ചാവക്കാട്: അണ്ടത്തോട് ലക്ഷം വീട് കോളനിയിൽ താമസിക്കാൻ ഇടം കിട്ടിയിട്ടും 3വീടില്ലാതെ അഞ്ച് കുടുംബങ്ങൾ. ലൈഫ് പദ്ധതിയിൽ വീട് ലഭിക്കുമെന്ന് കരുതി അപേക്ഷിച്ച ഇവർ തകർന്നിടിഞ്ഞ ലക്ഷം വീട് കോളനി വീട് പൊളിച്ച് ഒരു 'ലൈഫും' കിട്ടാതെ ദുരിതത്തിലായി.
അണ്ടത്തോട് പെരിയമ്പലത്തിനു പടിഞ്ഞാറ് തഖ്വ കോളജ് റോഡിലെ ലക്ഷം വീട് കോളനിയിൽ 32 കുടുംബങ്ങൾക്കാണ് വീട് ലഭിച്ചത്. ഇവയിൽ അഞ്ച് വീട്ടുകാരാണ് പുരയിടത്തിന്റെ പട്ടയമില്ലാതെ കഷ്ടത്തിലായത്. ഇവരിൽ ചിലരുടെ മുൻഗാമികൾ ലക്ഷം വീട് കോളനിയിൽ താമസിച്ചവരിൽനിന്ന് വാങ്ങിയതായിരുന്നു ഈ വീടുകൾ. അന്ന് പട്ടയം ലഭിക്കാതെയാണ് വീടുകൾ കൈമാറിയിരുന്നത്. കാലവും തലമുറകളും മാറിയപ്പോൾ വീടുകൾ പൊളിഞ്ഞ് ഇടിയാറായി.
ഇവ പൊളിച്ച് പുതിയവ നിർമിക്കാനും അറ്റകുറ്റപ്പണിക്കുമായി ബന്ധപ്പെട്ട അധികൃതരെ സമീപിച്ചപ്പോഴാണ് പട്ടയത്തിന്റെ കാര്യം ചർച്ചയായത്. തങ്ങൾ താമസിക്കുന്ന വീടുകളുടെ പട്ടയം ആരുടെ കൈവശമാണെന്ന് ഇവർക്കറിയില്ല. നേരത്തെയുണ്ടായിരുന്ന സർക്കാർ പദ്ധതികളൊന്നും ഭൂമി സ്വന്തം പേരിലല്ലാത്തതിനാൽ ഇവർക്ക് ലഭിച്ചതുമില്ല. പുതുതായി ലൈഫ് പദ്ധതി വന്നപ്പോൾ 2019ലാണ് ഇവരെല്ലാം രജിസ്റ്റർ ചെയ്തത്. പുന്നയൂർക്കുളം പഞ്ചായത്തിലെ ലൈഫ് പദ്ധതിയിൽ 2019നു മുമ്പ് രജിസ്റ്റർ ചെയ്ത് അംഗീകാരം ലഭിച്ചവർക്കാണ് ഇപ്പോൾ വീടുകൾ നിർമിക്കാനുള്ള ആനുകൂല്യം ലഭിക്കുന്നതെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീറും പെരിയമ്പലം വാർഡ് അംഗം കെ.എച്ച്. ആബിദും പറയുന്നത്. ഈ അഞ്ച് കുടുംബങ്ങളും ലൈഫ് പട്ടികയിൽ ഉൾപ്പെട്ടവരാണ്.
ഇവർക്ക് ലൈഫ് ആനുകൂല്യം എന്നു കിട്ടുമെന്ന് മാത്രം അറിയില്ലെന്നും ആബിദ് പറഞ്ഞു. തന്റെ വാർഡിൽ മാത്രം ലൈഫിൽ അപേക്ഷിച്ചവരായി 35 പേരുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സുബൈദ പാണ്ടികശാല പറമ്പിൽ, തറയിൽ ആമിനു, ഗണേശൻ കളത്തിങ്ങൽ, രാമൻ കളത്തിങ്ങൽ, പയ്യമ്പള്ളി റഹ്മത്തുല്ല എന്നിവരാണ് പട്ടയമില്ലാതെ ലക്ഷംവീട് കോളനിയിൽ ദുരിതത്തിലായത്. ഇവരിൽ തറയിൽ ആമിനു ഉൾപ്പെടെ പലരും 35 വർഷത്തോളമായി ഇവിടെ താമസിക്കുന്നു.
മക്കളും മക്കൾക്ക് മക്കളുമായി ഇവർ പരിമിതമായ, ചോർന്നൊലിക്കുന്ന ഓലപ്പുരകളിൽ തലചായ്ക്കാനാവാതെ പ്രയാസപ്പെടുകയാണ്. കൂട്ടത്തിൽ തറയിൽ ആമിന താമസിക്കുന്ന വീട് തകർന്നുവീഴുമെന്ന ഘട്ടത്തിൽ ലൈഫ് പദ്ധതി ഉടൻ ശരിയാകുമെന്ന പ്രതീക്ഷയിൽ പൊളിച്ചുമാറ്റിയതോടെ കൂടുതൽ ദുരിതത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.