥ. ഒരു വർഷം മുമ്പ് നിർമാണം പൂർത്തീകരിച്ച റോഡ് പഞ്ചായത്ത് എൻജിനീയർ വിഭാഗം സന്ദർശിച്ച് ഗതാഗതയോഗ്യമാണെന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു.
അപകടങ്ങൾ പതിവായതോടെ ഉയർന്ന് നിൽക്കുന്ന റോഡ് പൊളിച്ചുനീക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന ആക്ഷേപമുണ്ട്. സമീപവാസിയാണ് പെയിന്റ് അടിച്ച് അപകടസാധ്യതയുള്ള ഈ ഭാഗം യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
ലക്ഷങ്ങൾ മുടക്കി നവീകരിച്ച റോഡിൽ അശാസ്ത്രീയമായ പ്രവൃത്തികൾ നടത്തി യാത്രക്കാരെ ദുരിതത്തിലാക്കിയ ഉദ്യോഗസ്ഥർക്കും കരാറുകാരനുമെതിരെ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.