വാടാനപ്പള്ളി: കടലിനെ മാലിന്യമുക്തമാക്കാനായി സംസ്ഥാനത്ത് ‘ശുചിത്വ സാഗരം, സുന്ദരതീരം’ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാൻ. തീരദേശത്തെ കേൾക്കാനും ചേർത്തുനിർത്താനുമായി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന തീരസദസ്സ് മണലൂർ മണ്ഡലത്തിലെ വാടാനപ്പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സർക്കാർ നിരവധി വികസന പ്രവൃത്തികളാണ് തീരദേശ മേഖലക്കായി നടപ്പാക്കുന്നത്. അതിന്റെ ഗുണഫലങ്ങൾ തീരദേശ ജനങ്ങളിൽ എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും ഈ മേഖലയിലെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹാരമാർഗങ്ങൾ കണ്ടെത്തുകയും ചെയ്യും. വീടില്ലാത്ത എല്ലാവരെയും ലൈഫ്, പുനർഗേഹം പദ്ധതികളിൽ ഉൾപ്പെടുത്തി വീട് നൽകും.
മത്സ്യബന്ധന മേഖലയിൽ ഇൻഷുറൻസ് ഉറപ്പുവരുത്തുകയും കൃത്യമായ സുരക്ഷ മുൻകരുതങ്ങൾ സ്വീകരിക്കുകയും ചെയ്യും. സംസ്ഥാന- കേന്ദ്ര സർക്കാരുകൾ സഹകരിച്ച് പുത്തൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ചിലവുകുറഞ്ഞ ഉയർന്ന നിലവാരമുള്ള തീര സംരക്ഷണ പദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
മുതിർന്ന അഞ്ച് മത്സ്യത്തൊഴിലാളികളെയും ബോട്ടപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ രണ്ടുപേരെയും പ്രളയ രക്ഷാപ്രവർത്തനം നടത്തിയ 10 പേരെയും വിവിധ മേഖലകളിൽ മികവുപുലർത്തിയ 20 പേരെയും മന്ത്രി ആദരിച്ചു.
മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ഒമ്പത് ഗുണഭോക്താക്കൾക്ക് 10,000 രൂപ വീതമുള്ള വിവാഹ ധനസഹായവും തൊഴിൽ സംരംഭങ്ങൾക്കുള്ള രണ്ട് യൂനിറ്റുകളുടെ 4,30,000 രൂപ ധനസഹായവും സംരംഭങ്ങൾക്ക് നാല് യൂനിറ്റുകൾക്കുള്ള രണ്ട് ലക്ഷം രൂപയുടെ ധനസഹായവും വിതരണം ചെയ്തു. മുരളി പെരുനെല്ലി എം.എൽ.എ അധ്യക്ഷത വഹിച്ചു.
വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി, തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.ടി. അനിത, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, മത്സ്യബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, ജനപ്രതിനിധികളായ കെ .സി. പ്രസാദ്, ലതി വേണുഗോപാൽ, സ്മിത അജയകുമാർ, ശ്രീദേവി ജയരാജൻ, സിന്ധു അനിൽകുമാർ, പി.എം. അഹമ്മദ്, കെ.ബി. സുരേഷ് കുമാർ, സി.എം. നിസാർ, ഇബ്രാഹിം പടുവിങ്ങൽ, പി.എ. സുലൈമാൻ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, തൊഴിലാളി സംഘടന നേതാക്കൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.