തൃശൂർ: കടന്നൽ ആക്രമണത്തിൽ വല്ലാതെ പുകയുകയാണ് ജില്ല. ചൊവ്വാഴ്ച മാത്രം 27 പേർക്കാണ് കടന്നൽക്കുത്തേറ്റത്. തൂവാന്നൂർ ചോട്ടിലപ്പാറയിൽ സ്വകാര്യവ്യക്തിയുടെ പറമ്പിൽ പണിയെടുക്കുന്നതിനിടെ 25 തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽക്കുത്തേറ്റു. കടിക്കാട് ദുബൈ റോഡിന് സമീപമാണ് ബാക്കി രണ്ടുപേർക്ക് കുത്തേറ്റത്. കഴിഞ്ഞ നാലിന് പുനർജനി നൂഴാനെത്തിയ ഒമ്പതുപേർക്കും പ്രാർഥനക്ക് എത്തിയ വയോധികക്കും കുത്തേറ്റിരുന്നു. ഇതുകൂടാതെ ചേലക്കര, കുത്താംമ്പുള്ളി മേഖലകളിലും വലിയതോതിൽ കടന്നൽ ആക്രമണം ഉണ്ടായിരുന്നു. ഇത് റിപ്പോർട്ട് ചെയ്ത കേസുകളാണെങ്കിൽ ഇതിനെക്കാൾ ഇരട്ടി ആളുകൾ കുത്തേറ്റവരിലുണ്ട്. പ്രതിദിനം കേസുകൾ വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
വമ്പൻ കടന്നൽക്കൂടുകൾ പലയിടങ്ങളിലുമായുണ്ട്. തൊഴിലുറപ്പു പ്രവർത്തകരും കൂലിപ്പണിക്കാരുമാണ് കുത്തേൽക്കുന്നവരിൽ ഭൂരിഭാഗവും. ഉപയോഗശൂന്യമായ കെട്ടിടങ്ങൾ, ആൾപ്പാർപ്പിലാത്ത വീടുകൾ, തെങ്ങുകൾ, വൃക്ഷങ്ങളിൽ അടക്കം വലിയ രൂപത്തിലാണ് കൂടുകൾ രൂപപ്പെടുന്നത്. കാക്കകൾ, പരുന്തുകൾ എന്നിവ കൂട്ടിൽ കൊത്തുന്നതോടെയാണ് ആക്രമണം നടത്തുന്നത്. ഇതോടൊപ്പം കാറ്റും പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. അതിനിടെ, തേനീച്ചക്കൂടെന്ന് കരുതി ഇതരജീവികളും ഇവയെ ഇളക്കിവിടുകയാണ്.
പിന്നാലെ എത്തുന്ന മനുഷ്യർക്ക് കുത്തേൽക്കുകയാണ് ചെയ്യുന്നത്. നേരത്തേ വനത്തിൽ ഉപജീവനത്തിന് പോകുന്നവർക്കും സമാന അനുഭവം ഉണ്ടായിരുന്നു.
പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ അടക്കം ചികിത്സ
പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ അടക്കം കുത്തേൽക്കുന്നവർക്കുള്ള ചികിത്സ ലഭ്യമാണെന്ന് ജില്ല മെഡിക്കൽ ഓഫിസർ ടി.പി. ശ്രീദേവി പറഞ്ഞു. കുത്തേൽക്കുമ്പോഴുണ്ടാകുന്ന അലർജിയുടെ തോത് അനുസരിച്ചാണ് ചികിത്സ നിർണയിക്കുന്നത്. കൂടുതൽ ചികിത്സ വേണ്ടതുണ്ടേൽ താലൂക്ക്, ജില്ല, മെഡിക്കൽ കോളജുകളിലേക്ക് റഫർ ചെയ്യുകയാണ് പതിവ്. ഗർഭിണികൾ, പ്രായമായവർ, കുട്ടികൾ അടക്കം പ്രത്യേകം ശ്രദ്ധിക്കുന്നത് നല്ലതാണ്. മുഖത്ത് അടക്കം കുത്തേൽക്കുന്നത് വലിയ തോതിൽ പ്രശ്നം സൃഷ്ടിക്കും. കുത്തേല്‍ക്കുന്നത് കണ്ണിലോ നാക്കിലോ വായിലോ ഒക്കെയായാല്‍ അപകടകരമാണ്. കുത്തേറ്റ ഭാഗത്ത് അണുബാധയുണ്ടാവാനും സാധ്യതയുണ്ട്. ഒന്നോ രണ്ടോ കുത്തുകള്‍ മാത്രമേയുള്ളൂവെങ്കില്‍ അത്ര അപകടകരമല്ല. കുത്തേറ്റ സ്ഥലത്ത് വേദന, ചുവന്നുതടിക്കുക, ചൊറിച്ചില്‍, അസ്വസ്ഥത തുടങ്ങിയവ ഉണ്ടാവാം.
ആൾത്താമസമില്ലാത്ത കെട്ടിടങ്ങളിലും വീടുകളിലും പോകുമ്പോൾ സൂക്ഷമത പുലർത്തുന്നത് കടന്നൽ കുത്തേൽക്കാതിരിക്കാൻ സഹായകമാണ്. അടഞ്ഞുകിടക്കുന്ന ഇടങ്ങളും അധികം ആളുകൾ എത്താത്ത പറമ്പുകളിലുമാണ് ഇവ സാധാരണയായി കൂട് ഒരുക്കുന്നത്. കൂട് ഇളക്കി സ്വയം അപകടം വരുത്തിവെക്കുകയും അരുതെന്ന് അവർ വ്യക്തമാക്കി.
പ്രളയത്തിനുശേഷം വല്ലാതെ കൂടി
പ്രളയത്തിനുശേഷം കടന്നൽക്കൂടുകൾ പല സ്ഥലങ്ങളിലും വ്യാപകമാണ്. കൂട്ടത്തിൽ ചാമുണ്ടിക്കടന്നൽ അല്ലെങ്കിൽ ഭൂതപ്പാനി എന്ന പേരിൽ അറിയപ്പെടുന്ന വലുപ്പമേറിയവ കൂടുതൽ അപകടകാരിയാണ്. സാധാരണ കടന്നലുകളെക്കാൾ പത്തിരട്ടി വിഷമുള്ളവയാണവ. വലിയ കുടത്തിന്റെ ആകൃതിയിൽ കൂട് കെട്ടുന്നതിനാലാണ് ഭൂതപ്പാനി എന്ന് വിളിക്കുന്നത്. കാലവർഷം കനക്കുന്നതോടെ ഇവ വീടിനുമുകളിലും തെങ്ങിന്റെ മുകളിലുമൊക്കെ കൂടുണ്ടാക്കും.
കൂട് നശിപ്പിക്കൽ ശ്രമകരം
കടന്നൽക്കൂട് നശിപ്പിക്കുന്നത് ഏറെ ശ്രമകരമായ ദൗത്യമാണ്. ഇതിന് പ്രത്യേകം പരിശീലനം സിദ്ധിച്ചവർതന്നെ വേണം. വല്ലാതെ ഇളക്കാതെ സമീപ പ്രദേശങ്ങളിൽ പ്രശ്നങ്ങളില്ലാതെ നശിപ്പിക്കുക വലിയ ദൗത്യമാണ്. ജാക്കറ്റും ഗ്ലൗസും ഹെൽമറ്റുമൊക്കെ ധരിച്ച് പൂർണമായി ശരീരം മറച്ചുകൊണ്ടാവണം ചെയ്യേണ്ടത്.
തീയിട്ടോ അഗ്നിരക്ഷാസേനയുടെ പ്രത്യേക സംവിധാനമുപയോഗിച്ച് സ്പ്രേ ചെയ്തോ ആണ് കൂട് നശിപ്പിക്കുന്നത്. പകൽ കൂടിന് ചുറ്റിലും കടന്നലുകൾ പറന്നുനടക്കുന്നതിനാൽ രാത്രി നശിപ്പിക്കുന്നതാണ് അഭികാമ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.