ആമ്പല്ലൂർ: കാട്ടാനയുടെ പരാക്രമത്തിൽ ലൈനിൽ മരം വീണ് വൈദ്യുതി വിച്ഛേദിക്കപ്പെട്ടതിനെ തുടർന്ന് നടാമ്പാടം കള്ളിച്ചിത്ര ആദിവാസി കോളനി ഇരുട്ടിൽ മുങ്ങിയത് മണിക്കൂറുകളോളം. സംഭവമറിഞ്ഞിട്ടും വൈകിയെത്തിയ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും കോളനിവാസികളും തമ്മിൽ വാക്കേറ്റം.
പ്രതിഷേധത്തിനൊടുവിൽ മണിക്കുറുകൾക്കുശേഷം പൊലീസ് കാവലിൽ വൈദ്യുതി പുനഃസ്ഥാപിച്ചു. നടാമ്പാടത്തെ കള്ളിച്ചിത്ര കോളനിയിൽ ശനിയാഴ്ച വൈകീട്ട് മൂന്നരയോടെയാണ് കാട്ടാന വൈദ്യുതി ലൈനിലേക്ക് മരം മറിച്ചിട്ടത്.
വൈദ്യുതി മുടങ്ങിയതോടെ കോളനിവാസികളും പഞ്ചായത്ത് അംഗവും അറിയിച്ചിട്ടും കെ.എസ്.ഇ.ബി അധികൃതർ എത്തിയില്ല. കാട്ടാനശല്യം രൂക്ഷമായ പ്രദേശത്ത് അടിയന്തരമായി വൈദ്യുതി പുനഃസ്ഥാപിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ, ജീവനക്കാർ കുറവാണെന്നും ആകെയുള്ള മൂന്ന് ജീവനക്കാരും പലയിടത്തായി ജോലിയിലാണെന്നുമാണ് വകുപ്പ് അധികൃതർ അറിയിച്ചത്.
വൈകീട്ട് ആറരയോടെ എത്തിയ ജീവനക്കാരെ കോളനിവാസികൾ തടഞ്ഞതോടെ വാക്കേറ്റമായി. തുടർന്ന് വകുപ്പ് അധികൃതർ മടങ്ങി. പിന്നീട് വരന്തരപ്പിള്ളി പഞ്ചായത്ത് അംഗം എം.ബി. ജലാൽ വൈദ്യുതി വകുപ്പ് ഓഫിസിലെത്തി പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. രാത്രി 9.30ന് വൈദ്യുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പ്രശ്നത്തിലി
ടപെട്ടു. പ്രശ്ന സാധ്യത കണക്കിലെടുത്ത് ജീവനക്കാർ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. ഇതിനിടെ വിഷയം ശ്രദ്ധയിൽപെട്ട സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി സുധീരൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് പൊലീസ് സംരക്ഷണം നൽകാൻ നിർദേശം നൽകി. തുടർന്ന് രാത്രി 11.30ന് വരന്തരപ്പിള്ളി എസ്.ഐ രഘുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കോളനിയിലെത്തി. തുടർന്ന് പൊലീസ് കാവലിൽ വൈദ്യുതി പുനഃസ്ഥാപിക്കുകയായിരുന്നു.
ആമ്പല്ലൂർ: പാലപ്പിള്ളി കാരികുളം പിള്ളത്തോട് ജനവാസ മേഖലയിൽ ഇരുപതോളം കാട്ടാനകളിറങ്ങി. ഞായറാഴ്ച രാവിലെ പത്തോടെ കാരികുളത്ത് വീട്ടുപറമ്പുകളിൽ നിലയുറപ്പിച്ച കാട്ടാനക്കൂട്ടത്തെ കണ്ട് വീട്ടുകാർ ഓടിരക്ഷപ്പെട്ടു. നാട്ടുകാർ പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയും ആനകളെ തുരത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
പിന്നീട് റബർ തോട്ടത്തിൽ കയറിയ ആനകൾ പിള്ളത്തോട് ഭാഗത്ത് എത്തി റോഡ് മുറിച്ചുകടന്ന് നടാപാടം ഭാഗത്തെ കാട്ടിലേക്ക് പോയി. വനപാലകരും പഞ്ചായത്ത് അംഗം എം.ബി. ജലീലും നാട്ടുകാരും ചേർന്നാണ് ആനകളെ തുരത്തിയത്. കാട് കയറിയ ആനകൾ വീണ്ടും നാട്ടിലെത്തുമെന്ന ആശങ്കയിലാണ് നാട്ടുകാർ. ചിമ്മിനി ഡാം റോഡിലെ പിള്ളത്തോട് ഭാഗത്ത് ആനകൾ ഇറങ്ങുന്നത് വാഹനയാത്രികർക്കും പേടിസ്വപ്നമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.