തൃശൂർ: എൽ.ഡി.എഫ് തൃശൂർ ലോക്സഭ മണ്ഡലം സ്ഥാനാർഥി വി.എസ്. സുനിൽ കുമാർ ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 10ന് പടിഞ്ഞാറേകോട്ടയിൽനിന്ന് പ്രകടനമായി എത്തിയാണ് ജില്ല വരണാധികാരി മുമ്പാകെ പത്രിക സമർപ്പിക്കുക.
യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ വ്യാഴാഴ്ച ഉച്ചക്ക് 12നാണ് പത്രിക നൽകുന്നത്. എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയും വ്യാഴാഴ്ച പത്രിക നൽകും. പത്രിക സമർപ്പണത്തിനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്. പത്രികകളിൽ സൂക്ഷ്മ പരിശോധന അഞ്ചിന് നടക്കും. പിൻവലിക്കാനുള്ള തീയതി എട്ട്.
തൃശൂർ: മണലൂർ മണ്ഡലം കൃഷിയുടെയും കർഷകരുടെയും നാടാണ്. തിങ്കളാഴ്ച അന്നാട്ടുകാരോട് വോട്ട് ചോദിച്ചെത്തിയത് മുൻകൃഷി മന്ത്രിയാണ്. അദ്ദേഹത്തെ വരവേറ്റത് നെല്ലും പച്ചക്കറിയും അടക്കമുള്ള കാർഷിക വിഭവങ്ങൾ കൊണ്ടായിരുന്നു. എൽ.ഡി.എഫ് തൃശൂർ ലോക്സഭ മണ്ഡലം സ്ഥാനാർഥി വി.എസ്. സുനിൽകുമാർ തിങ്കളാഴ്ച രാവിലെ മണലൂർ നിയോജക മണ്ഡലത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയത്.
അരിമ്പൂർ സെന്ററിൽ മുതിർന്ന സി.പി.എം നേതാവ് ബേബി ജോൺ ആയിരുന്നു പര്യടനത്തിന്റെ ഉദ്ഘാടകൻ. മുരളി പെരുനെല്ലി എം.എൽ.എ ഉൾപ്പെടെയുള്ള നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.കണിക്കൊന്ന, പൂക്കൾ, തേങ്ങയും പച്ചക്കറികളും അടക്കമുള്ള വിഭവങ്ങൾ, ചക്കയും മാങ്ങയും അടക്കമുള്ള പഴവർഗങ്ങൾ, നെല്ല്...വഴി നീളെ വരവേൽപ്പ് ഇവ സമ്മാനിച്ചായിരുന്നു.
കാരമുക്ക് നാലുസെന്റ് കോളനിയിൽ എത്തിയപ്പോൾ തുരുത്തിയിൽ ബാലകൃഷ്ണൻ ഒരുപറ നെല്ലുമായാണ് എതിരേറ്റത്. തൊയക്കാവ് സെന്റർ, വെന്മേനാട് അമ്പലനട, വെളുത്തൂർ ചിത്ര സെന്റർ, മനക്കൊടി ആശാരിമൂല, പാടൂർ കൈതമുക്ക്, മുല്ലശ്ശേരി സെന്റർ, കാശ്മീർ റോഡ് പരിസരം, ആനക്കാട്, പറമ്പന്തള്ളി ലക്ഷംവീട് കോളനി, മാമാബസാർ, കാരമുക്ക് നാല്സെന്റ് റേഷൻകട ജങ്ഷൻ, പാലാഴി ബാങ്ക് സെന്റർ, പാല ബസാർ, കുട്ടമുഖം, എലവത്തൂർ, ചൊവ്വല്ലൂർപടി തിരിവ്, തൃത്തല്ലൂർ സെന്റർ, പെരുവല്ലൂർ സെന്റർ, ചൊവ്വല്ലൂർ സെന്റർ, നടുവിൽക്കര പുല്ലൻ സെന്റർ, മമ്മായി സെന്റർ എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി. ഉച്ചതിരിഞ്ഞ് കൂനംമുച്ചിയിൽനിന്ന് തുടങ്ങി പയ്യൂർ മദ്റസ പരിസരത്ത് പര്യടനം സമാപിക്കുമ്പോൾ രാത്രി ഏറെ വൈകിയിരുന്നു.
തൃശൂർ: തീരദേശ മേഖലയോടെ കേന്ദ്ര സർക്കാരിനും കേരള സര്‍ക്കാരിനും ഒരുപോലെ അവഗണന പുലർത്തുകയാണെന്ന് യു.ഡി.എഫ് തൃശൂർ ലോക്സഭ മണ്ഡലം സ്ഥാനാർഥി കെ. മുരളീധരൻ. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് തന്നോട് പറയാൻ ഒരുപാട് പരാതികൾ ഉണ്ടായിരുന്നു. സാമ്പത്തിക സഹായങ്ങളൊന്നും കിട്ടുന്നില്ല. മുമ്പ് കിട്ടിയിരുന്ന സർക്കാർ സഹായങ്ങളെല്ലാം നിലച്ചു -മുരളീധരൻ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ നാട്ടിക ബീച്ച് കോളനികളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കണ്ടും കേട്ടും അറിഞ്ഞ കാര്യങ്ങൾ വിവരിക്കുകയായിരുന്നു സ്ഥാനാർഥി. പുതിയവീട് വെക്കാന്‍ ലൈഫ് പദ്ധതിയില്‍നിന്നും പണം അനുവദിക്കാത്തത് അടക്കം ഒരുപാട് പരാതികൾ സ്ഥാനാർഥിക്കു മുമ്പിൽ തീരദേശവാസികൾ കെട്ടഴിച്ചു. രാവിലെ താൽക്കാലിക താമസ സ്ഥലമായ മണ്ണുത്തിയിൽ പ്രവര്‍ത്തകരുടെ സ്വീകരണത്തിൽ പങ്കെടുത്ത് അവിടെയള്ള ഓട്ടോറിക്ഷ തൊഴിലാളികളോട് വോട്ട് ചോദിച്ച ശേഷമായിരുന്നു നാട്ടിക പഞ്ചായത്തിലേക്കുള്ള യാത്ര.
ചെമ്മാപ്പിള്ളി കോളനി, കാക്കനാട്ട് കോളനി എന്നിവിടങ്ങളും നാട്ടിക, തൃപ്രയാര്‍ പോളി ജങ്ഷന്, താന്ന്യം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങൾ, തൃപ്രയാർ ടൗൺ, പെരിങ്ങോട്ടുകര, അവിണിശേരി, മണലൂർ ബ്ലോക്ക് ഓഫിസ്, സാമൂഹ്യ ആരോഗ്യ കേന്ദ്രം, വില്ലേജ് ഓഫിസ് എന്നിവിടങ്ങളും സന്ദർശിച്ചു. വാടാനപ്പള്ളി ടൗണിൽ ഹൃദ്യമായ വരവേൽപ്പായിരുന്നു. വെങ്കിടങ്ങിലും പര്യടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.