ആമ്പല്ലൂര്‍: തോട്ടം മേഖലയായ പാലപ്പിള്ളിയെ വിറപ്പിച്ച് കാട്ടാനക്കൂട്ടം. മുപ്പതോളം ആനകളാണ് ജനവാസ മേഖലയില്‍ ഇറങ്ങിയത്. ഇവിടെ ആദ്യമായാണ് ഇത്രയും ആനകള്‍ കാടിറങ്ങിയെത്തുന്നത്. കൂട്ടത്തില്‍ ആറോളം കുട്ടിയാനകളുമുണ്ട്.
തിങ്കളാഴ്ച പുലർച്ചെ പാലപ്പിള്ളി സെന്ററില്‍ എത്തിയ ആനകള്‍ വഴിയോരത്തെ മീന്‍കട തകര്‍ത്തു. കുട്ടിപ്പാലത്തിന് സമീപം പെരുവംകുഴിയില്‍ മൂസയുടെ പറമ്പിലെത്തി വ്യാപകമായി കൃഷി നശിപ്പിച്ചു. ചിന്നംവിളി കേട്ടാണ് നാട്ടുകാര്‍ കാട്ടാനകളിറങ്ങിയ വിവരം അറിഞ്ഞത്.
തോട്ടം തൊഴിലാളികളുടെ പാഡികളും നിരവധി വീടുകളും കച്ചവട സ്ഥാപനങ്ങളുമുള്ള പാലപ്പിള്ളി സെന്ററിലെ റോഡില്‍ നിലയുറപ്പിച്ച ആനകള്‍ ഏറെനേരം കഴിഞ്ഞാണ് പിന്‍വാങ്ങിയത്. രണ്ടാഴ്ചയായി 42ഓളം കാട്ടാനകള്‍ മേഖലയില്‍ ഉള്ളതായി പ്രദേശവാസികള്‍ പറയുന്നു. ഇവ കൊച്ചിന്‍ മലബാര്‍, ഹാരിസണ്‍സ് തോട്ടങ്ങളില്‍ തമ്പടിച്ചിരിക്കുകയാണ്. കൂട്ടത്തില്‍ കുട്ടിയാനകള്‍ ഉള്ളതിനാൽ മനുഷ്യരെ ആക്രമിക്കാന്‍ ഇടയുള്ളതായും ഭീതിയോടെയാണ് ടാപ്പിങ്ങിന് പോകുന്നതെന്നും തോട്ടം തൊഴിലാളികള്‍ പറയുന്നു.
പാലപ്പിള്ളിയിലും സമീപ പ്രദേശങ്ങളിലും വര്‍ഷങ്ങളായി കാട്ടാനയിറങ്ങി കൃഷി നശിപ്പിക്കുകയും വീടുകള്‍ക്ക് നാശം വരുത്തുകയും ചെയ്യുന്നുണ്ട്. അതേസമയം, ഇത്രയേറെ കാട്ടാനകള്‍ കൂട്ടത്തോടെ ചിമ്മിനി വനത്തില്‍നിന്ന് നാട്ടിലെത്തുന്നത് ആദ്യമായാണ്.
വനപാലകരും നാട്ടുകാരും പാട്ട കൊട്ടിയും പടക്കം പൊട്ടിച്ചും ആനകളെ തുരത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും കാടുകയറാതെ റബര്‍ തോട്ടത്തില്‍ തമ്പടിക്കുന്ന കാട്ടാനകള്‍ ഇരുട്ട് പരക്കുമ്പോള്‍ വീണ്ടും ജനവാസ മേഖലയില്‍ എത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.