അതിരപ്പിള്ളി: അഞ്ചു വയസ്സുകാരി ആഗ്നീമിയയെ അതിരപ്പിള്ളിയിൽ കാട്ടാന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് പ്രദേശത്ത് ജനകീയ പ്രതിഷേധം ആളിക്കത്തി. കലക്ടർ ഹരിത വി. കുമാർ നേരിട്ട് സ്ഥലത്തെത്തി പ്രതിഷേധക്കാരെ കണ്ട് നൽകിയ ഉറപ്പിനെ തുടർന്നാണ് ആറു മണിക്കൂറോളം നീണ്ട ഉപരോധം അവസാനിച്ചത്. മരിച്ച കുട്ടിയുടെ കുടുംബത്തിനും പരിക്കേറ്റവർക്കും നഷ്ടപരിഹാരമടക്കമുള്ള കാര്യങ്ങൾ കലക്ടർ ഉറപ്പു നൽകി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട സത്വര നടപടി സ്വീകരിക്കുമെന്നും കലക്ടർ പ്രതിഷേധക്കാരെ അറിയിച്ചു.
വന്യജീവി ആക്രമണത്തിനും അവ വരുത്തുന്ന കൃഷി നാശത്തിനുമെതിരെ കാലങ്ങളായി നീറിപ്പിടിച്ച പ്രതിഷേധമാണ് അഞ്ചു വയസ്സുകാരിയുടെ മരണത്തെ തുടർന്ന് അതിരപ്പിള്ളിയിൽ ആളിക്കത്തിയത്. ഈ പ്രതിഷേധം മേഖലയിലെ തുടർച്ചയായ വന്യജീവി ആക്രമണത്തിൽ വനപാലകരുടെയും മറ്റ് അധികാരികളുടെയും നിസ്സംഗ മനോഭാവത്തിനെതിരെയുള്ള ജനവികാരം തുറന്ന് പ്രകടമാക്കുന്നതുമായിരുന്നു. സമരത്തിൽ പ്രദേശവാസികൾ മാത്രമല്ല വിവിധ രാഷ്ട്രീയകക്ഷിയിലെ നേതാക്കളും പ്രവർത്തകരും അണിനിരന്നിരുന്നു.
തിങ്കളാഴ്ച വൈകീട്ട് 6.30ഓടെയാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണമായ കാട്ടാന ആക്രമണം ഉണ്ടായത്. പുത്തൻചിറ കാച്ചാട്ടി വീട്ടിൽ നഖിലിന്റെ മകൾ ആഗ്നീമിയയെ കാട്ടാന ചവിട്ടിക്കൊല്ലുകയും പിതാവ് നിഖിൽ, ബന്ധുവായ ജയൻ എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തത്. കണ്ണംകുഴിയിൽ വെച്ച് ഇവർ സഞ്ചരിച്ച ഇരുചക്ര വാഹനത്തിന് നേരെ കാട്ടാന ആക്രമണം നടത്തിയത് നാട്ടുകാരിൽ വലിയ നടുക്കം സൃഷ്ടിച്ചിരുന്നു.
ആക്രമണ വാർത്തയറിഞ്ഞതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. രാത്രിയിൽ തന്നെ കൊന്നക്കുഴിയിലെ ഫോറസ്റ്റ് ഓഫിസിന് മുന്നിൽ വൻ രോഷവുമായി തടിച്ചുകൂടി. കൊന്നക്കുഴി സ്റ്റേഷനിൽ പതിനൊന്നോളം ജീവനക്കാർ ഡ്യൂട്ടിയിൽ ഒപ്പിട്ടിട്ടുണ്ടായിരുന്നെങ്കിലും ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബാക്കിയുള്ളവർ എവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ലായിരുന്നു. വന്യജീവികളിൽനിന്ന് സംരക്ഷണം നൽകേണ്ട ഉദ്യോഗസ്ഥർ കാലങ്ങളായി അനാസ്ഥ പുലർത്തുകയാണെന്ന് അവർ ആരോപിച്ചു.
തിങ്കളാഴ്ച രാത്രി 12 വരെ ഫോറസ്റ്റ് ഓഫിസ് ഉപരോധം തുടർന്നു. തുടർന്ന് ചൊവ്വാഴ്ച രാവിലെ ഉപരോധം കൂടുതൽ ശക്തമാക്കാൻ പ്രതിഷേധക്കാർ തീരുമാനിച്ചു. ഇതോടെ ചാലക്കുടിയുടെ വിവിധ മേഖലകളിൽനിന്ന് വിവിധ രാഷ്ട്രീയകക്ഷി പ്രവർത്തകരും സാമൂഹിക പ്രവർത്തകരും എത്തി പ്രതിഷേധത്തിൽ പങ്കാളികളായി. സനീഷ് കുമാർ ജോസഫ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഡേവീസ്, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. റിജേഷ്, ജില്ല പഞ്ചായത്ത് അംഗം ജെനീഷ് പി. ജോസ്, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം യു.പി. ജോസഫ്, സി.പി.എം ഏരിയ സെക്രട്ടറി കെ.എസ്. അശോകൻ, സി.പി.എം നേതാവ് അഡ്വ. വിജു വാഴക്കാല, കോൺഗ്രസ് നേതാവ് ജോസ് വള്ളൂർ, കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം ഡെന്നീസ് ആൻറണി, ബി.ജെ.പി നേതാവ് നാഗേഷ് തുടങ്ങി വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ ഉപരോധം നടത്തുന്നവർക്ക് പിന്തുണയുമായി എത്തി. അതോടെ പ്രതിഷേധം കനത്തു.
ഉപരോധം പിൻവലിക്കാൻ പ്രതിഷേധക്കാരുമായി ചർച്ച നടത്താൻ ഇരിങ്ങാലക്കുട ആർ.ഡി.ഒയെ അയച്ചെങ്കിലും സമരക്കാർ വഴങ്ങിയില്ല. കലക്ടർ നേരിട്ട് വരണമെന്ന് അവർ ശഠിച്ചു. ചാലക്കുടി ഡി.എഫ്.ഒ ചാരു മജുംദാർ എത്തിയതോടെ സമരക്കാരുടെ രോഷം പതഞ്ഞുപൊന്തി. ഇതേ തുടർന്ന് ഉച്ചയോടെ കലക്ടർ ഹരിത എത്തി. പിന്നീട് നടന്ന ചർച്ചയിൽ ഒത്തുതീർപ്പുണ്ടാവുകയായിരുന്നു. തുടർന്ന് സർവകക്ഷി യോഗവും ചേർന്നതിന് ശേഷമാണ് സമരക്കാർ പ്രതിഷേധ പരിപാടിക്ക് വിരാമമിട്ടത്.
അതിരപ്പിള്ളി: മുത്തശ്ശിയുടെ സഞ്ചയനത്തിന് പൂക്കൾ ശേഖരിക്കാൻ പോയ പൊന്നുമകളുടെ വാടിത്തകർന്ന ശരീരം തിരിച്ചെത്തിയപ്പോൾ അമ്മ അഞ്ജലിയുടെ ഹൃദയം തകർന്നു. കഴിഞ്ഞ രാത്രി മൃതദേഹം ചാലക്കുടി സെന്റ് ജയിംസ് ആശുപത്രി മോർച്ചറിയിലായിരുന്നു.
രാവിലെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ഉച്ചക്ക് 2.30ഓടെ അമ്മയെ ഒരുനോക്കു കാണിക്കാൻ കണ്ണംകുഴിയിൽ എത്തിക്കുകയായിരുന്നു. അമ്മ അഞ്ജലിക്കും ആഗ്നീമിയക്കും കോവിഡ് പോസിറ്റിവായതിനാൽ ഹ്രസ്വമായ ചടങ്ങാണ് ഉണ്ടായത്. അഞ്ചു മിനിറ്റ് ദർശനത്തിന് ശേഷം പുത്തൻചിറയിലേക്ക് സംസ്കരിക്കാൻ കൊണ്ടുപോയി. ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിയ കലക്ടർ ഹരിത വി. കുമാർ മൃതദേഹം ദർശിച്ചിരുന്നു. വി.ആർ. സുനിൽകുമാർ എം.എൽ.എ രാവിലെ മുതൽ ആശുപത്രിയിൽ ഉണ്ടായിരുന്നു.
മുത്തശ്ശി വള്ളിയുടെ മരണത്തെ തുടർന്ന് ഒരാഴ്ചയായി നിഖിലും കുടുംബവും ബന്ധുവീടുകളിലായി കണ്ണംകുഴിയിൽ ഉണ്ടായിരുന്നു. മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് തിരിച്ചു പോകാമെന്ന് കരുതിയാണ് സ്ഥലത്ത് തങ്ങിയത്. ചൊവ്വാഴ്ചയിലെ മരണാനന്തര ചടങ്ങിന് പൂക്കൾ ശേഖരിക്കാനാണ് ആഗ്നീമിയയും അച്ഛൻ നിഖിലും ബന്ധു ജയനും ചേർന്ന് തിങ്കളാഴ്ച വൈകീട്ട് സ്കൂട്ടറിൽ വീട്ടിൽനിന്ന് ഇറങ്ങിയത്. കണ്ണംകുഴി ക്ഷേത്രത്തിന് സമീപം പൂക്കൾ ശേഖരിച്ചു വരുമ്പോഴാണ് ഇവർ കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്.
എണ്ണപ്പനത്തോട്ടത്തിലെ ഇലക്ട്രിക് വേലിയിൽ തട്ടിയ കാട്ടാന പരിഭ്രാന്തിയോടെ റോഡിലേക്കെത്തിയപ്പോൾ ഇവർ സ്കൂട്ടർ തിരിച്ചുവെങ്കിലും മറിഞ്ഞു വീഴുകയായിരുന്നു. നിഖിലിനെയും ജയനെയും ആക്രമിക്കാനോടിച്ച കാട്ടാനയുടെ ചവിട്ടേറ്റാണ് ആഗ്നീമിയയുടെ ദാരുണാന്ത്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.