അതിരപ്പിള്ളി: അതിരപ്പിള്ളിയിലും മലയോരമേഖലയിലും കാട്ടാന ഉണ്ടാക്കുന്ന നഷ്ടങ്ങളിൽ പ്രതിഷേധിച്ച് നാട്ടുകാർ. തിങ്കളാഴ്ച രാവിലെയും പിള്ളപ്പാറ ഭാഗത്ത് കാട്ടാന പ്രത്യക്ഷപ്പെട്ടിരുന്നു. ഇവയെ നിയന്ത്രിക്കണമെന്ന നാട്ടുകാരുടെ ആവശ്യം വനരോദനമായി പരിണമിക്കുകയാണ്. അതിന്റെ പരിണതഫലമാണ് തിങ്കളാഴ്ച വൈകീട്ട് അഞ്ച് വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. നടപടിയില്ലെങ്കിൽ ഇനിയും ഇത് ആവർത്തിക്കുമെന്ന ആശങ്കയാണവർക്ക്.
ആനമല റോഡിൽ തുമ്പൂർമുഴി മുതൽ മലക്കപ്പാറ വരെയുള്ള ഭാഗത്ത് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും ജീവന് ഭീഷണിയായി നാളുകളായി കാട്ടാന വിളയാട്ടമാണ്. ഏതു നിമിഷവും കാട്ടാനകൾ റോഡ് മുറിച്ചുകടക്കാം. ബൈക്കുകളിലെയും മറ്റ് ചെറു വാഹനങ്ങളിലെയും യാത്രക്കാർ തലനാരിഴയ്ക്കാണ് പലപ്പോഴും ദുരന്തങ്ങളിൽനിന്ന് രക്ഷപ്പെടുന്നത്. ചിലപ്പോൾ അവ കൂട്ടത്തോടെ റോഡിൽ നിൽക്കുന്നതോടെ മണിക്കൂറുകളോളം യാത്ര മുടങ്ങും. ചിലത് വഴിയോരത്തെ മുളകൾ പറിച്ച് തിന്ന് നിൽക്കുന്നതും പതിവാണ്.
കോവിഡ് കാലത്ത് വാഹനങ്ങൾ കുറഞ്ഞതോടെയാണ് ഇവ റോഡിൽ നിറഞ്ഞത്. ചൂട് വർധിച്ചതോടെ കാട്ടിൽ ജലം കുറഞ്ഞത് മൂലം വെള്ളം തേടി ചാലക്കുടിപ്പുഴയിലേക്ക് കൂട്ടമായി എത്തുന്നു. കാട്ടിൽനിന്ന് പുഴയിലേക്കുള്ള യാത്രയിൽ അവയ്ക്ക് റോഡ് മുറിച്ച് കടക്കേണ്ടി വരുന്നു. പുഴയോരത്തെ എണ്ണപ്പന തോട്ടത്തിലേക്ക് ഭക്ഷണം തേടിയുള്ള വരവും പതിവാണ്. ഇതിനിടയിൽ പ്രദേശവാസികളുടെ വേലിയും മതിലും കൃഷിയും തകർത്ത് പറമ്പുകളിലൂടെ കയറിയിറങ്ങുകയാണ്.
മലയോരമേഖലയിലെ കർഷകർ തീരാദുരിതത്തിലാണ്. ഇതിനെതിരെ നിരവധി പരാതികൾ വനപാലകർക്ക് നൽകിയെങ്കിലും പരിഹാരമില്ല. കാട്ടാന ശല്യം എന്ന വാക്കേ ഉച്ചരിക്കാൻ പാടില്ലെന്നാണ് ഇവരുടെ ശാസന. കാട്ടാനകളുടെ ഉപദ്രവത്തിൽനിന്ന് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ഫോറസ്റ്റ് റേഞ്ച് ഓഫിസും ചാലക്കുടിയിലെ ഡി.എഫ്.ഒ ഓഫിസും ഉപരോധിച്ചിട്ടും അധികാരികൾ അനങ്ങുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
ചാലക്കുടി: അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സനീഷ് കുമാർ ജോസഫ് എം.എൽ.എ സന്ദർശിച്ചു. വർധിച്ചുവരുന്ന വന്യമൃഗശല്യം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചുകൂട്ടാൻ തീരുമാനിച്ചിട്ടുണ്ടെന്ന് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.