എറിയാട്/വാടാനപ്പള്ളി: അനധികൃതമായി ചെറുമത്സ്യങ്ങൾ പിടിച്ച മത്സ്യബന്ധന വള്ളങ്ങൾ ഫിഷറീസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനം നടത്തിയ മദീന, പ്രജാപതി എന്നീ വള്ളങ്ങളാണ് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയത്. തൃശൂർ കഴിമ്പ്രം സ്വദേശി നെടിയിരിപ്പിൽ രാജുവിന്റെ ഉടമസ്ഥതയിലുള്ള പ്രജാപതി വള്ളത്തിൽനിന്ന് 14 സെന്റീമീറ്ററിൽ താഴെയുള്ള 1800 കിലോ അയലയും ചാവക്കാട് എടക്കഴിയൂർ സ്വദേശി ഷാഹിറിന്റെ മദീന വള്ളത്തിൽനിന്ന് 1600 കിലോ ചെറിയ അയലയുമാണ് പിടിച്ചത്.
ജില്ലയിലെ വിവിധ ഹാർബറുകളിലും ഫിഷ് ലാൻഡിങ് സെന്ററുകളിലും നടത്തിയ മിന്നൽ പരിശോധനയിലാണ് വള്ളങ്ങൾ പിടിച്ചത്. നിയമവിധേയമായ വലിപ്പത്തിൽ താഴെയുള്ള ഭക്ഷ്യയോഗ്യമായ 58 ഇനം കടൽ മത്സ്യങ്ങളെ പിടിക്കുന്നത് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം കുറ്റകരമാണ്. മത്സ്യസമ്പത്ത് കുറയുന്നതിനെതിരെയുള്ള നടപടിയുടെ ഭാഗമായാണ് വള്ളങ്ങൾ പിടിച്ചത്. ചെറുമത്സ്യങ്ങളെ പിന്നീട് പുറംകടലിൽ ഒഴുക്കി. മത്സ്യങ്ങളെ പിടിച്ച വള്ളങ്ങൾക്കും കാരിയർ വള്ളങ്ങൾക്കും പിഴ ചുമത്തും. അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർ എം.എഫ്. പോളിന്റെ നിർദ്ദേശപ്രകാരം അഴീക്കോട് ഫിഷറീസ്, മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിങ് എന്നിവരുടെ സംയുക്ത പരിശോധനയിലാണ് വള്ളങ്ങൾ പിടിച്ചത്. എഫ്.ഇ.ഒ ശ്രുതിമോൾ, മറൈൻ എൻഫോഴ്സ് ആൻഡ് വിജിലൻസ് വിങ് ഓഫിസർമാരായ വി.എൻ. പ്രശാന്ത് കുമാർ, ഇ.ആർ. ഷിനിൽകുമാർ, വി.എം. ഷൈബു, സീ റെസ്ക്യൂ ഗാർഡുമാരായ ഹുസൈൻ, വിജീഷ്, ഡ്രൈവർ കെ.എം. അഷറഫ് എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
അശാസ്ത്രീയ മത്സ്യബന്ധന രീതി അവലംബിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വരും ദിവസങ്ങളിൽ എല്ലാ ഹാർബറുകളിലും ഫിഷ് ലാൻഡിങ് സെന്ററുകളിലും സ്പെഷൽ ടാസ്ക് സ്ക്വാഡുകളുടെ പരിശോധന ഉണ്ടാകുമെന്നും ചെറുമത്സ്യങ്ങൾ കയറ്റി പോകുന്ന യാനങ്ങൾക്കും വാഹനങ്ങൾക്കും എതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി. സുഗന്ധകുമാരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.