കോടാലി: മറ്റത്തൂര്‍-വരന്തരപ്പിള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുരിക്കുങ്ങല്‍- മുപ്ലി റോഡില്‍ പകല്‍ സമയത്ത് കാട്ടാനകളിറങ്ങി തുടങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലായി. ഹാരിസണ്‍, കൊച്ചിന് മലബാര്‍ എസ്റ്ററ്റുകളിലേക്കും മുപ്ലി ഗ്രാമത്തിലേക്കുമുള്ള യാത്രക്കാര്‍ സഞ്ചരിക്കുന്ന റോഡിലാണ് പകല്‍ സമയത്ത് കാട്ടനകളിറങ്ങുന്നത്. വനംവകുപ്പിന്റെ തേക്കുതോട്ടത്തിലൂടെ കടന്നുപോകുന്നതാണ് ഈ റോഡ്.
നാലുവര്‍ഷത്തിനിടെ അഞ്ചുപേരെ ഈ റോഡില്‍ വെച്ച് കാട്ടാന ആക്രമിച്ചിട്ടുള്ളതിനാല്‍ ഭയത്തോടെയാണ് നാട്ടുകാര്‍ ഇതുവഴി കടന്നുപോകുന്നത്. തേക്കുതോട്ടത്തിലൂടെ റോഡ് കടന്നുപോകുന്ന ഭാഗത്ത് കുറച്ചു ദൂരം മാത്രമേ വഴിവിളക്കുകള്‍ സ്ഥാപിച്ചിട്ടുള്ളു. വേനല്‍ ശക്തമാകാന്‍ തുടങ്ങിയതോടെ തീറ്റയും വെള്ളവും തേടി കാട്ടാനകള്‍ ജനവാസകേന്ദ്രങ്ങളിലെത്താന് തുടങ്ങിയതോടെ വനാതിര്‍ത്തി ഗ്രാമങ്ങളില്‍ ഇനിയുള്ള നാളുകളില്‍ കാട്ടാന ശല്യം വര്‍ധിക്കും. വനാതിര്‍ത്തി ഗ്രാമങ്ങളിലെ കൃഷിതോട്ടങ്ങളിലുള്ള നൂറുകണക്കിനു പ്ലാവുകളിലെ ചക്ക തേടിയും കാട്ടാനക്കൂട്ടങ്ങളെത്തുന്നുണ്ട്. ചക്ക പഴുത്തുതുടങ്ങിയാല്‍ കാട്ടാന ശല്യം ഇനിയും വര്‍ധിക്കും.
അതിനിടെ, മറ്റത്തൂരിലെ മലയോര കര്‍ഷക ഗ്രാമങ്ങളില്‍ കാട്ടാനകളുടെ വിളയാട്ടം തുടരുന്നു. കഴിഞ്ഞ രാത്രി മുരുക്കുങ്ങല്‍ താളൂപ്പാടം പ്രദേശത്തെ കൃഷിയിടത്തിലിറങ്ങിയ കാട്ടാനക്കൂട്ടം വ്യാപകമായി വാഴകൃഷി നശിപ്പിച്ചു. താളൂപ്പാടത്തുള്ള പടിഞ്ഞാറന്‍കാരന്‍ ജിജോയുടെ കൃഷിതോട്ടത്തിലെ നൂറ്റമ്പതോളം വാഴകളാണ് കാട്ടാനകള്‍ ഞായറാഴ്ച രാത്രി നശിപ്പിച്ചത്. ഏഴാനകളടങ്ങിയ കൂട്ടമാണ് പുലര്‍ച്ച തോട്ടത്തിലിറങ്ങി വാഴകള്‍ ഒടിച്ചിട്ടത്. ഏതാനും മാസം കഴിഞ്ഞാല്‍ വിളവെടുക്കേണ്ടതായിരുന്നു. ഇരുപതോളം അടക്കാമരങ്ങളും കാട്ടാനകള്‍ നശിപ്പിച്ചു.
ജനങ്ങളുടെ ജീവനും കാര്‍ഷിക വിളകള്‍ക്കും ഭീഷണിയായി വിലസുന്ന കാട്ടാനക്കൂട്ടങ്ങള്‍ ജനവാസകേന്ദ്രത്തിലേക്ക് ഇറങ്ങാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പഞ്ചായത്ത് അംഗം ലിന്റോ പള്ളിപറമ്പന്‍ ആവശ്യപ്പെട്ടു.
മാസങ്ങളായി ഈ കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യം മേഖലയിലുണ്ട്. ഇഞ്ചക്കുണ്ട്, പരുന്തുപാറ, പത്തുകുളങ്ങര, താളൂപ്പാടം, പോത്തന്‍ചിറ എന്നിവിടങ്ങളിലെ ജനവാസകേന്ദ്രത്തില്‍ പതിവായി ഇറങ്ങുന്ന കാട്ടാനക്കൂട്ടത്തെ ദൂരെയുള്ള റിസര്‍വ് വനത്തിലേക്ക് തുരത്താന്‍ വനംവകുപ്പ് അധികൃതര്‍ അടിയന്തര നടപടിയെടുക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.