അതിരപ്പിള്ളി: മൂന്ന് ഡിവിഷൻ മുഴുവൻ തിരഞ്ഞിട്ടും വനംവകുപ്പിന് കാണാൻ പറ്റാത്ത തുമ്പിക്കൈ കുരുങ്ങിയ കാട്ടാന ആനക്കയം വനമേഖലയിൽ വിഹരിക്കുന്നു. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറായ വൈപ്പിൻ സ്വദേശി വി.എസ്. ഷാനു തുമ്പിക്കൈ കുരുങ്ങിയ കാട്ടാനയുടെ പുതിയ ചിത്രം പുറത്തുവിട്ടു.
കഴിഞ്ഞദിവസം ആനക്കയത്ത് പുൽമേട്ടിലാണ് ആനയെ കണ്ടത്. തുമ്പിക്കൈ മുറിഞ്ഞ നിലയിൽ തന്നെയാണ് ഫോട്ടോയിൽ കാണപ്പെടുന്നത്. ജനുവരി മൂന്നിനാണ് അവസാനമായി ആനയെ കണ്ടത്.
പെരിങ്ങൽക്കുത്ത് ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മറ്റ് ആനകൾക്കൊപ്പമാണുണ്ടായിരുന്നത്. ഇതുസംബന്ധിച്ച് ‘മാധ്യമം’വാർത്ത നൽകിയതോടെ സി.സി.എഫ് ഇതിനെ കണ്ടെത്തി ചികിത്സ നൽകാൻ ഉത്തരവിട്ടിരുന്നു. എന്നാൽ, അതിനായി തിരച്ചിൽ നടത്തിയെന്നും കണ്ടെത്താനായില്ലെന്നും അത് സ്ഥലം വിട്ടുവെന്നും മറ്റും വാഴച്ചാൽ ഡി.എഫ്.ഒ മറുപടി നൽകുകയായിരുന്നു.
അതിനിടയിലാണ് വീണ്ടും കാട്ടാന വീണ്ടും കാമറക്കണ്ണിൽപെട്ടത്. 2018ല് ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവർത്തകനുമായ വ്യക്തിയാണ് തുമ്പിക്കൈയിൽ കരുക്കുവീണ കാട്ടാനയെ കണ്ടെത്തിയത്. ഇതിന്റെ ചിത്രമെടുത്ത് ദയനീയാവസ്ഥ വനംവകുപ്പിനെ അറിയിച്ചിരുന്നു.
എന്നാൽ, അന്ന് കാര്യമായ നടപടിയുണ്ടായില്ല. ഇതിനെ തുടർന്ന് കഴിഞ്ഞ മൂന്നിന് പാലക്കാട്ടുനിന്നെത്തിയ ഫോട്ടോഗ്രാഫർമാർ ഈ കാട്ടാനയെ വീണ്ടും കണ്ടെത്തി ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയായിരുന്നു. ആനയെ കണ്ടെത്താൻ വനംവകുപ്പ് ജീവനക്കാരുടെ മൂന്ന് ടീമുകളായി വനത്തിൽ തിരച്ചിലിൽ നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് വനംവകുപ്പ് അവകാശപ്പെട്ടത്.
വനംവകുപ്പിന്റെ തിരച്ചിലിലോ കാമറക്കെണിയിലോ പെടാതെ വാഴച്ചാൽ ഡിവിഷനിലെ ആനക്കയത്തുതന്നെയുണ്ട് എന്നതാണ് പുതിയ ഫോട്ടോകൾ തെളിയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.