കാട്ടുപോത്ത് ആക്രമണത്തിനിരയായ ഈറ്റത്തൊഴിലാളി കുടുംബം ദുരിതത്തിൽ

വിതുര: 'ഈറ്റ നെയ്തു കിട്ടുന്ന തുച്ഛമായ വേതനത്തിലാണ്​​ കുടുംബം പട്ടിണിയില്ലാതെ കഴിഞ്ഞിരുന്നത്. ഇനി എത്രനാൾ കഴിഞ്ഞാലാണ് ഭർത്താവിന് പണിക്ക് പോകാൻ കഴിയുക എന്നറിയില്ല. വനപാലകരാരും ഇതേവരെ തിരിഞ്ഞുനോക്കീട്ടില്ല. ഞങ്ങളെപ്പോലെ പാവപ്പെട്ട മനുഷ്യർ മൃഗങ്ങളെ പേടിച്ച്​ കഴിയുകയാണ്' -കാട്ടുപോത്ത് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിതുര തേവിയോട് ഈറ്റത്തൊഴിലാളി ബാബുവിന്‍റെ (60) ഭാര്യ മോളിയുടെ വാക്കുകളാണിത്. ഇനിയും പട്ടയം കിട്ടാത്ത ഭൂമിയിൽ കാടിനോടും കാട്ടുമൃഗങ്ങളോടും പടവെട്ടിയാണ് ബാബുവും നിർധന കുടുംബവും പതിറ്റാണ്ടുകളായി ഇവിടെ ജീവിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച വീടിനുമുന്നിൽ നിൽക്കവേ പാഞ്ഞെത്തിയ കാട്ടുപോത്ത് ബാബുവിനെ ഇടിച്ചുവീഴ്​ത്തുകയും നിലത്തിട്ട് ശരീരത്തിൽ കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. നെഞ്ചി​ൻെറ ഇടതുഭാഗത്ത് ആഴത്തിൽ മുറിവേറ്റു. ഇപ്പോഴത്തെ അവസ്ഥയിൽ നാലഞ്ച് മാസമെങ്കിലും കഴിഞ്ഞാൽ മാത്രമേ എണീറ്റ്​ നടക്കാനെങ്കിലും സാധിക്കൂ. ഒരാഴ്ചയിലധികമായി തേവിയോട് ഭാഗത്തെ റബർ തോട്ടത്തിൽ ഒരു കാട്ടുപോത്ത് ചുറ്റിനടക്കുകയാണ്. വിതുര പഞ്ചായത്തിലെ മരുതാമല, മണിതൂക്കി, പൊന്നാംചുണ്ട്, ശാസ്താംകാവ് തുടങ്ങിയ പ്രദേശങ്ങളും സമീപ പഞ്ചായത്തായ പെരിങ്ങമ്മലയിലെ തെന്നൂർ, അരയക്കുന്ന്​, സൂര്യകാന്തി, ഞാറനീലി, കാട്ടിലക്കുഴി എന്നിവിടങ്ങളും കാട്ടുപോത്ത്ഭീതിയുടെ നടുവിലാണ്. ജനങ്ങളെ ആക്രമിക്കാൻ ശ്രമിക്കുന്നതിനാൽ പുറത്തിറങ്ങാൻ ഭയന്ന് സ്ത്രീകളും കുട്ടികളും വീടുകളിൽ തന്നെ കഴിയേണ്ട ദുരവസ്ഥയാണ്. മലയോരപഞ്ചായത്തുകളിൽ വന്യജീവി ശല്യത്താൽ കൃഷിനാശം നേരിടുന്ന കർഷകരുടെ എണ്ണവും പെരുകുകയാണ്. നാശനഷ്ടം നേരിടുന്നവർക്ക് നഷ്ടപരിഹാരം നൽകാനോ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്താനോ വനംവകുപ്പ് ഉണർന്നുപ്രവർത്തിക്കുന്നില്ലെന്ന പരാതി മലയോരമേഖലയിൽ വ്യാപകമാണ്. അതേസമയം വനംവകുപ്പി​ൻെറ നിഷേധാത്മക നിലപാട് മലയോരവാസികളോടുള്ള വെല്ലുവിളിയാണെന്നും കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് അടിയന്തര നഷ്ടപരിഹാരം അനുവദിക്കാൻ വനംവകുപ്പ് തയാറാകണമെന്നും സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് വനം ഓഫിസിനുമുന്നിൽ സമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.